മദ്യനയം അട്ടിമറിക്കുന്നത് മദ്യലോബിയുമായുണ്ടാക്കിയ ധാരണപ്രകാരം -വി.എം. സുധീരന്‍

sudheeranകൊച്ചി: മദ്യലോബിയുമായുണ്ടാക്കിയ ധാരണപ്രകാരം മദ്യനയം അട്ടിമറിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ രംഗത്തുവരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മദ്യനയത്തിന്‍െറ നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വീടുകളിലെ സമാധാനവും സാമ്പത്തിക ശാക്തീകരണവും മറച്ചുവെക്കാനാണ് ശ്രമമമെന്നും സുധീരന്‍ പറഞ്ഞു.
പഞ്ചായത്തീരാജ്-നഗരപാലിക സംവിധാനത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും സ്പില്‍ ഓവറായ പദ്ധതിതുക തിരികെനല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തീരാജ്-നഗരപാലിക സംവിധാനത്തെ നിഷ്ഭ്രമമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. ഇതിന്‍െറ ഭാഗമായി പഞ്ചായത്തീരാജ് മന്ത്രാലയത്തെ ഇല്ലാതാക്കാന്‍ ഗുഢനീക്കം നടക്കുന്നു.

20 വര്‍ഷം മുമ്പ് നിലവില്‍വന്ന പഞ്ചായത്തീരാജ്-നഗരപാലിക നിയമങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടേണ്ട സമയമായി. ചിലയിടങ്ങളിലെങ്കിലും അനഭിലഷണീയ പ്രവണതകള്‍ ഉണ്ടെന്നും ഇത് ഇല്ലാതാക്കുക നമ്മുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ തമസ്കരിക്കുകയും ഗോഡ്സെയെ മഹത്വവത്കരിക്കുകയും ചെയ്യുന്നവര്‍ ചരിത്രത്തെ വെല്ലുവിളിക്കുകയാണ്.

മദ്യനയം: പ്രസ്താവന വളച്ചൊടിച്ചെന്ന് എ.സി. മൊയ്തീന്‍

കോഴിക്കോട്: ടൂറിസം മേഖലയിലുണ്ടായ തിരിച്ചടികളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മദ്യനയത്തെക്കുറിച്ചല്ലെന്നും ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. തന്‍െറ പ്രസ്താവനയില്‍ മദ്യനയത്തിലെ ഒരു കാര്യം മാത്രം അടര്‍ത്തിയെടുത്ത് വിവാദം സൃഷ്ടിക്കുകയായിരുന്നു. വേങ്ങേരി കോഓപറേറ്റിവ് ബാങ്കിന്‍െറ തണ്ണീര്‍പന്തല്‍ ശാഖ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനയത്തെക്കുറിച്ചല്ല താന്‍ പറഞ്ഞത്. ടൂറിസം മേഖല അനുഭവിക്കുന്ന പ്രയാസങ്ങളിലൊന്ന് ഈ മദ്യനയം ഉണ്ടാക്കിയിട്ടുണ്ടെന്ന ടൂറിസം വകുപ്പിന്‍െറ പഠനറിപ്പോര്‍ട്ട് സര്‍ക്കാറിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. മദ്യനയം രൂപവത്കരിക്കേണ്ടത് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്താണ്. അപ്പോഴാണ് അതിനെക്കുറിച്ച് പറയാനാവുക. വിനോദ സഞ്ചാരമേഖല അനുഭവപ്പെടുന്ന വെല്ലുവിളികളെക്കുറിച്ച് വകുപ്പ് ഒരു ഏജന്‍സിയെവെച്ചാണ് പഠനറിപ്പോര്‍ട്ട് ഉണ്ടാക്കിയത്. ടൂറിസത്തിന്‍െറ വളര്‍ച്ചാ നിരക്ക് കുറയാനുള്ള ഒരുപാട് കാരണങ്ങളിലൊന്നുമാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയില്‍ കനത്ത മത്സരമാണ് നടക്കുന്നത്. മദ്യനയവും മാലിന്യ പ്രശ്നവും ഈ രംഗത്ത് സംസ്ഥാനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. വലിയ കോണ്‍ഫറന്‍സുകളും പരിപാടികളും സംസ്ഥാനത്തിന് പുറത്തേക്ക് പോവുകയാണ്. മദ്യനയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും താന്‍ പങ്കെടുത്തിട്ടില്ല. മദ്യനയത്തില്‍ യു.ഡി.എഫില്‍ ഏകീകൃതമായ നയമുണ്ടായിരുന്നില്ല. സുധീരന്‍െറ മദ്യനിലപാടുമൂലം കൈക്കൂലി ലഭിക്കാതിരുന്ന ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുകയായിരുന്നു. മദ്യനയത്തിന്‍െറ ചര്‍ച്ച വരുമ്പോള്‍ ടൂറിസം വകുപ്പിന്‍െറ നിലപാട് വ്യക്തമാക്കും. അര്‍ധരാത്രിവരെ ബാറുകള്‍ തുറക്കണമെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ഉണ്ടാക്കിയത് മാത്രമാണെന്നും ടൂറിസം വകുപ്പ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ലാഭകരമല്ലാത്ത കണ്‍സ്യൂമര്‍ഫെഡിന്‍െറ നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്ന തീരുമാനത്തെയും മന്ത്രി പിന്തുണച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment