സൂര്യ ടി.വി.യുടെ ‘കുട്ടിപ്പട്ടാളം’ പരിപാടി കുട്ടികളുടെ നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ സം‌പ്രേഷണം നിര്‍ത്തി

bcaca2ab9-1സൂര്യ ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന ‘കുട്ടിപ്പട്ടാളത്തി’നെതിരെ ബാലാവകാശ കമീഷനില്‍ കേസ് നടക്കുന്നതിനിടെ പരിപാടി നിര്‍ത്തി. മൂന്നു മുതല്‍ അഞ്ച് വരെ പ്രായക്കാരായ കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ കഴിഞ്ഞ വര്‍ഷം ബാലാവകാശ കമീഷനെ സമീപിച്ചിരുന്നു.

ഗുണപരമായ മാറ്റങ്ങളോടെ ‘കുട്ടിപ്പട്ടാളം’ തുടരാന്‍ ചാനലിന് കമീഷന്‍ അനുമതി നല്‍കിയെങ്കിലും പരിപാടി നിര്‍ത്തിയതായി അറിയിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ഇത് സംപ്രേഷണം ചെയ്യുന്നില്ല. മലപ്പുറം ചൈല്‍ഡ്‌ലൈനിലാണ് ഹാഷിം ആദ്യം പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് ബാലാവകാശ കമീഷനെയും കണ്ടു. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. 2015 ജൂണ്‍ 13ന് ഹാഷിം എട്ട് പേജുള്ള പരാതി കമീഷന് നല്‍കി. പ്രേക്ഷകരെ ചിരിപ്പിക്കാനായി കുട്ടികളെക്കൊണ്ട് എന്തും പറയിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണ്.

പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കും. നിഷ്‌കളങ്കതയില്‍ പങ്കുവെക്കുന്ന സംസാരശകലങ്ങളെ മുതിര്‍ന്നവരുടെ നിലവാരത്തില്‍ വിശദീകരിച്ച് മലീമസ വശം ആസ്വാദനത്തിനായി നല്‍കുകയാണെന്ന് ആരോപിച്ച പരാതിക്കാരന്‍, പല എപ്പിസോഡിന്റെയും സീഡികളും ഹാജരാക്കി.

നാല് തവണയാണ് തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട് കമീഷന്‍ സിറ്റിങ് നടന്നത്. അവസാന സിറ്റിങ്ങില്‍ എതിര്‍ഭാഗവും ഡി.വി.ഡികള്‍ കൊണ്ടുവന്നിരുന്നു. ഇവയും പരിശോധിച്ച കമീഷന്‍, മാനസിക പീഡനം നടക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന നിരീക്ഷണത്തിലത്തെി. ഇതിനിടെ ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും അഭിപ്രായവും ആരാഞ്ഞു. കുട്ടികളെ ഗുണപരമായി പ്രചോദിപ്പിക്കുന്നതല്ല ‘കുട്ടിപ്പട്ടാള’മെന്ന് ഇവരും വ്യക്തമാക്കിയതായി കമീഷന്‍ അംഗം ഗ്ലോറി ജോര്‍ജ് പറഞ്ഞു.

ഇതേരീതിയില്‍ പരിപാടി മുന്നോട്ടുകൊണ്ടുപോവാനാവില്‌ളെന്ന് കമീഷന്‍ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് പക്ഷേ തടയാനാവില്ല. ഗുണപരമായ മാറ്റങ്ങളോടെ തുടരാമെന്നും കമീഷന്‍ ചാനല്‍ അധികൃതരെ അറിയിച്ചു. കൗണ്ടര്‍ ഫയല്‍ ചെയ്യാന്‍ സമയം ചോദിച്ചപ്പോള്‍ അതിനും അനുമതി നല്‍കി. എന്നാല്‍, മാര്‍ച്ച് 27 മുതല്‍ സംപ്രേഷണവും ഏപ്രില്‍ 24 മുതല്‍ പുന$സംപ്രേഷണം നിര്‍ത്തിവെച്ചതായ സത്യവാങ്മൂലമാണ് ചാനല്‍ അധികൃതര്‍ കമീഷന് സമര്‍പ്പിച്ചത്.

യൂ ടൂബില്‍നിന്ന് പിന്‍വലിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ചാനല്‍ അധികൃതര്‍ അപ്ലോഡ് ചെയ്ത എപ്പിസോഡുകള്‍ പിന്‍വലിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിലധികം നീണ്ട പോരാട്ടം വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ടി.വി സീരിയലുകളും ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഹാഷിം പറഞ്ഞു.

https://youtu.be/EW8_O0YZvhY

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment