Flash News

വാല്‍ക്കണ്ണാടി: ജനാധിപത്യത്തിന്റെ അപചയം (കോരസണ്‍)

August 11, 2016

val sizedപാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞതോടെ ആനയും കഴുതയും നേരിട്ടുള്ള പോരാട്ടമാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രമ്പിനെയും ഹിലരി ക്ലിന്റനെയും ജനം ഒരുപോലെ സംശയിക്കുകയും, ഇരുവരും അനര്‍ഹരാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ അനഭിമതനായി, വിവാദങ്ങളുടെ കൂട്ടുകാരനും വിദ്വേഷങ്ങളുടെ പ്രചാരകന്‍ ഒക്കെയായിട്ടാണ് ട്രമ്പിനെ ജനം കാണുന്നത്. അസത്യങ്ങളുടെ മൂടല്‍മഞ്ഞില്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കളിത്തോഴിയും വാള്‍സ്ട്രീറ്റിന്റെ അടിമയായിട്ടും ജനം ഹിലരിയെ കാണുന്നു. പിന്നെ ആരെങ്കിലും ജയിച്ചല്ലേ പറ്റൂള്ളൂ, എന്നതാണ് സാധാരണ വോട്ടര്‍മാരെ കുഴക്കുന്ന പ്രശ്‌നം.

ഇരച്ചുകയറാവുന്ന ചാവേറുകള്‍, സംരക്ഷണ മതിലുകള്‍, ദുര്‍ബലമായ വിദേശ നയങ്ങള്‍, കടുത്ത സാമ്പത്തിക വൈതരണികള്‍ നിരത്തി ഭീതിജനകമായ അന്തരീക്ഷമാണ് റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ നിരത്തിയത്. മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂഡി ജൂലിയാനിയുടെ ഉണ്ടക്കണ്ണുകളില്‍ നിന്നും തീ പറക്കുന്നത് ജനം കണ്ടു നടുങ്ങി. അമേരിക്കയ്ക്കു സംരക്ഷകന്‍ ട്രമ്പ് മാത്രമേ ഉള്ളൂ, എനിക്കു മാത്രമേ അതിനാകയുള്ളൂ എന്നു ട്രമ്പും ആവര്‍ത്തിച്ചു പറഞ്ഞു. പാര്‍ട്ടിയുടെ ചുവടുതാങ്ങികളെ ഒന്നൊന്നായി അടിച്ചു വീഴ്ത്തിയ ട്രമ്പിന്റെ അരാഷ്ട്രീയപ്രകടനം പാര്‍ട്ടി നേതാക്കളെ കുഴച്ചു അതായിരുന്നു ട്രമ്പിന്റെ പാര്‍ട്ടിയിലെ നോമിനേഷന്‍ ലഭിക്കാനായ ഘടകവും.

ഡെമോക്രാറ്റിക് പാര്‍ട്ടി ഘടകങ്ങള്‍ വഴിവിട്ട് ഹിലരിയുടെ വിജയം ഉറപ്പാക്കുകയായിരുന്നുവെന്നും എതിരാളി ബേര്‍ണി സാന്റേഴ്‌സിനെ തകര്‍ക്കാന്‍ സൂത്രപ്പണികള്‍ ചെയ്തു എന്ന വിക്കിലീക്‌സിന്റെ കണ്ടെത്തലുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരിയെ വല്ലാതെ വെറുപ്പിച്ചിരുന്നു.

