Flash News

ഒരു മകന്‍ വീട് വിട്ടുപോകുന്ന ദുഃഖഭാരത്തോടെ യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കുന്നു- കെ.എം. മാണി

August 7, 2016

maniകോട്ടയം: ഒരു മകന്‍ വീട് വിട്ടുപോകുന്ന ദുഃഖഭാരത്തോടെയാണ് യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. ഒട്ടും സന്തോഷത്തോടെയല്ല ഈ തീരുമാനം. യു.ഡി.എഫിനെ വളര്‍ത്തി വലുതാക്കിയത് കേരള കോണ്‍ഗ്രസും കൂടി ചേര്‍ന്നാണ്. നനച്ചു നട്ടുവളര്‍ത്തിയ മുന്നണി വിടാതിരിക്കാന്‍ നിവൃത്തിയില്ല. ആരോടും പകയില്ല, വിദ്വേഷവുമില്ല. ശപിച്ചുകൊണ്ടല്ല പുറത്തേക്കു പോകുന്നത്. യു.ഡി.എഫിന് നന്മവരട്ടെയെന്ന് പറഞ്ഞാണ് പോകുന്നത്. നേരത്തേ തന്നെ ഈ തീരുമാനം എടുക്കേണ്ടതായിരുന്നു. സഹിച്ചും ക്ഷമിച്ചും ഇത്രയും നാള്‍ നില്‍ക്കുകയായിരുന്നു.

ഇപ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. എല്‍.ഡി.എഫിലേക്കും എന്‍.ഡി.എയിലേക്കുമില്ല. സ്വതന്ത്രമായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ സംസാരിക്കാന്‍ തോന്നും. അതുപോലെ എല്ലാവരും കേരള കോണ്‍ഗ്രസിനോട് താല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലേക്ക് തിരച്ചുവരണമെന്ന ആഗ്രഹമേയില്ല. പോയി കഴിഞ്ഞാല്‍ എന്തെല്ലാം പറയാം. ഇനിയും ഒത്തിരി പറയും. എന്തുവേണമെങ്കിലും പറയട്ടെ. വീട്ടില്‍ സ്നേഹമില്ളെങ്കില്‍ അവിടെ തുടരാന്‍ കഴിയില്ല. സ്നേഹം, വിശ്വാസം ഇത് നഷ്ടപ്പെട്ടാല്‍ പിന്നെ ഒപ്പം നില്‍ക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ശത്രുവായിട്ടാണ് കാണുന്നത്. മറ്റ് ഘടകകക്ഷികളുടെ നിലപാടും സമീപനവുമൊന്നും നോക്കുന്നില്ല. മനഃസാക്ഷിക്കനുസരിച്ചാണ് തീരുമാനമെന്നും മാണി പറഞ്ഞു.

നിയമസഭയില്‍ പാര്‍ട്ടി പ്രത്യേക ബ്ളോക്കായി ഇരിക്കും. ഒരു മുന്നണിയിലും ചേരാതെ കര്‍ഷകരുടെയും അധ്വാനവര്‍ഗത്തിന്‍െറയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര വീക്ഷണത്തോടെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. പാര്‍ലമെന്‍റില്‍ പ്രശ്നാധിഷ്ഠിത സമീപനം സ്വീകരിക്കും. യു.ഡി.എഫ് വിട്ടാലും തദ്ദേശ-സഹകരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ തുടരുമെന്നും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവരുമെന്ന ചിന്തപോലും തങ്ങള്‍ക്കില്ലെന്നും മാണി പറഞ്ഞു. പാര്‍ട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കാനാണു വിട്ടുപോകാനുള്ള തീരുമാനം.

യു.ഡി.എഫിലായിരുന്നപ്പോള്‍ മുന്നണി നേതൃത്വവുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും വ്യവസ്ഥകളും പൂര്‍ണമായും പാലിക്കും. കേരള കോണ്‍ഗ്രസിന്‍െറ ഭാവി സംബന്ധിച്ചു തങ്ങള്‍ക്ക് ഒരാശങ്കയും ഇല്ളെന്നും ഇടതു മുന്നണിയിലേക്കോ എന്‍.ഡി.എയിലേക്കോ പോകില്ളെന്നും ഇടതു സര്‍ക്കാര്‍ നല്ലതു ചെയ്താല്‍ അവരെ പിന്തുണക്കുമെന്നും മാണി പറഞ്ഞു.

