പ്രയാറിനെ സുധീരന്‍ ഉപദേശിക്കണം -കടകംപള്ളി

dc-Cover-nfbn79h8s5obvrb1dobbql4ub0-20160523070121.Mediതിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉപദേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കില്ല.

പ്രയാര്‍ മതേതരവാദിയാണെന്ന് സുധീരന്‍ പറഞ്ഞതുകൊണ്ടായില്ല. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം. ശബരിമല അവലോകന യോഗത്തില്‍ അദ്ദേഹം സംസാരിച്ചതു കേട്ടാല്‍ മതേതരവാദിയാണെന്ന് കരുതാനാകില്ല. കെ.പി.സി.സിയുടെ നിര്‍ദേശാനുസരണമാണ് പ്രയാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റായത്. അതിനാല്‍ കെ.പി.സി.സിയുടെ നിലപാടുകള്‍ക്ക് വിധേയമായാണ് സംസാരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. ദൗര്‍ഭാഗ്യവശാല്‍ പ്രയാറിന്‍െറ പെരുമാറ്റം അങ്ങനെയല്ല. സന്നിധാനത്ത് അദ്ദേഹം ഉപവാസം നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് ആലോചിച്ചാല്‍ ഇതിനുള്ള ഉത്തരം കിട്ടും.

ഭക്തരുടെ വികാരം മാനിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളൂ. ശബരിമലയില്‍ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ ദിവസം നടതുറക്കാമോയെന്ന സാധ്യത പരിശോധിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ അഭിപ്രായം പറയാന്‍ പ്രയാര്‍ താന്ത്രിക വിദ്യയൊന്നും അഭ്യസിച്ചിട്ടില്ല. ലിംഗസമത്വം അംഗീകരിക്കുന്ന പാര്‍ട്ടിയിലെ അംഗമെന്ന നിലയിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ നിലപാടെടുത്തത്. തിരുപ്പതി മോഡല്‍ പരിഷ്കാരം നടപ്പാക്കാമോയെന്ന് മുഖ്യമന്ത്രി ചോദിച്ചത് മഹാ അപരാധമായി ചിത്രീകരിക്കുന്ന പ്രയാര്‍, എന്‍.ആര്‍.ഐകളില്‍നിന്ന് 25 ഡോളര്‍ ഫീസ് വാങ്ങി വി.ഐ.പി ദര്‍ശനത്തിന് ഹൈകോടതിയുടെ അനുമതി തേടിയ വ്യക്തിയാണ്. ഇക്കാര്യം മുഖ്യമന്ത്രി പറയുമ്പോള്‍ മാത്രം അദ്ദേഹം ക്ഷോഭിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ നിലപാടുകള്‍ ദുരൂഹമാണ്.

ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട -ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ളെന്ന് ഉമ്മന്‍ ചാണ്ടി. അത്തരം വിഷയങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ അനുയോജ്യമായ വേദികളില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിവാദമുണ്ടാക്കാന്‍ പ്രതിപക്ഷത്തിന് താല്‍പര്യമില്ല. ആചാരങ്ങളില്‍ തീരുമാനമെടുക്കാനല്ല വകുപ്പും മന്ത്രിയുമൊക്കെ ഉണ്ടാക്കിയത്. ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണത്. മറ്റ് മതവിശ്വാസങ്ങളില്‍ ഇടപെടാത്തതുപോലെ ഹൈന്ദവ ആചാരങ്ങളിലും സര്‍ക്കാര്‍ കൈകടത്തേണ്ട ആവശ്യമില്ളെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നുമില്ല. മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ട്. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് കോണ്‍ഗ്രസിലെ കാര്യങ്ങളില്‍ ഘടക കക്ഷികള്‍ക്കും അഭിപ്രായം പറയാം. അത് യു.ഡി.എഫിന്‍െറ ശൈലിയാണ്. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ തീര്‍പ്പുണ്ടാക്കല്‍ ഹൈകമാന്‍ഡിന്‍െറ പരിഗണനയിലുള്ള വിഷയമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment