പാകിസ്താന്‍ നരകമല്ലെന്നു പറഞ്ഞ നടി രമ്യക്കെതിരെ ഹരജി

remya actress on pakisthanബംഗളൂരു: പാകിസ്താന്‍ നരകമല്ലെന്നു പറഞ്ഞ കന്നട നടിയും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ രമ്യക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് കുടക് കോടതിയില്‍ ഹരജി. കെ. വിറ്റാല്‍ ഗൗഡ എന്ന അഭിഭാഷകനാണ് തിങ്കളാഴ്ച സോംവാര്‍പേട്ട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ളാസ് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.

ഇന്ത്യയെ അപമാനിച്ചെന്നും രാജ്യത്തിന്‍െറ പരമ്പരാഗതശത്രുവായ പാകിസ്താനെ പ്രകീര്‍ത്തിച്ചതിലൂടെ ജനങ്ങളെ പ്രകോപിപ്പിച്ചെന്നും ഹരജിക്കാരന്‍ കുറ്റപ്പെടുത്തി. പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകറുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു രമ്യ. പരീകര്‍ പറഞ്ഞതുപോലെ പാകിസ്താന്‍ നരകമൊന്നുമല്ലെന്നും അവിടെയുള്ളവരും നമ്മളെപ്പോലുള്ള മനുഷ്യരാണെന്നും അവിടെ തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും മാണ്ഡ്യയില്‍ നടന്ന മഹിളാ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് രമ്യ പറഞ്ഞത്.

മാണ്ഡ്യയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായി സാര്‍ക് രാജ്യങ്ങളിലെ യുവ എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് രമ്യ അടുത്തിടെ പാകിസ്താനിലത്തെിയത്. രമ്യയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി മാണ്ഡ്യയിലും മൈസൂരുവിലും പ്രതിഷേധവുമായി രംഗത്തത്തെി. സമൂഹമാധ്യമങ്ങളിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. പാകിസ്താനിലാണ് നല്ലവരെങ്കില്‍ അങ്ങോട്ടുപോകുന്നതാണ് തല്ലതെന്നും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രമ്യക്ക് നല്‍കണമെന്നും പരിഹാസരൂപേണ നടന്‍ ജഗ്ഗേഷ് വിമര്‍ശിച്ചു.

അതേസമയം പാകിസ്താന്‍ നരകമല്ളെന്ന തന്‍െറ പരാമര്‍ശത്തില്‍ മാപ്പുപറയില്ളെന്ന് രമ്യ. തെറ്റായി ഒന്നും ചെയ്തിട്ടില്ല. മനസ്സിലുള്ളത് തുറന്നുപറയുന്നതിനുള്ള അവകാശം എനിക്കുണ്ട്. ജനാധിപത്യം തരുന്ന സ്വാതന്ത്ര്യമാണത്. മറ്റേതു സാഹചര്യമായിരുന്നുവെങ്കിലും മാപ്പുപറയുമായിരുന്നു. ഇപ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രസ്താവന തള്ളിക്കളയുന്നതിനു തുല്യമായിരിക്കും. മനസ്സിലുള്ളത് തുറന്നുപറയുന്നത് ആരാണെങ്കിലും അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന സമ്പ്രദായമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തെ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ട്. ഏതാനും ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാമായിരുന്നുവെന്നും രമ്യ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

One Thought to “പാകിസ്താന്‍ നരകമല്ലെന്നു പറഞ്ഞ നടി രമ്യക്കെതിരെ ഹരജി”

  1. Joseph

    രമ്യ പറഞ്ഞതിൽ തെറ്റൊന്നുമില്ല. ലോകത്തിലുള്ള എല്ലാ ജനങ്ങളും പാക്കിസ്ഥാനിയോ ചൈനാക്കാരനോ ആരുതന്നെയെങ്കിലും ഏവരുടെയും വൈകാരികമായ ചിന്താഗതികൾ ഒന്നുതന്നെയാണ്. ചൈനാ-ഇൻഡ്യ യുദ്ധം ഞാൻ പഠിക്കുന്ന കാലങ്ങളിലായിരുന്നതും ഓർക്കുന്നു. അന്ന് മലയാളം പഠിപ്പിച്ചിരുന്നത് ഒരു കൈമൾ സാറായിരുന്നു. ക്ലാസ്സിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, “ചൈനയെ തൂത്തു നശിപ്പിക്കാൻ പത്തു ചൈനാക്കാരന് ഒരു ഇന്ത്യാക്കാരൻ മതി. ചൈനാക്കാരനെ കൊന്നിട്ട് അവന്റെ രക്തം കുടിക്കുന്നത് എന്തു രുചിയാണെന്നോ. അവർ കൗരവന്മാരാണ്, നമ്മൾ പാണ്ഡവരാണ്.” ഇതുകേട്ട് ഞാനും അന്ന് ചൈനാക്കാർക്കെതിരെ ആവേശഭരിതനായിരുന്നു. ഞാൻ തന്നെയല്ല അന്ന് കൂടെയുണ്ടായിരുന്ന സഹപാഠികളെല്ലാം ചൈനാക്കാരന്റെ രക്തദാഹികളായിരുന്നു. അത്തരം വിഡ്ഢികളായ അദ്ധ്യാപകരിൽ നിന്ന് പ്രചോദനം നേടിയവരെല്ലാം പിന്നീട് മന്ത്രിമാരും കേന്ദ്ര മന്ത്രിമാരുമൊക്കെയായി കാണും. അതിനുദാഹരണമാണ് പാക്കിസ്ഥാൻ നരകമെന്ന ഒരു കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയും. അമിതമായ രാജ്യഭക്തിയും വർഗീയതയുമാണ് നമ്മുടെ നാടിന്റെ ശാപം.

    അമേരിക്കയിൽ കുടിയേറുംവരെ പാക്കിസ്ഥാനിയെയും ചൈനാക്കാരനെയും വെറുത്തുകൊണ്ടുള്ള ചിന്താഗതി എനിക്കുമുണ്ടായിരുന്നു. ഒരിക്കൽ ഒരു കടയിൽവെച്ച് ഒരു പാക്കിസ്ഥാനിയുമായി രാജ്യകാര്യം പറഞ്ഞു ഏറ്റുമുട്ടുകയുമുണ്ടായി. പിന്നീട് ഞാൻ ജോലിസ്ഥലത്തും പൊതു സ്ഥലങ്ങളിലും അനേക ചൈനാക്കാരും പാക്കിസ്ഥാനികളുമായി ഇടപെടേണ്ടി വന്നു. ഇന്നും എനിക്ക് അനേകം ചൈനാക്കാരെയറിയാം. അവരെല്ലാം നല്ലയാളുകൾ, മനുഷ്യത്വമുള്ളവരെന്നു മാത്രമേ എനിയ്ക്കു തോന്നിയിട്ടുള്ളൂ. എന്റെ സഹപ്രവർത്തകനായിരുന്ന ചൈനാക്കാരൻ മിസ്റ്റർ ‘മാ’ പറയുമായിരുന്നു, ജോസഫ്, രാജ്യങ്ങൾ തമ്മിലുള്ള ഈ വഴക്കുകൾ ചിലരുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണ്. കഴുതകളായ ജനങ്ങളെ അതിനു കരുക്കളും ബലിയാടുകളുമാക്കും.”

    ജവഹർലാൽ നെഹ്രുവിന്റെ അധികാരക്കൊതിയാണ് കാശ്മീർ പ്രശ്നമുണ്ടായതിനു കാരണം. സുഭാഷ് ചന്ദ്രബോസ് കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന മന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ ‘ജിന്നാ’യായിരുന്നു. ജിന്നായുള്ളടത്തോളം കാലം നെഹ്രുവിനു ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്നും അറിയാമായിരുന്നു. അതുകൊണ്ടു ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം നെഹ്രുവിന്റെ അധികാര മോഹത്തിനാവശ്യമായിരുന്നു. നെഹ്‌റു സംയമനം പാലിച്ചിരുന്നെങ്കിൽ ഇൻഡ്യ-പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉണ്ടാവില്ലായിരുന്നു. കാശ്മീർ പ്രശ്നവും വരില്ലായിരുന്നു.

    ഇന്ന് ടെക്കനോളജി യുഗത്തിൽ ലോകത്തിലുള്ള എല്ലാ രാജ്യങ്ങളുടെയും പരസ്പര സഹകരണം ആവശ്യമാണ്. ഉപനിഷത്തും വേദങ്ങളും കക്ഷത്തിൽ പിടിച്ചുകൊണ്ട് ഏക ലോകമെന്ന തത്ത്വങ്ങൾ വിളമ്പുന്നവർ പാക്കിസ്ഥാനിലും ചൈനയിലും ഭാരതത്തിലുള്ളവരെപ്പോലെ തന്നെ നല്ല ജനങ്ങളുമുണ്ടെന്നു മനസിലാക്കണം. പ്രധാനമന്ത്രി മോഡിപോലും പാക്കിസ്ഥാൻ സന്ദർശനം കഴിഞ്ഞു അവിടം നരകമെന്നു പറഞ്ഞില്ല. അദ്ദേഹത്തോട് വളരെയധികം ആതിഥ്യമര്യാദയോടെ പെരുമാറുന്നതും യൂട്യൂബിൽ കാണാം.

Leave a Comment

Related News