ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം നല്‍കിയതിന് തെളിവില്ല

sankaranകൊച്ചി: ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചേക്കും. ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ മൊഴി അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സിന് കോഴ വാഗ്ദാനം ചെയ്തയാളെ കണ്ടെത്താനായില്ല. സുഹൃത്ത് വഴി കോഴ വാഗ്ദാനം ചെയ്തെന്നാണ് ജഡ്ജി മൊഴി നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടി കൊഫെപോസ തടങ്കലിലാക്കിയ പ്രതികളുടെ ഹരജിയില്‍ ഹൈകോടതി വാദം കേള്‍ക്കാനിരിക്കെ ഇതേ കേസുമായി ബന്ധപ്പെട്ട് സിറ്റിങ്ങിനിടെ ജസ്റ്റിസ് കെ.ടി. ശങ്കരനാണ് തന്നെ സ്വാധീനിക്കാന്‍ കേസിലെ പ്രതികള്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയത്. അതിനാല്‍ കേസ് വാദം കേള്‍ക്കുന്നതില്‍നിന്ന് താന്‍ പിന്മാറുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെയാണ് വിഷയം പുറത്തായത്. ഇതേതുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ട് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ അന്വേഷണം ആവശ്യമില്ലെന്നാണ് ജഡ്ജി നിലപാടെടുത്തത്. എന്നാല്‍, വെളിപ്പെടുത്തല്‍ കോടതിയിലെന്നത് കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് ഇടപെട്ടതോടെയാണ് മൊഴി നല്‍കാന്‍ അദ്ദേഹം തയാറായത്. സുഹൃത്തും സഹപാഠിയുമായ കോഴിക്കോട്ടെ അഭിഭാഷകന്‍ മുഖേനയാണ് കോഴ വാഗ്ദാനം താന്‍ അറിഞ്ഞതെന്നാണ് ജസ്റ്റിസ് ശങ്കരന്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് എസ്.പി അഭിഭാഷകന്‍െറ മൊഴി രേഖപ്പെടുത്തി.

മാര്‍ച്ച് അവസാന വാരത്തിലെ ഒരുദിവസം തന്‍െറ ഓഫിസിലെത്തിയ അപരിചിതനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് ജഡ്ജിയുടെ സുഹൃത്തായ അഭിഭാഷകന്‍ മൊഴി നല്‍കിയത്. ജസ്റ്റിസ് കെ.ടി. ശങ്കരനെ സ്വാധീനിച്ച് ഒമ്പത് പ്രതികളില്‍ മൂന്നുപേരെയെങ്കിലും രക്ഷപ്പെടുത്തിയാല്‍ 25ലക്ഷം എന്നായിരുന്നു ഓഫര്‍. കഴിയില്ലെന്ന് അറിയിച്ചതോടെ വന്നയാള്‍ മടങ്ങിയെന്നും അഭിഭാഷകന്‍െറ മൊഴിയില്‍ പറയുന്നു. ഫോണില്‍ വിളിച്ചിട്ടില്ലാത്തതിനാല്‍ നമ്പറും അറിയില്ലെന്നാണ് മൊഴി.

Print Friendly, PDF & Email

Leave a Comment