അമേരിക്കയില്‍ 52 ശതമാനം ജീവനക്കാരും തൊഴിലില്‍ അതൃപ്തരെന്ന് പഠനം

job-dissatisfactionവാഷിംഗടണ്‍: അമേരിക്കയില്‍ 52 ശതമാനം ജീവനക്കാരും തൊഴിലില്‍ സംതൃപ്തരല്ലെന്നും ഇക്കാരണത്താല്‍ ഭൂരിപക്ഷം പേര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പഠനം. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി ഗവേഷകനായ ജോനാഥന്‍ ഡിര്‍ലാമിന്‍െറ നേതൃത്വത്തില്‍ അസോസിയേറ്റ് പ്രഫസര്‍ ഹൂയ് സെങിന്‍െറ കീഴില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് താരതമ്യേന തൊഴില്‍ സംതൃപ്തി കുറവാണ്.

6,432 അമേരിക്കക്കാരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 45 ശതമാനം പേരും തങ്ങളുടെ തൊഴിലില്‍ തീരെ സംതൃപ്തിയില്ലാത്തവരാണ്. 15 ശതമാനം പേര്‍ മാത്രമാണ് സന്തോഷത്തോടെയും സംതൃപ്തിയോടെയും തൊഴിലെടുക്കുന്നത്. 23 ശതമാനം പേര്‍ക്ക് തൊഴിലില്‍ അസംതൃപ്തി ആരംഭിച്ചപ്പോള്‍ 17 ശതമാനം അസംതൃപ്തിയെ അതിജീവിച്ചവരാണ്.

ജീവനക്കാരുടെ മാനസികാരോഗ്യവും തൊഴില്‍ സംതൃപ്തിയും തമ്മില്‍ ബന്ധമുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. തൊഴിലില്‍ അസംതൃപ്തരായവരും 40 വയസ്സ് പിന്നിടുകയും ചെയ്തവരില്‍ ഭൂരിഭാഗവും എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്. വിഷാദ രോഗം, ഉറക്കമില്ലായ്മ, അമിതകോപം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളാണ് ഇവരില്‍ അധികവും കാണപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദവും വൈകാരിക പ്രശ്നങ്ങളും മിക്കവരിലുമുണ്ട്. ഇതിന് പുറമെയാണ് പുറംവേദന, ജലദോഷം തുടങ്ങി അര്‍ബുദം വരെയുള്ള ശാരീരിക പ്രശ്നങ്ങളും കണ്ടുവരുന്നതായി പഠനം പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment