അറുപത്തിയഞ്ചിന്റെ നിറവില്‍ മമ്മൂട്ടി; ജന്മദിനത്തില്‍ വൃക്കമാറ്റ ശസ്ത്രക്രിയക്ക് ധനസഹായവും പ്രഖ്യാപിച്ചു

mammootty-birthdayതൃശൂര്‍: അറുപത്തിയഞ്ചിന്റെ നിറവിലും യുവത്വം കൈവിടാതെ മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചു. പിറന്നാള്‍ ദിനത്തില്‍ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി വാപ്പച്ചിയുടെ പിറന്നാളാഘോഷനുഭവങ്ങള്‍ പങ്കുവെച്ചു. വാപ്പച്ചി എല്ലാ ആഘോഷങ്ങള്‍ക്കും കുടുബവുമായി ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും എപ്പോഴും മക്കളുടെ താത്പര്യങ്ങള്‍ക്ക് കുടുതല്‍ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണെന്നും ദുല്‍ക്കര്‍ പറഞ്ഞു. പിറന്നാള്‍ ദിവസം കഴിയുന്നതും വാപ്പച്ചി കുടുബത്തോടൊപ്പം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ വാപ്പിച്ചിയുടെ പിറാന്നാള്‍ ആഘോഷിക്കുന്നത് വിട്ടിലെ ഊണ്‍മേശയില്‍ കേക്ക് മുറിച്ചും വാപ്പക്കും തങ്ങള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണി കഴിച്ചുമാണെന്നും ദുല്‍ക്കര്‍ പറഞ്ഞു.

തൃശൂര്‍ ചിറ്റിലപ്പിള്ളിയില്‍ ‘ദ ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിന്‍െറ സെറ്റിലായിരുന്നു നടന്‍െറ 65ാം പിറന്നാള്‍ ആഘോഷിച്ചത്. വൃക്കമാറ്റ ശസ്ത്രക്രിയക്ക് ധനസഹായം വാഗ്ദാനവും സൂപ്പര്‍താരം പ്രഖ്യാപിച്ചു. നവാഗത സംവിധായകന്‍ ഹനീഫ് അഡൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍െറ ചിത്രീകരണത്തിനിടെ ഫാന്‍സ് അസോസിയേഷനും ചലച്ചിത്ര പ്രവര്‍ത്തകരും ഒരുക്കിയ ആഘോഷത്തിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രഖ്യാപനം. കേക്ക് മുറിച്ചും മധുരം നല്‍കിയും മമ്മൂട്ടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ സാമ്പത്തിക പ്രതിസന്ധികള്‍ ചടങ്ങിനത്തെിയ ശിവഗിരി മഠാധിപതി പ്രകാശാനന്ദ മമ്മൂട്ടിയുടെ ശ്രദ്ധയില്‍പെടുത്തി. തന്‍െറ കീഴിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഇത്തരം രോഗികള്‍ക്ക് ധനസഹായം നല്‍കുമെന്ന് മമ്മൂട്ടി ഉറപ്പുനല്‍കി.

നൂറിലധികം ആളുകള്‍ക്കെങ്കിലും പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ശ്രമം. അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന് നിര്‍ദേശം നല്‍കി. ബുധനാഴ്ച രാവിലെ മുതല്‍തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടി ജന്മദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ളിക് സ്കൂളും ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു. കുട്ടികളുമായും മമ്മൂട്ടി ആഹ്ളാദം പങ്കിട്ടു. ഏറ്റവും ചെറിയ ക്ളാസില്‍ പഠിക്കുന്ന കുട്ടിയുടെ മനസ്സുമായാണ് നിങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതെന്നും ഈ നിമിഷം ഏറെ സന്തോഷം പകരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തിക്കിത്തിരക്കി.

മമ്മുക്കയുടെ അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച് ട്രോളര്‍മാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അറുപതിയഞ്ച് അല്ല മുപ്പതിയഞ്ചിന്റെ ആഘോഷമാണെന്നൊക്കെയുള്ള കമന്റുകളിലൂടെ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ചെറുപ്പത്തിന്റെ പ്രസരിപ്പോടെ സിനിമ-സാമൂഹിക രംഗത്ത് സജീവ സാന്നിദ്ധ്യം നിലനിര്‍ത്തുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. ഇത്തവണ മമ്മൂട്ടി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് തന്റെ പിറന്നാള്‍ ആഘോഷിച്ചത്. നടനെന്ന നിലയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ആദ്യകാലങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചെങ്കിലും മികച്ച കഥാപാത്രങ്ങളെ നേടി കൊടുത്തത് എംടി വാസുദേവന്‍ നായരാണ്. മൂന്നര പതിറ്റാണ്ടായി സിനിമ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment