Flash News

ഈ ​വ​ര്‍​ഷ​ത്തെ അ​വ​സാ​ന ഗ്രാ​ന്‍​ഡ്സ്ലാം ടൂ​ര്‍​ണ​മെ​ന്‍റാ​യ യു​എ​സ് ഓ​പ്പ​ണി​ന് ഇ​ന്നു തു​ട​ക്ക​മാ​കും; എല്ലാവരും ഫ്ലഷിംഗ് മെഡോസിലേക്ക്

August 29, 2016

fucsovics-us-open-2016-fridayന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റായ യുഎസ് ഓപ്പണിന് ഇന്നു തുടക്കമാകും. സെപ്റ്റംബര്‍ 11 വരെയാണു ടൂര്‍ണമെന്‍റ്. പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡായ നൊവാക് ദ്യോക്കോവിച്ചും വനിതാ വിഭാഗത്തില്‍ ഇറ്റലിയുടെ വിരമിച്ച താരം ഫ്ലാവിയോ പെന്നറ്റയുമാണു നിലവിലുള്ള ജേതാക്കള്‍. ഇപ്പോഴത്തെ ടോപ് സീഡുകളായ നൊവാക് ദ്യോക്കോവിച്ചിനും സെറീന വില്യംസിനും പുറമേ രണ്ടാം സീഡുകളായ ആന്‍ഡി മറെയും ഏഞ്ജലിക് കെര്‍ബറും ടൂര്‍ണമെന്‍റിനെത്തുന്നുണ്ട്. പുരുഷ വിഭാഗത്തില്‍ സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്ക മൂന്നാമതും മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ നാലാമതുമാണ്. വനിതകളില്‍ ഗാര്‍ബൈന്‍ മുഗുരുസ, അഗ്നീസ്ക റഡ്വാന്‍ൻസ്ക എന്നിവരാണു മൂന്നും നാലും സ്ഥാനത്ത്. ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ആന്‍ഡി മറെ ആദ്യ മത്സരത്തില്‍ ചെക് താരം ലൂക്കാസ് റസോലിനെ നേരിടും. ഒട്ടനവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്.

ഒളിംപിക്സിലെ അട്ടിമറികള്‍
ടെന്നിസ് ലോകത്തെ ഞെട്ടിച്ച അട്ടിമറികള്‍ക്കാണു റിയൊ ഒളിംപിക്സിലെ കോര്‍ട്ട് സാക്ഷിയായത്. അതിനു ശേഷം നടക്കുന്ന ആദ്യം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റ് എന്ന പ്രത്യേകതയും ഇത്തവണത്തെ യുഎസ് ഓപ്പണുണ്ട്. ഒന്നാം സീഡുകളായ ദ്യോക്കോവിച്ചും സെറീന വില്യംസും ഒളിംപിക്സില്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു. അമെരിക്കയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു വില്യംസ് സഹോദരിമാര്‍. ഡബിള്‍സ് ആദ്യ റൗണ്ടില്‍ വില്യംസ് ജോഡി പുറത്തായതിനു പിന്നാലെ സിംഗിള്‍സിലും ഇരുവര്‍ക്കും രണ്ടാം റൗണ്ടിലേക്കെത്താനായില്ല. സെറീന യുക്രൈന്‍ താരം എലീസ് സ്വിറ്റോലിനയോടും വീനസ് ബല്‍ജിയത്തിന്‍റെ ക്രിസ്റ്റ്യന്‍ ഫ്ലിപ്കെന്‍സിനോടും പരാജയപ്പെട്ടു. അവര്‍ക്കു പിന്നാലെ നൊവാക് ദ്യോക്കോവിച്ചും വീണു. ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ മത്സരത്തില്‍ തന്നെ പരാജയപ്പെടുത്തിയ അര്‍ജന്‍റൈന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെഡ്രോ ഒരിക്കല്‍കൂടി ദ്യോക്കോവിച്ചിനെ ഒളിംപിക് മെഡലിലേക്കുള്ള പ്രയാണത്തില്‍ നിന്നു പുറത്താക്കി. റാഫേല്‍ നദാലും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയറിഞ്ഞു.

റെക്കോഡിലേക്കു കുതിച്ച് സെറീന
യുഎസ് ഓപ്പണ്‍ ജയത്തോടെ 22 സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം എന്ന സ്റ്റെഫി ഗ്രാഫിന്‍റെ റെക്കോഡ് തകര്‍ക്കുക എന്ന ലക്ഷ്യം സാധിക്കാന്‍ സെറീനയ്ക്കായാല്‍ അതു ചരിത്രമാകും. അതോടെ ഏറ്റവുമധികം സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം നേടിയ രണ്ടാമത്തെ താരമാകും സെറീന. ജൂലൈ മാസത്തില്‍ സെന്‍ട്രല്‍ കോര്‍ട്ടില്‍ തന്‍റെ ഏഴാം വിംബിള്‍ഡണ്‍ കീരിടം ഉയര്‍ത്തിയപ്പോള്‍ സെറീന, സ്റ്റെഫിയുടെ 22 ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടത്തിനൊപ്പമെത്തി. സെപ്റ്റംബര്‍ 11ന് യുഎസ് ഓപ്പണിന്‍റെ വിക്ടറി സ്റ്റാന്‍ഡിലേറിയാല്‍ 24 സിംഗിള്‍സ് ഗ്രാൻഡ് സ്ലാം നേടിയ മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാകും സെറീനയ്ക്കു മുന്‍പിലുണ്ടാകുക.

നഷ്ടമായി ഫെഡറര്‍
ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്‍റിന്‍റെ നഷ്ടമാകും. പരുക്കിനെത്തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയത്. അഞ്ച് യുഎസ് ഓപ്പണ്‍ കിരീടങ്ങളടക്കം 17 സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാമുകളും നാലു ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും നേടിയ അദ്ദേഹം 237 ആഴ്ചകളില്‍ തുടര്‍ച്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുള്ള താരമാണ്. അഞ്ചുതവണ വീതം എല്ലാം ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലും കളിച്ചിട്ടുള്ള താരമെന്ന അപൂര്‍വ റെക്കോഡും അദ്ദേഹത്തിനു സ്വന്തം. പീറ്റ് സാംപ്രസിനൊപ്പം പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഫെഡററിന്‍റെ അസാന്നിധ്യം ഇത്തവണത്തെ യുഎസ് ഓപ്പണിന്‍റെ മാറ്റുകുറയ്ക്കും.

സാനിയയും ഹിംഗിസും നേര്‍ക്കു നേര്‍
യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സിലെ നിലവിലെ ജേതാക്കളായ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും പിരിഞ്ഞതിനു ശേഷം നേര്‍ക്കു നേര്‍വരുന്ന ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റ് കൂടിയാണ് യുഎസ് ഓപ്പണ്‍. വിംബിള്‍ഡണ്‍ അടക്കമുള്ള കിരിടങ്ങള്‍ നേടിയിട്ടുള്ള സഖ്യം കഴിഞ്ഞ ഡബ്ല്യൂടിഎ ചാംപ്യന്‍ഷിപ്പിലാണ് അവസാന വിജയം നേടിയത്. നിലവിലെ ഡബിള്‍സ് ഒന്നാം റാങ്ക് ഇരുവരും ചേര്‍ന്നു പങ്കിടുകയാണ്. തുടര്‍ച്ചയായി 41 വിജയങ്ങള്‍ എന്ന റെക്കോഡും സഖ്യത്തിനു സ്വന്തം. ചെക് താരം ബര്‍ബോറ സ്ട്രൈക്കോവയാണു സാനിയയുടെ പുതിയ പങ്കാളി.

വര്‍ധിപ്പിച്ച സമ്മാനത്തുക
ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുകയില്‍ ഇത്തവണ വര്‍ധന വരുത്തിയിട്ടുണ്ട്. സിംഗിള്‍സ് ചാംപ്യന്മാരുടെ സമ്മാനത്തുക 22 കോടിയില്‍ നിന്ന് 23.40 കോടിയാക്കി. രണ്ടാം സ്ഥാനക്കാര്‍ക്ക് 11.71 കോടി രൂപ ലഭിക്കും. ഡബിള്‍സ് ചാംപ്യന്മാര്‍ക് 4.18 കോടിയാണു ലഭിക്കുക. സിംഗിള്‍സിലെ ഓരോ റൗണ്ടിലും സമ്മാനത്തുകയില്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ 19% വര്‍ധനവുണ്ടാകും. ആദ്യ റൗണ്ടില്‍ പുറത്താകുന്നവര്‍ക്ക് 28 ലക്ഷം രൂപയാണു ലഭിക്കുക. ഇത്തവണത്തെ ടൂര്‍ണമെന്‍റിന്‍റെ ആകെ സമ്മാനത്തുക 310 കോടിയോളം രൂപയാണ്.

ഭീഷണിയായി പരുക്ക്
പ്രധാന താരങ്ങളെല്ലാം പരുക്കിന്‍റെ പിടിയിലാണെന്നത് അട്ടിമറികള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ദ്യോക്കോവിച്ചിന്‍റെ കൈക്കുഴയ്ക്കും സെറീന വില്യംസിന്‍റെ തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഇരുവരുടേയും ഒളിംപിക്സിലെ പ്രകടനത്തെ ബാധിച്ചിരുന്നു. പരുക്കില്‍ നിന്നും പൂര്‍ണമായി മോചിതരാകാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. പോളണ്ട് താരം ജഴ്സ് ദ്യോനോവിച്ചാണ് ദ്യോക്കോവിച്ചിന്‍റെ ആദ്യമത്സരത്തിലെ എതിരാളി. ചെക് താരം ജിറി വെസ്ലിക്കയെ സെറീന ആദ്യ മത്സരത്തില്‍ നേരിടും. ഒളിംപിക്സ് സ്വര്‍ണ ജേതാവ് ആന്‍ഡി മറെയ്ക്കു തന്നെയാണ് യുഎസ് ഓപ്പണില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അര്‍ജന്‍റൈന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെന്‍പെഡ്രോയും കിരീടം നേടാന്‍ സാധ്യതയുള്ള താരമാണ്. ഇന്ത്യന്‍ താരം സാകേത് മയ്നേനിയും ടൂര്‍ണമെന്‍റിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത റൗണ്ട് ഫൈനലില്‍ സെര്‍ബിയന്‍ താരം പെഡ്യ ക്രിസ്റ്റിനെ പരാജയപ്പെടുത്തിയാണ്. സാകേത് യോഗ്യത നേടിയത്. 48ാം റാങ്ക് ജിറി വെസലിയാണ് സകേതിന്‍റെ ടൂര്‍ണമെന്‍റിലെ ആദ്യ എതിരാളി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top