എന്നാല്‍, ജനദ്രോഹ നടപടിയുമായി അവര്‍ മുന്നോട്ടു പോയാല്‍ ശക്തമായ നിലപാടുമായി രംഗത്തുവരും. കോണ്‍ഗ്രസിനും നേതൃത്വത്തിനും എതിരെ രണ്ടാം ദിവസവും മാണി രൂക്ഷവിമര്‍ശമാണ് നടത്തിയത്. മുന്നണി വിടാനുള്ള തീരുമാനത്തിനു പിന്നില്‍ ബാര്‍ കോഴക്കേസ് മാത്രമല്ല നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍, ഇതുമൊരു വിഷയമാണ്. യു.ഡി.എഫ് വിടാനുള്ള തീരുമാനം എടുത്തതില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. പാര്‍ട്ടിയെയും തന്നെയും അപമാനിക്കാന്‍ മന$പൂര്‍വം കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസില്‍ പ്രത്യേക റിക്രൂട്ട്മെന്‍റും സ്റ്റഡി ക്ളാസും ബറ്റാലിയനും നിലവിലുണ്ട്. ഈ ബറ്റാലിയനില്‍ ഉമ്മന്‍ ചാണ്ടിയും ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഓരോരുത്തരുടെയും പേരെടുത്തു പറയേണ്ടതില്ളെന്നും മാണി പ്രതികരിച്ചു. ചില വ്യക്തികള്‍ മാത്രമാണ് ഇതിനു പിന്നില്‍. കോണ്‍ഗ്രസ് മുഴുവനല്ല. ആ വ്യക്തികള്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി യു.ഡി.എഫിലേക്ക് തിരിച്ചുപോകില്ല.

കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും പാര്‍ട്ടി ഗൗനിക്കുന്നില്ല. മുന്നണി വിടാനുള്ള തീരുമാനം കുറേക്കൂടി മുമ്പ് എടുക്കേണ്ടതായിരുന്നു. കേരള കോണ്‍ഗ്രസിനെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. ഈമാസം 14ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വിവിധ പരിപാടികള്‍ ആവിഷ്കരിക്കും.

യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളുടെ നിലപാടും സമീപനവും കേരള കോണ്‍ഗ്രസ് നോക്കുന്നില്ല. ക്ഷമയുടെ നെല്ലിപ്പലകയും കണ്ടപ്പോഴാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടിവന്നത്. വിഷമമുണ്ട്-സങ്കടമുണ്ട്. അതിലേറെ ദുഖവും ഉണ്ട്. വേദനയോടെയാണ് മുന്നണി വിടുന്നത്.യു.ഡി.എഫിന്‍െറ വളര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന്‍െറ പങ്ക് ആര്‍ക്കും തള്ളാനാവില്ല.

മാണിയുടേത് അവസരവാദ രാഷ്ട്രീയം-വി.എം. സുധീരന്‍

congress agaisnt maniതിരുവനന്തപുരം: യു.ഡി.എഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍െറ തീരുമാനം രാഷ്ട്രീയ തറവാടിത്തത്തിന് ചേര്‍ന്നതല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കേരള കോണ്‍ഗ്രസ് മുന്നണി വിടാന്‍ ആദ്യം തീരുമാനിക്കുകയും കാരണങ്ങള്‍ പിന്നീട് കണ്ടത്തൊന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. അവസരവാദ രാഷ്ട്രീയത്തിന്‍െറയും ഭാഗ്യാന്വേഷണത്തിന്‍െറയും സാധ്യതകള്‍ തേടിയുള്ള നീക്കം എന്ന നിലയിലേ മാണിയുടെയും പാര്‍ട്ടിയുടെയും തീരുമാനത്തെ കാണാനാകൂ. ഇപ്പോള്‍ പറയുന്ന കാരണങ്ങളൊന്നും ഒരു മുന്നണി സംവിധാനത്തില്‍നിന്ന് പിരിഞ്ഞുപോകാന്‍ പര്യാപ്തമായതല്ല. യു.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ അവര്‍ മുന്നണി വിടുമായിരുന്നില്ലല്ളോ എന്നും സുധീരന്‍ ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ ജയവും പരാജയവും സ്വാഭാവികം. വിജയത്തില്‍ ഒന്നിച്ചുനിന്ന് ആഹ്ളാദം പങ്കിടുന്നതുപോലെ തന്നെ പരാജയപ്പെടുമ്പോഴും പതറാതെ ഒന്നിച്ചുനില്‍ക്കാനുള്ള സാമാന്യമര്യാദ പ്രകടിപ്പിക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുകയും ശേഷം നിയമസഭയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്‍െറ തീരുമാനം പെട്ടെന്നെടുത്ത തീരുമാനമായേ കാണാനാകൂ. കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് എന്നും നീതിപൂര്‍വമാണ് പ്രവര്‍ത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസില്‍ വലിയ ഭിന്നിപ്പുണ്ടായിട്ടും മുതിര്‍ന്ന നേതാക്കളും അണികളും വിട്ടുപോയിട്ടും കോണ്‍ഗ്രസ് ഏറ്റവും മാന്യമായി നേരത്തേ അവര്‍ക്കുണ്ടായിരുന്ന 15 സീറ്റുകള്‍ നല്‍കാന്‍ തയാറായി. തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. പ്രതിസന്ധിഘട്ടത്തില്‍ അവരോടൊപ്പം നിന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബാര്‍കോഴ വിവാദം ഉണ്ടായപ്പോള്‍ വളരെയേറെ നഷ്ടം സഹിച്ച് മാണിയെ തള്ളിപ്പറയാതെ സംരക്ഷണം നല്‍കാനാണ് ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനും നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ ആര് ശ്രമിച്ചാലും അത് വിലപ്പോവില്ളെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സുധീരന്‍ പറഞ്ഞു. സി.പി.എമ്മിനും ബി.ജെ.പിക്കും ഉള്ളില്‍ മാണിയോട് മൃദുസമീപനമാണ്. മാണിയെ വ്യക്തിപരമായി അപമാനിച്ച് ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിച്ച സി.പി.എമ്മും ബി.ജെ.പിയും അവരുടെ നിലപാടില്‍ എങ്ങനെ മാറ്റംവരുത്തും എന്നത് കേരളം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍െറ ആത്മാഭിമാനത്തെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല- ചെന്നിത്തല

കൊല്ലം: മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാതെ സ്വന്തം നിലക്ക് തീരുമാനമെടുത്താല്‍ അതിന്‍െറ ഉത്തരവാദിത്തം അവര്‍ക്കുതന്നെയായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്‍െറ ആത്മാഭിമാനത്തെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ല. കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ യു.ഡി.എഫ് ശക്തമായി മുന്നോട്ടുപോകും. പ്രശ്നങ്ങള്‍ മുന്നണിക്കുള്ളില്‍ ഒരിക്കല്‍പോലും ഉന്നയിക്കാതെ രാഷ്ട്രീയ തീരുമാനമെടുക്കുന്നവര്‍ അതിന്‍െറ ഭവിഷ്യത്തും അനുഭവിക്കേണ്ടിവരുമെന്ന് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്‍െറ നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരാണവര്‍. ഇപ്പോഴത്തെ സാഹചര്യം പരിശോധിച്ച് ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മാണിയുടേത് രാഷ്ട്രീയ നെറികേട്-കെ. മുരളീധരന്‍

തിരുവനന്തപുരം: കെ.എം. മാണി കാട്ടിയത് രാഷ്ട്രീയനെറികേടെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. വരുന്ന ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ളെന്നും മുരളീധരന്‍ പറഞ്ഞു. ചരിത്രം പറയുന്നവര്‍ പി.ടി. ചാക്കോയെ മാത്രമല്ല, കെ.എം. ജോര്‍ജിനെ കൂടി ഓര്‍ക്കുന്നത് നല്ലതാണ്. കെ.എം. ജോര്‍ജിന്‍െറ ശാപമാണ് ഇപ്പോള്‍ മാണിക്ക് കിട്ടിയിരിക്കുന്നത്. നല്ല ക്രൈസ്തവരെന്ന് മേനിനടിക്കുന്നവര്‍ ഇപ്പോള്‍ വര്‍ഗീയവാദികളുമായി കൂട്ടുചേരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവിടത്തെന്നെ വോട്ടുചെയ്യുകയും ചെയ്ത എം.എം. ജേക്കബ് പാലായില്‍ മാണിയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണ്. രണ്ടാഴ്ച മുമ്പുവരെ ഒരുപരാതിയും ഉന്നയിക്കാതിരുന്ന മാണി, അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും മിണ്ടാതാവുകയും ചെയ്തത് രാഷ്ട്രീയമര്യാദയല്ല.

മൂന്ന് പാര്‍ട്ടികളോടും സമദൂരമെന്ന് പറയുമ്പോഴും വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയോട് മാണി സ്നേഹം കാണിക്കുകയാണ്. എന്തായാലും അടുത്തലോക്സഭാതെരഞ്ഞെടുപ്പില്‍ പാലായിലെ കോണ്‍ഗ്രസുകാര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാമെന്ന ഭാഗ്യംകൂടി ഇതുവഴി വന്നിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

മാണിയുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ചക്ക്

മലപ്പുറം: കേരള കോണ്‍ഗ്രസ് (എം) സ്വീകരിച്ച നിലപാട് മാറ്റത്തില്‍ പെട്ടെന്നൊരു പ്രതികരണത്തിനില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വിഷയം ലീഗ് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ളോക്കായിരിക്കാനുള്ള തീരുമാനത്തിന്‍െറ പശ്ചാത്തലം കെ.എം. മാണിയുമായി ചര്‍ച്ചചെയ്യും. കേരളത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ മൂന്നാംമുന്നണിക്ക് ശ്രമം നടക്കുന്നതിനാല്‍ സംയമനത്തോടെയാണ് ലീഗ് ഈ വിഷയത്തെ കാണുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സഖ്യത്തില്‍ നിന്ന് കേരളകോണ്‍ഗ്രസ് പിന്‍മാറിയിട്ടില്ല. അതിനാല്‍ ഒന്നും അവസാനമാണെന്ന് കരുതുന്നില്ല. എന്നാല്‍ തിരിച്ചുവരാനുള്ള തീരുമാനം മാണിയാണ് എടുക്കേണ്ടതെന്ന

മുന്നണി മാറ്റം അസമയത്ത് -തിരുവഞ്ചൂര്‍

കോട്ടയം: കേരള കോണ്‍ഗ്രസിന്‍െറ മുന്നണി മാറ്റം അസമയത്താണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുന്നണി മാറ്റത്തിനു ഉതകുന്നവിധത്തിലുള്ള വാദം കേരള കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഭാഗികമായി മാത്രമാണു മുന്നണി മാറ്റമെന്നാണു മനസ്സിലാക്കുന്നത്. എടുത്തുചാടി പോകരുതായിരുന്നു.

മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍െറ കരിങ്കൊടി പ്രയോഗം

കോട്ടയം: കെ.എം. മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍െറ കരിങ്കൊടി പ്രതിഷേധം. ചരല്‍ക്കുന്ന് ക്യാമ്പില്‍ പാര്‍ട്ടി പ്രഖ്യാപനം അറിയിച്ച ശേഷം ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ക്യാമ്പ് സൈറ്റ് വിട്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് മാണിക്കുനേരെ കരിങ്കൊടി പ്രയോഗം നടന്നത്. മാണി വരുന്നതും കാത്ത് ചരല്‍ക്കുന്ന് ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് തോട്ടപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയായിരുന്നു. ക്യാമ്പ് സമാപിച്ച് കെ.എം. മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ബഹളം ആരംഭിച്ചത്. ഇതോടെ യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞത് ഉന്തിലും തള്ളിലും നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. പരസ്പരം അസഭ്യവര്‍ഷവും നടന്നു. പൊലീസ് ഇരുവിഭാഗം പ്രവര്‍ത്തകരെയും തള്ളിമാറ്റി. ജില്ലയില്‍ പല ഭാഗങ്ങളിലും മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി. കോന്നിയില്‍ മാണിയുടെ കോലം കത്തിച്ചു.

കേരളത്തില്‍ ഇനി യു.ഡി.എഫ് ഇല്ലെന്ന് വി.എസ്

തിരുവനന്തപുരം: കേരളത്തില്‍ ഇനി യു.ഡി.എഫ് ഇല്ളെന്ന് വി.എസ്. അച്യുതാന്ദന്‍. ഇനിയുള്ളത് കോ-ലീ സഖ്യം മാത്രമാണെന്നും വി.എസ് പരിഹസിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും മാത്രമാണ് ഇനി യു.ഡി.എഫിലുള്ളത്. അതൊരു മുന്നണിയായി കാണാനാവില്ല. യു.ഡി.എഫിനുള്ളിലെ മറ്റു ഘടകകക്ഷികളായ ആര്‍.എസ്.പിയുടെയും ജനതാദളിന്‍െറയും നിലയും ഭദ്രമല്ല. ഇടതുപക്ഷം ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മാണി ബി.ജെ.പിക്കൊപ്പം പോയാല്‍ വെള്ളാപ്പള്ളിയുടെ ഗതി -കോടിയേരി

തിരുവനന്തപുരം: ബി.ജെ.പിയുടെ ഒപ്പം പോയാല്‍ വെള്ളാപ്പള്ളിയുടെ അവസ്ഥയാകും മാണിക്കെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ മന്ത്രിയാക്കാമെന്ന് ആശിച്ചു പോയ വെള്ളാപ്പള്ളിക്ക് ഹെലികോപ്റ്ററില്‍ യാത്രചെയ്യാനുള്ള അവസരം മാത്രമാണ് കിട്ടിയതെന്നും കോടിയേരി പറഞ്ഞു.

