Flash News

സുരാസുര മത്സരം – ഓണമെന്ന ദിവസം (സുധീര്‍ പണിക്കവീട്ടില്‍)

September 12, 2016

surasura-sized

മാവേലി മന്നന്റെ പദവിന്യാസം കേട്ടു
മലന്നാട്ടില്‍ നായകള്‍ “കുര” വയിട്ടു
ബംഗാളി-ആസ്സാമി-ഒറിയ ഹിന്ദുസ്ഥാനി
ഭാഷയില്‍ മാലോകര്‍ പിറുപിറുത്തു
പൂക്കളമില്ലാത്ത വീട്ടുമുറ്റങ്ങളില്‍
തമ്പാക്കു തിന്നുന്നോര്‍ തമ്പടിച്ചു
പൂവ്വിളിയില്ലെങ്ങും, പൂക്കളമില്ലെങ്ങും
ആളുകള്‍ക്കാഹ്ലാദം ഒട്ടുമില്ല
കുന്നിന്‍‌പുറങ്ങളും മാമരക്കൂട്ടവും
കല്ലോലിനികളും ഒന്നുമില്ല
മരതകപ്പട്ടില്ല മലയാളക്കരയില്ല
ഓണമുടുക്കുന്ന കോടിയില്ല
പട്ടികള്‍ വാഴുന്ന പട്ടിയെപ്പോലുള്ള
മാനുഷരെല്ലാരും ഒന്നുപോലെ
ഒന്നും മുളക്കാത്ത ഒന്നും വളരാത്ത
അഭിശപ്തഭൂമിയായ് ഈ കേരളം
ആകാശം മുട്ടിയുരുമ്മി നില്‍ക്കുന്നൊരു
മണിമന്ദിരങ്ങള്‍ക്ക് പഞ്ഞമില്ല
പൊളിവചനങ്ങള്‍ ഇന്നാനയോളം
നാളെയോ ആനക്കെടുപ്പതോളം
കള്ളപ്പണവും കരിം‌ചന്തയുമിന്നീ-
നാടിന്‍ മുഖഛായ മാറ്റിയില്ലാ
നേരില്ല, നെറിയില്ല നീതിയുമില്ലീ
മലന്നാട്ടില്‍ മേന്മകള്‍ അധഃപ്പതിച്ചു
രാവുറങ്ങാത്ത പകലിന്‍ മുഖങ്ങളില്‍
കശ്‌മലര്‍ കാമം പുരട്ടിടുന്നു
അസുരനായ് എന്നെ കരുതിയ ദേവന്മാര്‍
നന്മകളില്‍ നിന്നും വ്യതിചലിച്ചോ?
ദുഃഖിതനായെല്ലാം കണ്ടും കേട്ടിട്ടുമാ-
മാവേലി ദീഘനിശ്വാസം വിട്ടു
എന്തിനായെത്തുന്നു പ്രതിവര്‍ഷമീനാട്ടില്‍
തന്നെയോര്‍ക്കാത്തോരെ കാണ്മതിനായി
എങ്കിലും ഓര്‍ക്കുന്നോര്‍ ഇത്തിരിപേരുണ്ട്
അവരെ നിരാശപ്പെടുത്തുന്നില്ല
ഐശ്വര്യ ചിഹ്നങ്ങള്‍ മാറിപ്പോയ് നാശത്തിന്‍
മാറാല കെട്ടി കഴിഞ്ഞിവിടെ
പൊന്നണിഞ്ഞെത്താറുള്ളീ ചിങ്ങമാസവും
മുക്കു പണ്ടങ്ങളണിഞ്ഞ് നില്പൂ
വാമനനെന്നൊരു കുള്ളന്റെ കുതികാലില്‍
ഒരു സ്വര്‍ഗരാജ്യം ചിതറി വീണു.
എന്തിനു മക്കളെ വഴിപാടായ് വര്‍ഷത്തില്‍
ഈ ദിനമിങ്ങനെ ഓര്‍ത്തിടുന്നു.

ശുഭം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top