ദളിതരുടെ പ്രക്ഷോഭത്തില്‍ ഞെട്ടിത്തരിച്ച് ബി.ജെ.പി.

_90574579_mediaitem90574578അഹമ്മദാബാദ്: ഗുജറാത്തില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ അക്രമം അഴിച്ച് വിടുന്നതില്‍ പ്രതിഷേധിച്ച് ദളിതര്‍ നടത്തിയ പ്രക്ഷോഭ റാലി ഗുജറാത്തില്‍ ബിജെപിയെ ഞെട്ടിച്ചു. ഉനയില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞ ദളിത് യുവാക്കളെ ഗോവധം ആരോപിച്ച് ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയ യുവാവ് മരിച്ചതിന് പിന്നാലെയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

തങ്ങളുടെ ശക്തി പ്രകടനം കാണിച്ച് പതിനായിരക്കണക്കിന് ദളിതരാണ് തെരുവിലിറങ്ങിയത്. വര്‍ഷങ്ങളായി ഭരിക്കുന്ന ബിജെപിക്ക് ഏറ്റ അടിയായി മാറി ദളിത് മഹാ സമ്മേളനം. 2017 ല്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ദളിത് ശക്തിയെ ബിജെപി തിരിച്ചറിയണമെന്ന മുന്നറിയിപ്പും സമ്മേളനത്തില്‍ നേതാക്കള്‍ നല്‍കി. ദളിതരെന്നതിനാല്‍ തങ്ങള്‍ നേരിടേണ്ടി വരുന്ന അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നതു വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. ഉന നഗരത്തിലേക്ക് വന്‍ ദളിത് പങ്കാളിത്തത്തോടെ മാര്‍ച്ച് നടത്താനും പദ്ധതിയുണ്ട്.

ജൂലൈ 11 ന് ദലിത് യുവാക്കളെ പൊതുജനമധ്യേ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തെ തുടര്‍ന്നാണ് ദളിതര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംഭവസ്ഥലമായ ഉനയിലേക്ക് ആഗസ്റ്റ് അഞ്ചിന് വന്‍ റാലിക്കാണ് ദളിതര്‍ പദ്ധതിയിടുന്നത്. പ്രതിഷേധത്തിന്റെ ആദ്യപടിയായി ഇനി മുതല്‍ സംസ്ഥാനത്ത് ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന പണിയെടുക്കില്ലെന്ന് ദളിതര്‍ പ്രഖ്യാപിച്ചു.
ഗുജറാത്തില്‍ ദളിതര്‍ കൂടുതലും അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതു പോലെയുള്ള ജോലികളാണ് ചെയ്യുന്നത്. ഇനിമുതല്‍ ഇത്തരം പണികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ദളിത് സംഘങ്ങള്‍ പറഞ്ഞു. ഗുജറാത്തില്‍ ഉയര്‍ന്നുവരുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് ദയനീയമായ പരാജയമായിരിക്കുമെന്നും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പറഞ്ഞു.

ഉന സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പാണ് അഹമ്മദാബാദില്‍ ദളിത് മഹാസംഗം നടന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുവര്‍ഷം മാത്രം അകലെ നില്‍ക്കുമ്പോള്‍ ബിജെപിയെ വിറപ്പിക്കുന്നതാണ് ദളിതരുടെ ഈ മുന്നേറ്റം. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ ഏഴ് ശതമാനം ദളിതരാണ്. എന്നാല്‍, 17 ശതമാനം വരുന്ന പട്ടേല്‍ വിഭാഗവും ഇപ്പോള്‍ ബിജെപിക്ക് എതിരായി നില്‍ക്കുന്ന സാഹചര്യത്തില്‍, 16 വര്‍ഷത്തിലേറെയായി ബിജെപി തുടര്‍ ഭരണം നടത്തുന്ന മോഡിയുടെ ഗുജറാത്തില്‍ പാര്‍ട്ടി അനുദിനം പ്രതിരോധത്തിലാവുകയാണ്.

https://youtu.be/M9pbrKYNCWY

Print Friendly, PDF & Email

Related posts

Leave a Comment