ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ “സാഹോദര്യ തിരുവോണം” സെപ്തംബര്‍ 4 ഞായറാഴ്ച; സ്വാമി ഉദിത് ചൈതന്യജിയും കലാഭവന്‍ ജയനും സംബന്ധിക്കുന്നു

getPhotoഫിലഡല്‍ഫിയ: പ്രവാസികള്‍ക്കിടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ ‘സാഹോദര്യ തിരുവോണം’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 4 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ (608 WELSH RD, PHILADELPHIA, PA, 19115) വച്ച് നടത്തുന്നതാണ്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഓണാഘോഷത്തിന്റെ മുന്നോടിയായി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ നൃത്ത മത്സരം നടത്തുന്നതാണ്. ചെണ്ടമേളത്തോടെയും, ബാലികാ-ബാലകന്മാര്‍ കര്‍പൂരദീപവുമേന്തി അണിനിരന്നു കൊണ്ടും, നാടന്‍ കലാരൂപങ്ങളുടെ വേഷപകര്‍ച്ചകള്‍ ഉള്‍പ്പെടുത്തിയ ഘോഷയാത്രയില്‍ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പൊതു സമ്മേളനം. തിരുവാതിര, മാവേലി മന്നന്റെ എഴുന്നള്ളത്ത്, അടുക്കളത്തോട്ട മത്സര വിജയികളെ പ്രഖ്യാപിക്കല്‍, അവാര്‍ഡുദാനം എന്നിവ പൊതുസമ്മേളനവേദിയില്‍ അരങ്ങേറും. നൂപുര ഡാന്‍സ് അക്കാഡമി (അജി പണിക്കര്‍) അണിയിച്ചൊരുക്കുന്ന നൃത്തനൃത്ത്യങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

ഈ വര്‍ഷം ഫിലഡല്‍ഫിയായിലെ മലയാളികള്‍ക്കായി ഓണസന്ദേസം നല്‍കുവാന്‍ എത്തുന്നത് ചാനലുകളിലും വേദികളിലും അര്‍ത്ഥവത്തായ പ്രഭാഷണങ്ങളിലൂടെ മനുഷ്യമനസുകളെ ഉയര്‍ന്ന തലത്തിലെത്തിക്കുവാന്‍ പ്രത്യേക കഴിവുള്ള സ്വാമി ഉദിത് ചൈതന്യാജി ആണ്. സ്വാമിജിയുടെ അമേരിക്കന്‍ പര്യടനത്തില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം വേദിയില്‍ ഈ സന്ദര്‍ശനം എന്തുകൊണ്ടും അവിസ്മരണീയാനുഭവമായിരിക്കും. അറിവിന്റെ പാലാഴിയായ സ്വാമിജി നിയമപഠനത്തിനു ശേഷം മഹാരാഷ്ട്രയില്‍ സ്വാമിജി സന്ദീപനിയുടെ (സെക്രട്ടറി, ആചാര്യ വിനോബഭാവെ) പ്രഭാഷണങ്ങളില്‍ ആകൃഷ്ടനാകുകയും പിന്നീട് ചിന്മയ മിഷനില്‍ ചേരുകയും, ആധുനിക യുഗത്തില്‍ ഭാഗവതത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുകയും പുതുയുഗത്തില്‍ രാമായണവും, നാരായണീയവും കുറിച്ച് വളരെ ഗഹനമായ അറിവില്‍ നിന്നും ലളിതമായ ഭാഷയില്‍ മാനവരാശിയുടെ നന്മക്കായി തന്റെ പ്രഭാഷണങ്ങളിലൂടെ അറിവിന്റെ സൂക്തങ്ങള്‍ പറയുകയും ചെയ്യുന്ന ഒരു പ്രഭാഷകനായി ഇന്നു ലോകം മുഴുവന്‍ അറിയപ്പെടുന്ന ഏതാനും ചില പ്രമുഖ പ്രഭാഷകരിലൊരാളായി മാറുകയും വിവിധ ചാനലുകളിലൂടെയും, പുസ്തകങ്ങളിലൂടെയും സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു. സ്വാമിജിയുടെ ഈ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുവാന്‍ കിട്ടുന്ന അസുലഭാവസരം നഷ്ടപ്പെടുത്തിക്കളയരുതെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പത്രകുറിപ്പില്‍ അറിയിച്ചു.

വര്‍ത്തമാനകാലഘട്ടത്തിലെ രാഷ്ട്രീയ-സാമൂഹിക സംഭവ വികാസങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചുകൊണ്ടുള്ള ചാക്യാര്‍കൂത്ത്, മിമിക്രി, പച്ച മണ്ണിന്റെ ഗന്ധമുള്ള നാടന്‍പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കുവാനായി ബഹുമുഖകലാപ്രതിഭയായ കലാഭവന്‍ ജയന്‍ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷരാവില്‍, വേദിയില്‍ അരങ്ങു തകര്‍ത്തു നിറഞ്ഞാടും.
കാണികള്‍ക്കായി കുടുകുടെ പൊട്ടിച്ചിരിപ്പിക്കുവാനായി ഈ ഓണാഘോഷവേദിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പോസ് ചെറിയാന്‍ (215 605 7310), തോമസ് പോള്‍ (267) 825 5183, സുരേഷ് നായര്‍ (267) 515 8375, ജീമോന്‍ ജോര്‍ജ്ജ് (267) 970 4267, അനൂപ് ജേക്കബ് (267) 423 5060.

Print Friendly, PDF & Email

Related News

Leave a Comment