സിനിമക്കുവേണ്ടി ജീവിച്ച്, സിനിമക്കുവേണ്ടി മരിച്ച തിരക്കഥാകൃത്ത്

TA Razak2കോഴിക്കോട്: സിനിമക്കുവേണ്ടി ജീവിച്ച്, സിനിമക്കുവേണ്ടി മരിച്ച തിരക്കഥാകൃത്തായിരുന്നു ടി.എ റസാഖ്. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സയിലിരിക്കെ, തിങ്കളാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തുറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഒൗദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 1958ല്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ പരേതരായ ടി.എ. ബാപ്പു-വാഴയില്‍ ഖദീജ ദമ്പതികളുടെ മകനായി ജനിച്ച റസാഖ് കൊളത്തൂര്‍ എ.എം.എല്‍.പി സ്കൂള്‍, കൊണ്ടോട്ടി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടക പ്രവര്‍ത്തകനായി. ജി.എസ്. വിജയന്‍െറ ‘ഘോഷയാത്ര’ എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. സിബി മലയില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ‘കാണാക്കിനാവി’ന് മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇതേ ചിത്രത്തിന്‍െറ തിരക്കഥ മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും നേടി.

2002 ല്‍ പുറത്തിറങ്ങിയ ‘ആയിരത്തില്‍ ഒരുവന്‍’ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 2004 ല്‍ പുറത്തിറങ്ങിയ ‘പെരുമഴക്കാലം’ എന്ന കമല്‍ ചിത്രത്തിലൂടെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് ദേശീയ പുരസ്കാരവും റസാഖിനെ തേടിയത്തെി.

TA Razakസാമൂഹിക പ്രതിബദ്ധതയുള്ളവരായിരുന്നു അദ്ദേഹത്തിന്‍െറ കഥാപാത്രങ്ങള്‍. 2005ല്‍ ‘ബസ് കണ്ടക്ടറി’ല്‍ മമ്മൂട്ടി അവതരിപ്പിച്ച കുഞ്ഞാക്കയെ കണ്ടത്തെിയത് കെ.എസ്.ആര്‍.ടി.സിയില്‍ ക്ളര്‍ക്കായി ജോലി ചെയ്ത കാലത്തായിരുന്നു. വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, എന്‍െറ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസല്‍, ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍, പരുന്ത്, മായാ ബസാര്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ് തുടങ്ങിയ പ്രധാന ചിത്രങ്ങളിലെല്ലാം ഇത്തരം കഥാപാത്രങ്ങള്‍ കാണാം. കമല്‍, സിബി മലയില്‍, ജയരാജ്, തമ്പി കണ്ണന്താനം, വി.എം. വിനു തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ തിരക്കഥകളെഴുതിയത്. റജി പ്രഭാകര്‍ സംവിധാനം ചെയ്ത ‘സുഖമായിരിക്കട്ടെ’ ആണ് ഒടുവിലത്തെ ചിത്രം. നടന്‍ സലിംകുമാര്‍ നിര്‍മിച്ച ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് ഇളയ സഹോദരനാണ്.
കൊണ്ടോട്ടിയിലെ തുറക്കലായിരുന്നു ജന്മനാടെങ്കിലും കോഴിക്കോട് അദ്ദേഹത്തിന്‍െറ വാടകവീടായിരുന്നു. ‘പെരുമഴക്കാലം’; ‘വേഷം’; ‘പെണ്‍പട്ടണം’; ‘കാണാക്കിനാവ്’ തുടങ്ങിയവയെല്ലാം അദ്ദേഹം കോഴിക്കോടിന്‍െറ നന്മക്കായി സമര്‍പ്പിച്ച ചിത്രങ്ങളായിരുന്നു.

20 വര്‍ഷംമുമ്പ് എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിചെയ്യുമ്പോഴാണ് എ.ടി. അബു തന്‍െറ ‘ധ്വനി’ എന്ന ചിത്രത്തിലേക്ക് സഹസംവിധായകനായി ടി.എ. റസാഖിനെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. മലബാറുകാരെ സിനിമയെന്ന കലയോട് അടുപ്പിച്ചുനിര്‍ത്തിയതില്‍ ടി.എ. റസാഖിന്‍െറ ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ‘ഗസല്‍’, ‘വേഷം’, ‘പെരുമഴക്കാലം’, ‘ബസ്കണ്ടക്ടര്‍’ തുടങ്ങി നാടിന്‍െറ ഹൃദയം തൊടുന്ന കഥകളായിരുന്നു പറഞ്ഞതേറെയും. ‘ഉപ്പാപ്പ’ എന്ന പേരില്‍ അടുത്ത ചിത്രം തയാറാക്കുന്നതിന്‍െറ ആലോചനക്കിടെയാണ് ആ വേര്‍പാട്. ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മാമുക്കോയയോടാവശ്യപ്പെട്ടിരുന്നു.

ഭാര്യമാര്‍: ഖൈറുന്നീസ, ഷാഹിദ. മക്കള്‍: സുനിലാസ്, സംഗീത, അനൂഷ് റസാഖ്, സുനില. സഹോദരങ്ങള്‍: കുഞ്ഞിക്കോയ, നാസര്‍ (ജിദ്ദ), സുഹ്റ. മരുമകന്‍: ഡോ. ഇമിത്ത്.
കോഴിക്കോട്ടെ പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം തുറക്കലിലെ ബാപ്പു നിവാസില്‍ കൊണ്ടുവന്ന് ഏഴ് മണിയോടെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി എ.ഡി.എം സെയ്താലിക്കുട്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വേണ്ടി ജില്ലാ പഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാനും റീത്ത് വെച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, സംവിധായകരായ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

മമ്മൂട്ടി,മോഹന്‍ലാല്‍, ജയറാം, മനോജ് കെ. ജയന്‍, ബിജു മേനോന്‍, ലാല്‍, കൈലാഷ്, അബൂ സലിം, സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, രഞ്ജിത്, രഞ്ജി പണിക്കര്‍, സിബി മലയില്‍, ഷാജി കൈലാസ് തുടങ്ങിയവരും മന്ത്രി ടി.പി. രാമകൃഷ്ണന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡോ. എം.കെ. മുനീര്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എ. ബേബി, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.

t-a-razak-1.png.image.470.246 t-a-razak-2.png.image.470.246

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment