Flash News

ലോകം റിയോ ഡി ജനീറോയിലേക്ക്

August 5, 2016

olympics viseshangal sizedറിയോ ഡി ജനീറോ: കാല്‍പ്പന്തുകളിയുടെ പറുദീസയില്‍ ഒളിംപിക്സിന് നാളെ ഔദ്യോഗിക തുടക്കം. റിയോയില്‍ മരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30ന് ഔദ്യോഗിക തുടക്കമാകും. ഉദ്ഘാടനത്തിന് മുന്‍പായി അമ്പെയ്ത്ത് മത്സരങ്ങള്‍ നടക്കും. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി ആദ്യ മത്സരത്തിനിറങ്ങും. കനത്ത സുക്ഷയണ് ഒളിംപിക്സനോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ സാംപിള്‍ വെടിക്കെട്ടു കണക്കിലെടുത്താല്‍ കേമമായേക്കും ഒളിംപിക്സ് തുടക്കം. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ഏറെ ചെലവു ചുരുക്കിയാണ് ഇക്കുറി ഉദ്ഘാടനമെങ്കിലും വിസ്മയക്കാഴ്ചകള്‍ ലോകം പ്രതീക്ഷിക്കുന്നുണ്ട്. ഫുട്ബോള്‍ ഇതിഹാസം പെലെയാണ് ഒളിംളിപിക്സ് ദീപം തെളിയിക്കുക. രാജ്യാന്തര ഒളിംപിക് സമിതി പ്രസിഡന്‍റ് തോമസ് ബാക്കും ബ്രസീലിയന്‍ ഒളിംപിക് സമിതി മേധാവി കാര്‍ലോസ് ആര്‍തര്‍ നുസ്മാനുമാണ് ദീപം തെളിയിക്കണമെന്നാവശ്യപ്പെട്ട് പെലെയ്ക്കു കത്തയച്ചത്. ബ്രസീലുകാരനെന്ന നിലയില്‍ ഈ ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് പെലെ പറഞ്ഞു.

ഏതന്‍സിലും ബെയ്ജിങ്ങിലും ലണ്ടനിലും സാക്ഷ്യംവഹിച്ച പണക്കൊഴുപ്പുള്ള ഉദ്ഘാടനം റിയോയില്‍ പ്രതീക്ഷിക്കേണ്ടെന്ന് ഉദ്ഘാടനച്ചടങ്ങുകളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മാര്‍ക്കോ ബാലിച്ച് വെളിപ്പെടുത്തി. 1930കള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിലായതോടെയാണ് ബ്രസീല്‍ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചത്. ആമസോണ്‍ കാടുകളുടെ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികള്‍ ഉദ്ഘാടനച്ചടങ്ങുകളുടെ മുഖ്യ ആകര്‍ഷണമാകും. ബ്രസീലിന്‍റെ പരമ്പരാഗത ഭംഗികളും സംഗീതനൃത്ത പാരമ്പര്യവും ഇഴചേരുന്നതാകും ചടങ്ങുകള്‍. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ലോകത്തെ അറിയിക്കേണ്ടത് ഒളിംപിക്സ് പോലുള്ള വലിയ വേദികളുടെ കടമയാണെന്നും സംഘാടകര്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരങ്ങളെ ഔദ്യോഗികമായി സ്വീകരിച്ചു. ഒളിംപിക്സിന്‍റെ പരമ്പരാഗത ശൈലിയിലായിരുന്നു ടീമിനെ സംഘാടകര്‍ സ്വീകരിച്ചത്. ടീമിനെ ബ്രസീലിയന്‍ നാടോടി നൃത്തത്തിന്‍റെ അകമ്പടിയോടെയാണ് വേദിക്കരികിലേക്ക് ആനയിച്ചത്. ഇന്ത്യക്കു പുറമേ ബഹാമസ്, ബുര്‍കിനോ ഫാസോ, ഗാംബിയ, നോര്‍വെ എന്നീ നാലു ടീമുകള്‍ക്കു കൂടി സ്വീകരണം നല്‍കി. നാലാമതായാണ് ഇന്ത്യയെ വരവേറ്റത്.

വില്ലേജിലെത്തിയ ഒട്ടുമുക്കാലും ഇന്ത്യന്‍ താരങ്ങളും എത്തിയിരുന്നു. ഷൂട്ടര്‍മാരായ ജിതു റായി, പ്രകാശ് നഞ്ചപ്പ, ഗുര്‍പ്രീത് സിംഗ്, ചെയിന്‍ സിംഗ്, നീന്തല്‍ താരങ്ങളായ സജന്‍ പ്രകാശ്, ഷിവാനി ഖട്ടാരിയ, വനിതാ ഹോക്കി ടീം, അത്‌ലറ്റുകളായ മുഹമ്മദ് അനസ്, ജിന്‍സണ്‍ ജോണ്‍സണ്‍, കുഞ്ഞുമുഹമ്മദ്, ഖുഷ്ബീര്‍ കൗര്‍, മന്‍പ്രീത് കൗര്‍, അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി സി.കെ. വത്സന്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. പല ദിവസങ്ങളിലായി ഒളിംപിക് വില്ലേജിലെത്തിയ താരങ്ങള്‍ വളരെ ആവേശത്തിലായിരുന്നു.

പണം കുറച്ചതൊന്നും ഒളിംപിക്സിനെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ പൊലിമയൊട്ടും കുറയാത്ത കാഴ്ചകള്‍ ഇവിടെ പ്രതീക്ഷിക്കാം. ഉദ്ഘാടനച്ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണമായ ദീപശിഖാജ്വലനവും പതിഞ്ഞ രീതിയിലായേക്കും. സ്റ്റേഡിയത്തിനുള്ളില്‍ മാത്രം കാണാവുന്ന വിധത്തിലാകും ഇതിന്‍റെ സ്ഥാനമെന്നും സൂചനയുണ്ട്. കിലോമീറ്ററുകളോളം അകലെപ്പോലും കാണാവുന്ന വിധത്തിലായിരുന്നു മുന്‍കാലങ്ങളിലെ പല ദീപശിഖാജ്വലനവും. 11,000 കായികതാരങ്ങള്‍ക്കും അയ്യായിരത്തില്‍ താഴെ കാണികള്‍ക്കും മാത്രമാണു സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top