റിയോ ഡെ ജനീറോ: ഒളിമ്പിക്സില്‍ ഇന്ത്യക്ക് കറുത്ത തിങ്കള്‍. ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്നു അഭിനവ് ബിന്ദ്രക്ക് മെഡല്‍ നഷ്ടമായി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫ്ള്‍ ഫൈനലില്‍ നാലാം സ്ഥാനക്കാരനായാണ് ബിന്ദ്ര പുറത്തായത്. യോഗ്യതാറൗണ്ടില്‍ ഏഴാം സ്ഥാനക്കാരനായാണ് ബിന്ദ്ര ഫൈനലിലത്തെിയിരുന്നത്. ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഗഗന് നാരംഗ് ഫൈനല്‍ കാണാതെ പുറത്തായി.
കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും ബിദ്ര ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചിരുന്നു. മത്സരത്തിന്‍െറ അവസാന ഘട്ടത്തില്‍ രണ്ടാം സ്ഥാനം വരെയത്തെിയ ബിന്ദ്രക്ക് ടൈബ്രേക്കറിന് തൊട്ടുമുമ്പുള്ള ഷോട്ടിലാണ് പിഴച്ചത്. യോഗ്യതാറൗണ്ടില്‍ 50 പേരില്‍ ഏഴാമനായാണ് അഭിനവ് ബ്രിന്ദ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. തറനിരപ്പില്‍നിന്ന് 1.40 മീറ്റര്‍ ഉയരത്തില്‍ 10 മീറ്റര്‍ ദൂരെ സ്ഥാപിച്ച ലക്ഷ്യത്തിലേക്ക് വെടിയുണ്ട പായിച്ചത് എട്ടുപേര്‍. ലക്ഷ്യത്തിന്‍െറ വ്യാസം 45.5 മില്ലി മീറ്റര്‍ മാത്രം. ഇതില്‍ ഏറ്റവും അകത്തുള്ള വൃത്തത്തിന്‍െറ വലുപ്പം അര മില്ലി മീറ്റര്‍. ഒരു പെന്‍ കുത്തിന് തുല്യം. ഇതില്‍ കൃത്യമായി ഉണ്ട എത്തിച്ചാല്‍ 10.9 പോയന്റ്.
മൂന്നു വെടികളുടെ ആദ്യ റൗണ്ടില്‍ ബിന്ദ്ര അഞ്ചാം സ്ഥാനത്തായിരുന്നു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ അത് ഏഴാം സ്ഥാനത്തായി. സ്കോര്‍ 60.1. ആകെ 20 വെടികളുള്ളതില് ഒമ്പതെണ്ണം കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനം. അടുത്ത രണ്ടു റൗണ്ടുകളിലായി തുടര്‍ച്ചയായി രണ്ടു തവണ 10.7 പോയന്റ് നേടി ബിന്ദ്ര രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാല്‍, 13ാമത് ഷോട്ടില്‍ ഇറ്റലിക്കാരന് നിക്കോളോ കാപ്രിയാനി മികച്ച വെടിയിലുടെ നാലില്‍നിന്ന് രണ്ടിലേക്ക് കയറി. ബിന്ദ്രയുടേത് അടുത്ത ഷോട്ട് 9.7ലേക്ക് താഴുകയും ചെയ്തു. അതോടെ വീണ്ടും മൂന്നാമതായി. ഓരോ റൗണ്ടിലും അവസാനം വരുന്നവര്‍ പുറത്തായിക്കൊണ്ടിരുന്നു. നാലാം സ്ഥാനക്കാരനെ പുറത്താക്കാനുള്ള റൗണ്ടില്‍ ബിന്ദ്രക്കും യുക്രെയ്നിന്‍െറ ഷെറി കുലിഷിനും 163.8 പോയന്റ്. അതോടെയാണ് ടൈബ്രേക്കര്‍ വേണ്ടിവന്നത്. ബിന്ദ്രയുടെ വെടിയുണ്ട 10 പോയന്റില്‍ തുളച്ചുകയറിയപ്പോള്‍ യുക്രെയ്ന്‍കാരന്‍ 10.5ല്‍ ഉണ്ട തറപ്പിച്ചു. 2008ല്‍ ബെയ്ജിങ്ങില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയ ബിന്ദ്ര ഒളിമ്പിക് വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണമണിഞ്ഞ ഏക ഇന്ത്യക്കാരനാണ്.