മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ അവസരം നിഷേധിക്കാന്‍ പാടില്ലെന്ന് കോടിയേരി

kodiyeri-balakrishnanതിരുവനന്തപുരം: മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ അവസരം നിഷേധിക്കാന്‍ പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ദേശാഭിമാനി’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ശബരിമലയും സ്ത്രീപ്രവേശനവും’ ലേഖനത്തിലാണ് വിവാദ പരാമര്‍ശം.

പൊതുയിടങ്ങളിലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും സ്ത്രീകളുടെ പദവി മെച്ചപ്പെടുത്താന്‍ ശബരിമലയിലെ സ്ത്രീപ്രവേശനം ഉപകരിക്കും. ഫ്യൂഡല്‍ ചിന്തയുള്ളവര്‍ക്കേ ഇത് ആചാരത്തിന്‍െറ പ്രശ്നമാകൂ. സ്ത്രീപ്രവേശനത്തിന് സി.പി.എം അനുകൂലമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍െറ നിലപാട് കെ.പി.സി.സിയുടെയും കോണ്‍ഗ്രസിന്‍െറയും പ്രതിപക്ഷത്തിന്‍െറയും ഒൗദ്യോഗിക നിലപാടാണോയെന്ന് വ്യക്തമാക്കണം.

ജീവശാസ്ത്രപരമായ പ്രത്യേകതകളില്‍ ഒന്നാണ് മാസമുറ. ഇത് പോരായ്മയെന്ന മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം എന്നിവ ഇല്ലാതാക്കാനുള്ള ഒന്നായി പെരുപ്പിച്ച് കാണിക്കുന്നത് അവസാനിപ്പിക്കണം. സ്വന്തം ആരോഗ്യസ്ഥിതി വിലയിരുത്തി അവര്‍ മലകയറട്ടെ. ആര്‍.എസ്.എസ് നയിക്കുന്ന മോദി ഭരണത്തിന്‍െറ തണലില്‍ വര്‍ഗ-വര്‍ണ-ലിംഗ അസമത്വങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ വേണം സ്ത്രീപ്രവേശനത്തിന്‍െറ വ്യാപ്തി മനസ്സിലാക്കേണ്ടത്.

സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പുരുഷന്മാരുടെ നിയന്ത്രണം വിട്ടുപോകുമെന്ന വാദം അയ്യപ്പഭക്തന്മാരെയാകെ അധിക്ഷേപിക്കുന്നതാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായ വ്യത്യാസമന്യേ സാമൂഹികപ്രശ്നങ്ങളില്‍ സി.പി.എം പുരോഗമന നിലപാട് സ്വീകരിക്കാറുണ്ട്. ക്രിസ്ത്യന്‍ സ്ത്രീകളുടെ പിന്തുടര്‍ച്ചാ സ്വത്തവകാശ കേസിലും മുസ്ലിം സ്ത്രീകളെ സംബന്ധിച്ച ശരീഅത്ത് നിയമവിഷയത്തിലും പുരോഗമനനിലപാടാണ് എടുത്തത്. വിഭിന്നങ്ങളായ ന്യായവാദങ്ങളെ വിലയിരുത്തി ശബരിമലക്കേസില്‍ സുപ്രീംകോടതി തീര്‍പ്പ്കല്‍പിക്കട്ടെയെന്നും കോടിയേരി എഴുതുന്നു.

Print Friendly, PDF & Email

Leave a Comment