അമേരിക്കയിലെ ഇപ്പോഴത്തെ അടിസ്ഥാനപരമായ വിഷയങ്ങളായ നല്ല തൊഴില്‍ നഷ്ടപ്പെടുന്നതും, ആരോഗ്യസുരക്ഷയിലെ കെടുകാര്യസ്ഥതയും, വന്‍കടക്കെണിയും, ബാങ്കുകളുടെ കൊള്ളത്തരങ്ങളും, താറുമാറായ ഉല്പാദനക്ഷമതയും, നിലവാരമില്ലാത്ത പ്രാഥമിക വിദ്യാഭ്യാസവും, വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങളും, വര്‍ഗീയ വിദ്വേഷവും ഒന്നും ചര്‍ച്ച ചെയ്യാതെ പോയി. പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ വെറും ഇവന്റ് ഷോകളായി മാറി. എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളും ജനത്തെ മടുപ്പിച്ചു. തന്റെ മൂന്നു വിവാഹങ്ങളിലായി ജനിച്ച കുട്ടികളെ നിരത്തി നിര്‍ത്തി ബലൂണ്‍ തട്ടിക്കളിച്ച് റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ അവസാനിച്ചപ്പോള്‍, കൊച്ചു കുട്ടികളെപ്പോലെ ബലൂണ്‍ തട്ടിക്കളിച്ചാണ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ അവസാനിപ്പിച്ചത്.

ട്രമ്പ് എന്ന ബിസിനസുകാരനെ സംബന്ധിച്ച് തിരഞ്ഞെടുപ്പു തോറ്റാലും വന്‍ വിജയം, തന്റെ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയും എന്നത് ഉറപ്പ്. തനിക്കെതിരെ വിരല്‍ ചൂണ്ടുന്ന ആരേയും കുത്തിക്കൊല്ലാതെ പിന്‍വാങ്ങില്ല എന്ന ട്രമ്പ് നയങ്ങളും, പരിഹാസവും, വിദ്വേഷവും നിറഞ്ഞ അട്ടഹാസങ്ങളുമായി ഹിലരിയും അമേരിക്കന്‍ വോട്ടര്‍മാരുടെ മുമ്പില്‍ അവതരിച്ചിരിക്കയാണ്. രൗദ്രം ആണ് ഇരുവരുടെയും മുഖഭാവം, ക്രൂരമാണ് ഇരുവരുടെയും വികാര പ്രകടനങ്ങള്‍. ഇതൊക്കെ കണ്ട് അസഹനീയമായ വോട്ടര്‍മാര്‍ അടുത്ത മൂന്നു മാസക്കാലത്തെ ആശങ്കയോടെ വീക്ഷിക്കുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പാക്കിസ്ഥാന്‍കാരനായ ഖാന്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിലേറെയായിരുന്നു ട്രമ്പ് അയാള്‍ക്ക് എതിരായി നടത്തിയ പരാമര്‍ശങ്ങള്‍, ഇവിടെ സാമാന്യ മര്യാദകള്‍ എല്ലാം ലംഘിക്കപ്പെട്ടു. ഇനിയെത്ര കോലാഹലങ്ങള്‍ കാണാനിരിക്കുന്നു?

ഖാന്‍ എന്ന മുസ്ലീം, ചര്‍ച്ചകളില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ‘ഹൂസൈനിസം’ മറയില്ലാതെ പുറത്തുവന്നു. മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്തുമതപീഠനത്തിനെതിരെ മൗനം പാലിച്ചിരുന്ന ഇദ്ദേഹം വികാരഭരിതനാകുന്നതും ജനം ഈര്‍ഷ്യയോടെ നോക്കിയിരുന്നു.

STATE OF ANXIETY US ELECTION 2016_1ട്രമ്പിന് പ്രസിഡന്റിന്റെ മഹനീയ സ്ഥാനത്ത് മര്യാദ പുലര്‍ത്താനാകില്ല എന്ന് ഹിലരി, തന്റെ ഭര്‍ത്താവ് സമുന്നദപദവിയില്‍ ഇരുന്നു കാട്ടിക്കൂട്ടിയ മോണിക്ക സംഭവങ്ങള്‍ ജനം മറന്നു കാണുമെന്നാണ് ഇവരുടെ വിശ്വാസം. ട്രമ്പിന്റെ പ്രസംഗത്തിനിടെ ഒരു കുട്ടി കരഞ്ഞപ്പോള്‍ പ്രസംഗം നിര്‍ത്തി ട്രമ്പു പറഞ്ഞു, കുട്ടികള്‍ കരയുന്നത് എനിക്ക് ഇഷ്ടമാണ് കുട്ടികളെയും ഇഷ്ടമാണ്, കുട്ടി വീണ്ടും കരഞ്ഞപ്പോള്‍ അതിനെ എടുത്തു വെളിയില്‍ കൊണ്ടുപോകാന്‍ പറയാനും അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായില്ല.

