ഓഷോയുടെ യഥാര്‍ഥ ഒസ്യത്ത് കണ്ടെത്താന്‍ ഹൈക്കോടതി ഉത്തരവ്

osho36മുംബൈ: ഓഷോ രജനീഷിന്‍െറ യഥാര്‍ഥ ഒസ്യത്ത് സ്പെയിനില്‍ നിന്ന് കണ്ടെത്താന്‍ പൂണെ പൊലീസിന് ബോംമ്പെ ഹൈക്കോടതി നിര്‍ദേശം. നിലവിലെ ഒസ്യത്ത് പൂണെ കൊരെഗാവ് പാര്‍ക്കിലുള്ള ഓഷോ ആശ്രമത്തിലെ ട്രസ്റ്റ് അംഗങ്ങള്‍ വ്യാജമായുണ്ടാക്കിയതാണെന്ന് ആരോപിച്ചും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ഓഷോ ഫ്രണ്ട്സ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി യോഗേഷ് താക്കെര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

യഥാര്‍ഥ ഒസ്യത്ത് സ്പെയിനിലെ കോടതിയില്‍ മുമ്പ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം. സ്പെയിന്‍ പൊലീസിന്‍െറ സഹായം തേടാനാണ് പൂണെ പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്. 2013 ല്‍ അന്വേഷണം ആവശ്യപ്പെട്ട് ഓഷോ ട്രസ്റ്റ് അംഗങ്ങള്‍ക്കെതിരെ പൂണെ പൊലീസില്‍ യോഗേഷ് താക്കെര്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് താക്കെര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ നേരത്തെ കോടതി പൂണെ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിലവിലെ ഒസ്യത്തിന്‍െറ കയ്യക്ഷരം പരിശോധിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഓഷോ ആശ്രമത്തിന്‍െറ വരുമാനവും പ്രധാന വസ്തുക്കളും ട്രസ്റ്റ് അംഗങ്ങള്‍ സ്വസര്‍ലന്‍റ്, അമേരിക്ക, ഐയര്‍ലന്‍റ്, യുറോപ്പിലേക്കും കടത്തുന്നതായാണ് യോഗേശ് താക്കെര്‍ ഉന്നയിച്ച ആരോപണം.

Print Friendly, PDF & Email

Leave a Comment