പുരാണ കേരളീയ രംഗകലയ്ക്ക് വേദി ഒരുക്കുന്നു

Teacherഡാലസ്: പുത്തന്‍ തലമുറ അറിയാത്തതും എന്നാല്‍ ലോകം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്ന ഒട്ടേറെ നാടന്‍ കലാരൂപങ്ങള്‍ നമുക്കുണ്ട്. കഥകളിയും ഓട്ടന്‍ തുള്ളലും മോഹിനിയാട്ടവും കൂത്തും കൂടിയാട്ടവുമെല്ലാം നമ്മുടെ അഭിമാന കലകള്‍ തന്നെ. ഇവയെക്കുറിച്ചെല്ലാം ആഴത്തില്‍ അറിയുവാന്‍ പുത്തന്‍ തലമുറ ശ്രമിക്കണം.

മുന്നൂറിലേറെ കൊല്ലങ്ങള്‍ക്കു മുന്‍പ് കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളല്‍ എന്ന കലക്ക് ആരംഭം കുറിച്ചത് അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുന്‍വിധികള്‍ക്കും എതിരായ ഒരു പ്രതിഷേധ പ്രകടനം എന്ന നിലയിലായിരുന്നു.

എന്നാല്‍ ഇന്ന് മലയാളി സമൂഹം ഓട്ടന്‍ തുള്ളലിനെ കേരളം സംസ്കാരത്തിന്റെ ഭാഗമായി കാണുകയും, ജാതി മത വ്യത്യാസം കൂടാതെ ആ കലയെ പരിപോഷിപ്പിച്ചും പോരുന്നു. തൊഴില്‍, ആചാരം, അനുഷ്ഠാനം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വ്യത്യസ്ത കലാരൂപങ്ങളുടെ കലവറയാണ് നമ്മുടെ കേരളം. ജാതി മത ഭേദമെന്യേ മണ്ണും മനുഷ്യനും തമ്മിലുള്ള ഉറ്റബന്ധത്തില്‍ നിന്ന് പിറന്നവയാണ് നമ്മുടെ നാടന്‍ കലകള്‍ എല്ലാം തന്നെ.

കേരളീയ സംസ്കാരത്തിന്റെ ഈടുവയ്പ്പുകളായ അത്തരം കലാരൂപങ്ങളെ പ്രവാസി മനസിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡാലസ് സൗഹൃദ വേദി നിലകൊള്ളുന്നത്.

2016 സെപ്തംബര്‍ 10 നു ഡാലസ് സൗഹൃദ വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലെ ഏറ്റം പുതുമയേറിയതും എന്നാല്‍ പുതയ തലമുറ ദര്‍ശിക്കാത്തതും, മറന്നുകൊണ്ടിരിക്കുന്നതുമായ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിലൂടെ പ്രവാസി മലയാളി മനസ്സുകളെ ദൈവത്തിന്റെ നാടായ കേരളക്കരയിലേക്ക് എത്തിക്കുമെന്ന് സംശയിക്കേണ്ട.

മുപ്പതില്‍പരം വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആയിരക്കണക്കിന് കുട്ടികളുടെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു ഇപ്പോള്‍ മക്കളോടും പേരക്കുട്ടികളോടുമൊത്തു ഡാലസില്‍ താമസിച്ചു വരുന്ന ആലുമൂട്ടില്‍ സാറാ ടീച്ചര്‍ ആണ് ഓട്ടന്‍ തുള്ളലിന്റെ രചയിതാവ്.

നളചരിതം തരംഗിണിഭാഷാ വൃത്തത്തിലും, രംഗാധിഷ്ഠിത സംഗീതത്തോടും കൂടി ആവിഷ്ക്കരിച്ചു തുള്ളക്കാരനെ പ്രദര്‍ശിപ്പിക്കുവാനുള്ള തത്രപ്പാടിലാണ് സാറാ ടീച്ചര്‍. തുള്ളലുകാരനു വേണ്ട വേഷം/കോസ്റ്റുംസ് സംഘടിപ്പിച്ചത് വളരെ ബുദ്ധിമുട്ടിച്ചെന്നാണ് ടീച്ചര്‍ പറഞ്ഞത്.

thullal 1ടീച്ചറിന്റെ ഭാവനയിലുള്ള തുള്ളലുകാരനെപറ്റി ഇതാണ് അഭിപ്രായം:

തലയില്‍ കെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനു പുറമെ വിടര്‍ത്തിയ കിരീടം ധരിച്ച്, മുഖത്ത് പച്ച പൂശി, കണ്ണും പുരികവും വാല്‍നീട്ടിയെഴുതി, നെറ്റിയില്‍ പൊട്ടും തൊട്ട്, ഉരസ്സില്‍ കൊരലാരം, കഴുത്താരം, മാര്‍മാല എന്നിവയും ധരിച്ച്, കൈകളില്‍ കടക കങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ്, അരയില്‍ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ് ഓട്ടന്‍തുള്ളല്‍ക്കാരനെ തുറന്ന രംഗവേദിയിലേക്ക് കൊണ്ടുവരിക.

വേദിയില്‍ മുന്‍ഭാഗത്തായി നിലവിളക്ക് കൊളുത്തിവെക്കും. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് മൂന്നു പുരുഷന്മാരാണ് ഉള്ളത്. തുള്ളല്‍ക്കാരനും രണ്ടു വാദ്യക്കാരും.തുള്ളല്‍ക്കാരന്‍ പാടുന്ന വരികള്‍ വാദ്യക്കാര്‍ ഏറ്റുപാടുന്നു. തൊപ്പിമദ്ദളവും കൈമണിയുമാണ് തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍.

നാട്ടിലെ സ്കൂളുകളില്‍ അദ്ധ്യാപനം നടത്തിയപ്പോള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പല ഓട്ടന്‍ തുള്ളല്‍ മത്സരത്തിനും രംഗ പശ്ചാത്തലം ഒരുക്കിയിട്ടുള്ള സാറാ ടീച്ചര്‍ അമേരിക്കയില്‍ ആദ്യമായാണ് രംഗാവിഷ്കാരണം നടത്തുന്നത്. പുരാണകഥകളെ പ്രവാസി മനസ്സുകളില്‍ എത്തിക്കുവാനും, നര്‍മ്മ രസം തുളുമ്പുന്ന വിമര്‍ശം നടത്താനും ഓട്ടന്‍തുള്ളല്‍ കഥാപാത്രത്തിലൂടെ ടീച്ചര്‍ ഉദ്ദേശിക്കുന്നു.

കേരള സംസ്കാരത്തോടു കൂറുള്ള ടീച്ചറെ പോലുള്ളവരെയാണിന്നു പ്രവാസി ലോകത്തിനു ആവശ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ അഴുക്കു ചാലുകളിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പുത്തന്‍ തലമുറയുടെ രൂപാന്തരത്തിനു ഇതുപോലെ ഉള്ളവരുടെ സാന്നിദ്ധ്യവും, സഹകരണവും അനിവാര്യമാണ്.

Print Friendly, PDF & Email

Leave a Comment