Flash News

കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതേണ്ട; മാണിക്ക് ചെന്നിത്തലയുടെ പരോക്ഷ താക്കീത്; തങ്ങളെയും ആരും വിരട്ടേണ്ടെന്ന് ചെന്നിത്തലക്ക് മാണിയുടെ തിരിച്ചടി

August 6, 2016

800x480_IMAGE56420900തിരുവനന്തപുരം: യു.ഡി.എഫ് വിടുമെന്ന ഉമ്മാക്കി കാട്ടി ഭയപ്പെടുത്തുന്ന കെ.എം മാണിക്ക് രമേശ് ചെന്നിത്തലയുടെ താക്കീത്. കോണ്‍ഗ്രസിനെ വിരട്ടിക്കളയാമെന്ന് ആരെങ്കിലും കരുതിയാല്‍ അത് നടക്കില്ളെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ മാണി, തങ്ങളെയും ആരും വിരട്ടേണ്ടന്ന് മറുപടി നല്‍കി.

പാലക്കാട് ഡി.സി.സി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനത്തിലാണ് ചെന്നിത്തല മാണിക്ക് മുന്നറിയിപ്പ് നല്‍കിയത്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് എക്കാലത്തും മാന്യമായ സമീപനമാണ് പുലര്‍ത്തിപ്പോരുന്നത്. എല്ലാ കക്ഷികളേയും ഒരുപോലെ കാണുന്ന രീതിയാണ് പാര്‍ട്ടിയുടേത്. ന്യായമായ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും യു.ഡി.എഫ് തയാറാണ്. അതിനപ്പുറം കോണ്‍ഗ്രസിനെ വിരട്ടിക്കളയാമെന്ന മനോഭാവം ശരിയല്ല. പാര്‍ട്ടിക്കും മുന്നണിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയം അതുകൊണ്ടുണ്ടായതാണ്. തെറ്റു തിരുത്തി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിനെ ആരും വിരട്ടാന്‍ നോക്കേണ്ടന്ന് കെ.എം. മാണി തിരിച്ചടിഞ്ഞു. ചെന്നിത്തലയുടെ താക്കീത് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ചരല്‍ക്കുന്നില്‍വച്ച് മാണി തിരിച്ചടി നല്‍കിയത്. മാണി ഇടതുമുന്നണിയില്‍ കണ്ണുവെക്കേണ്ടന്ന് പ്രസ്താവന നടത്തിയ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയും വെറുതെവിട്ടില്ല. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നറിയാവുന്ന കുറുക്കനാണ് പന്ന്യന്‍ എന്നായിരുന്നു പരിഹാസം.

കേരള കോണ്‍ഗ്രസിന് ആരുടെയും പിന്നാലെ നടക്കുന്ന ചരിത്രമില്ല. ആവശ്യമുള്ളവര്‍ ഇങ്ങോട്ടുവരും. പാരമ്പര്യവും തറവാടിത്തവും ഉള്ള പ്രസ്ഥാനമാണിത്. സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകും. ഒരു മുന്നണിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ല. ശരി എന്തെന്ന് തിരിച്ചറിഞ്ഞ് അതിനൊപ്പം നില്‍ക്കാനാണ് തീരുമാനം. അതിനാല്‍, പന്ന്യന്‍െറ പ്രസ്താവനക്ക് പ്രസക്തിയില്ല. മുന്നണിയില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആരോടും പറഞ്ഞിട്ടില്ല. അതാണ് ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി. തങ്ങള്‍ക്ക് തറവാടിത്തമുണ്ടെന്ന കാര്യം പന്ന്യന്‍ മറക്കരുത്- മാണി പറഞ്ഞു.

കോണ്‍ഗ്രസിന്‍െറ വോട്ടുവാങ്ങി വിജയിച്ച മാണിയും എം.എല്‍.എമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബിനെയും മാണിവെറുതെവിട്ടില്ല. ജേക്കബിന് എന്ത് ധാര്‍മികതയാണുള്ളത്. കോണ്‍ഗ്രസുകാര്‍ കേരള കോണ്‍ഗ്രസിന്‍െറ വോട്ട് വാങ്ങിയിട്ടില്ലേ ?. അതുകൊണ്ട് അവരും രാജിവെക്കണം. അതാണ് മര്യാദ -മാണി ക്ഷോഭത്തോടെ പ്രതികരിച്ചു. ഞങ്ങള്‍ വേറിട്ടുപോകാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസുകാര്‍ കുറ്റംപറയരുത്. ഞങ്ങള്‍ കൂടി രൂപംകൊടുത്തതാണ് യു.ഡി.എഫ്. അന്തിമ നിലപാട് പിന്നീട് പറയാം. പക്ഷെ വ്യസനത്തോടെ പറയട്ടെ എന്തായാലും നിലപാട് മാറ്റേണ്ടിവരും. അത് ഞായറാഴ്ച പറയാം -മാണി കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എമ്മിനെക്കുറിച്ച് പലര്‍ക്കും ഒന്നും അറിയില്ല. അറിയാത്തവര്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും മാണി മുന്നറിയിപ്പുനല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top