ജെ.ഡി.യുവിലും ആര്‍.എസ്.പിയിലും യു.ഡി.എഫ് വിടണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. സി.എം.പി, ജെ.എസ്.എസ് പാര്‍ട്ടികളെ കോണ്‍ഗ്രസ് രണ്ടാക്കിയെന്നും കോടിയേരി പറഞ്ഞു. കൂടെ ചേരുന്നവരെ ചതിക്കുക, പിളര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്‍െറ നയമെന്ന് മാണി തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെയാണ് മൂന്നരപ്പതിറ്റാണ്ടായി മൂന്നാം ഘടകകക്ഷിയായിരുന്ന കേരളകോണ്‍ഗ്രസ് എം പുറത്തുപോയത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ യു.ഡി.എഫുമായുള്ള മാണിയുടെ ബന്ധത്തിനും അധികം കാലം നിലനില്‍പ്പുണ്ടാവില്ല.

മാണിയോടുള്ള ഇടതുനിലപാടു സംബന്ധിച്ച ചോദ്യത്തിന് കാര്യങ്ങള്‍ കലങ്ങി തെളിയട്ടെ എന്നായിരുന്നു പ്രതികരണം. 91സീറ്റുമായാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നിരിക്കുന്നത്.അതുകൊണ്ട് ആറ് സീറ്റുകളുള്ള മാണിയെ മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ല. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷം ഈ വിഷയം ചര്‍ച്ചചെയ്തിട്ടില്ല.

സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് മാണി പറഞ്ഞത്. സ്വന്തംകാലില്‍ നില്‍ക്കുന്നത് നല്ലകാര്യമാണ്. മാണി സ്വതന്ത്രമായി നില്‍ക്കട്ടെയെന്നും കേരള കോണ്‍ഗ്രസ് എമ്മിനെ മാര്‍ക്സിസ്റ്റാക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചു. എന്നാല്‍ ‘എ’മ്മിനെ മോദി ആക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് കെ.എം. മാണി തന്നെയാണ്.
ന്യൂനപക്ഷസ്വാധീനം നേടാന്‍ ഇടതുപക്ഷത്തിന് ഏതെങ്കിലും പാര്‍ട്ടിയെ ഉപയോഗിക്കേണ്ട കാര്യമില്ളെന്നും കോടിയേരി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളില്‍ മാണിയുടെ ഒൗദാര്യം വേണ്ട -ഹസന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിന് ഭരിക്കാന്‍ മാണിയുടെ ഒൗദാര്യം വേണ്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടും ബി.ജെ.പിയോടുമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അങ്ങനെയിരിക്കെ ഇവരോട് സമദൂര നിലപാട് കൈക്കൊള്ളുന്നവരുമായി ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. അവ്യക്തമായ കാരണങ്ങള്‍ നിരത്തിയാണ് മാണിയും കൂട്ടരും യു.ഡി.എഫ് വിടുന്നത്.

കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍െറ നിശ്ചയ ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തെന്നാണ് അദ്ദേഹം പലരോടും പറഞ്ഞ പരാതി. അതില്‍ എന്താണ് തെറ്റ്? മാണിയും കൂട്ടരും വിട്ടുപോയാല്‍ യു.ഡി.എഫ് ദുര്‍ബലമാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ ധാരണ തെറ്റാണ്. കേരള കോണ്‍ഗ്രസ് വിട്ടുപോകുന്നതോടെ മധ്യകേരളത്തില്‍ യു.ഡി.എഫ് കരുത്താര്‍ജിക്കും. പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റത് കോണ്‍ഗ്രസ് സഹായിക്കാത്തതുകൊണ്ടല്ല, മറിച്ച് കേരള കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരിയതുകൊണ്ടാണ്. ഇക്കാര്യം പി.സി. ജോര്‍ജിനോട് ചോദിച്ചാല്‍ അറിയാമെന്നും ഹസന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top