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജേംസ് കോമി സെനറ്റ് ഹിയറിംഗില്‍ ഹിലരി സ്റ്റേറ്റ് സെക്രട്ടി ആയിരുന്നപ്പോള്‍ അലംഭാവം കാട്ടി എന്നു പറഞ്ഞു. വിശദീകരണത്തില്‍ ഇവര്‍ കള്ളം പറഞ്ഞില്ല. പക്ഷേ സത്യമല്ല പറഞ്ഞതെന്നും പറയുന്നതു കേട്ട് ജനം നടുങ്ങി. എന്താണ് സത്യത്തിന്റെയും കള്ളത്തിന്റെയും നിര്‍വ്വചനം? അത് ഹിലരി തന്നെ കണ്ടുപിടിക്കും.

ഹിലരിക്കുവേണ്ടി വോട്ടു പിടിക്കാന്‍ ഇറങ്ങിയ വാള്‍സ്ട്രീറ്റ് പ്രതിഭകളായ മൈക്കള്‍ ബ്ലൂംബര്‍ഗ്, വാറന്‍ ബഫറ്റ് തുടങ്ങിയവരുടെ നിരകണ്ടപ്പോള്‍ ബേര്‍ണി ആന്റേഴ്‌സിനെ പിന്‍തുണച്ച വലിയ കൂട്ടം ഡെമോക്രാറ്റുകള്‍ അസ്വസ്ഥരായി.

അമേരിക്കയിലെ 324 മില്യണ്‍ ജനങ്ങളില്‍ 221 മില്യണാണ് വോട്ടുരേഖപ്പെടുത്താന്‍ യോഗ്യതയുള്ളവര്‍. 88 മില്യണ്‍ സാധാരണ വോട്ടുചെയ്യാറില്ല. 73 മില്യണ്‍ പ്രൈമറി മത്സങ്ങളില്‍ വോട്ടു ചെയ്തില്ല, പക്ഷേ ഇവര്‍ വോട്ടു ചെയ്യാം. 60 മില്യണ്‍ ആളുകളാണ് പ്രൈമറി മത്സത്തില്‍ വോട്ടുചെയ്തത് അതില്‍ പകുതിയിലേറെപ്പേരും വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥികള്‍ ഇപ്പോള്‍ രംഗത്തില്ല. ഏതാണ്ട് 14 ശതമാനം സമ്മതിദായകര്‍, അല്ലെങ്കില്‍ 9 ശതമാനം പേരു മാത്രമാണ് ഹിലരിക്കോ ട്രമ്പിനോ വേണ്ടി ഇതുവരെ വോട്ടു ചെയ്തവര്‍ (ന്യൂയോര്‍ക്ക് ടൈംസ്-കടപ്പാട്). അതായത്, 91 ശതമാനം പേരും ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് അമേരിക്കയില്‍. അതിലേറെ അസ്വസ്ഥമാണ് ലോക രാജ്യങ്ങളും.

ഏതാണ്ട് 900 മില്യണ്‍ ഡോളര്‍ പൊടിപൊടിച്ചു ഇത്രയും ശ്രമകരമായ നീണ്ട പ്രക്രിയയിലൂടെ ഒരു ജനകീയ നേതാവിനെ കണ്ടെത്താനായില്ല എന്നത് തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ പാളിച്ചയാണ്. ഇനി കിട്ടുന്നത് എന്തായാലും അനുഭവിക്കുക എന്നതാണ് അമേരിക്കക്കാരന്റെ വിധി.

വ്യവസ്ഥാപിതമായ രീതിയില്‍ കൂെടയല്ലാതെ വ്യക്തിപരമായ ആശയങ്ങളുടെ പേരില്‍ പൊതു സമ്മതനായ ഒരു ജനനേതാവിനെ കണ്ടെത്താന്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന് ഇന്ന് സാധിക്കുന്നില്ല എന്നത് സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും അപചയമല്ലേ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top