മ്ളാവിറച്ചിയുമായി പിടിയിലായ പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

mlavu meat prasadഇടുക്കി: മ്ളാവിറച്ചിയുമായി പൊലീസ് പിടികൂടി വനപാലകര്‍ക്ക് കൈമാറിയ പ്രതി തെളിവെടുപ്പിനിടെ വിലങ്ങുമായി കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. അടിമാലി ആനച്ചാല്‍ തട്ടാത്തിമുക്ക് പുത്തന്‍പുരക്കല്‍ പ്രസാദ് ചുരുളിയാണ് (40) രക്ഷപ്പെട്ടത്.

പ്രസാദിനെ തട്ടാത്തിമുക്കിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. 20 കിലോ മ്ളാവിറച്ചിയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. തുടര്‍ന്ന് വനപാലകര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ മൂന്നാര്‍ റേഞ്ചിലെ കടലാര്‍ മേഖലയില്‍നിന്ന് പ്രസാദ് ഉള്‍പ്പെടെ മൂന്നുപേര്‍ ചേര്‍ന്നാണ് മ്ളാവിനെ വേട്ടയാടി പിടിച്ചതെന്നും ഇറച്ചി തുല്യമായി പങ്കിട്ടെന്നും പറഞ്ഞു. തുടര്‍ന്ന് മ്ളാവിനെ കൊന്നത് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ വനപാലകര്‍ തെളിവെടുക്കുകയും ഇറച്ചി കടത്തിയ ഓട്ടോ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

കൂട്ടുപ്രതിയുടെ വീട് കാട്ടിത്തരാമെന്ന് വിശ്വസിപ്പിച്ച് വനപാലകരെ കടലാറില്‍ എത്തിച്ച പ്രസാദ് വനമധ്യത്തിലൂടെ വാഹനത്തില്‍ പോകുമ്പോള്‍ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയ ഉടന്‍ വനപാലകരെ തള്ളിവീഴ്ത്തി പ്രസാദ് രക്ഷപ്പെടുകയായിരുന്നു. വനത്തില്‍ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടത്തൊനായില്ല.

Print Friendly, PDF & Email

Leave a Comment