തെരുവ് പട്ടികളെ സംരക്ഷിക്കണമെന്നും അവയെ കൊന്നൊടുക്കരുതെന്നും ശക്തമായി വാദിക്കുന്ന കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗാവകാശ സംഘടനയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. മലയാളികള്‍ അംഗങ്ങളായ ടീം കേരള സൈബര്‍ വാരിയേഴ്സ് എന്ന ഹാക്കിങ് സംഘമാണ് പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് ഇന്ത്യ ഡോട്ട് ഒര്ഗ് എന്ന വെബ്സൈറ്റിന്റെ ഉള്‍പേജുകള്‍ ഹാക്ക് ചെയ്തത്. വെബ്സൈറ്റ് ആക്രമിച്ച സംഘം തിരുവനന്തപുരത്ത് തെരുവുപട്ടികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വൃദ്ധയുടെ ചിത്രം സ്ട്രേ ഡോഗ് ഫ്രീ ഇന്ത്യ എന്ന ഹാഷ്ടാഗോടു കൂടി പോസ്റ്റ് ചെയ്യുകയും ചെയ്തു.
തെരുവുപട്ടികളെ കൊന്നൊടുക്കുന്നതിനെതിരെ മനേക ഗാന്ധിയടക്കമുള്ള മൃഗാവകാശ പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തുവന്നിരുന്നു. തെരുവു പട്ടികളെ കൊല്ലുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണെമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് മനേക ഗാന്ധിയ്ക്കെതിരെ പ്രതിഷേധം ഉയരാന്‍ കാരണം.
കരുംകുളം പുല്ലുവിള ചെമ്പകന്‍രാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയെ കഴിഞ്ഞ വെള്ളിയാഴ്ച തെരുവുപട്ടികള്‍ കൂട്ടമായി കടിച്ചുകീറി കൊലപ്പെടുത്തിയിരുന്നു. രാത്രി എട്ടരയോടെ പുറത്തേക്കിറങ്ങിയ ശിലുവമ്മയെ കാണാഞ്ഞതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ മകന് സെല്‍വരാജാണ് അമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നത് കണ്ടത്. തുടര്‍ന്ന് നായ്ക്കളെ ഓടിച്ച് ശിലുവമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പുല്ലുവിള പ്രദേശത്ത് വളരെ നാളായി തെരുവുപട്ടികളുടെ ശല്യം രൂക്ഷമാണ്. പട്ടികളുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതോടെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply