വാഷിംഗ്ടണ്‍: ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ 200 ലധികം ആണവായുധങ്ങള്‍ തയാറാക്കിവച്ചിട്ടുണ്ടെന്ന് പ്രതിപാദിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന് പവല്‍ തന്റെ സുഹൃത്തുമായി നടത്തിയ ഇമെയില്‍ സംഭാഷണം പുറത്ത്. ടെഹ്റാനെ ലക്ഷ്യം വച്ച് ഇസ്രയേലിന്റെ പക്കല്‍ 200 ലധികം ആണവായുധങ്ങള്‍ ഉള്ള വിവരം ഇറാന്‍കാര്‍ക്ക് അറിയില്ലെന്നായിരുന്നു ജെഫ്രി ലീഡ്സ് എന്ന സുഹൃത്തുമായി നടത്തിയ ഇ-മെയില്‍ സംഭാഷണത്തിലെ കോളിന് പവലിന്റെ പരാമര്‍ശം. ഇസ്രയേലിന്റെ പക്കല്‍ 200 എണ്ണമാണെങ്കില്‍ യുഎസിന്റെ പക്കല്‍ അത് ആയിരത്തിലധികമുണ്ടെന്നും അദ്ദേഹം മെയിലില്‍ കുറിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ പക്കല്‍ ആണവായുധങ്ങളുണ്ട് എന്നത് പരസ്യമായ രഹസ്യമാണെങ്കിലും ഒരു ആണവ രാജ്യമായി അവര്‍ ഇതുവരെ സ്വയം പ്രഖ്യാപിച്ചിട്ടില്ല. ഇസ്രയേലിന്റെ ആണവ പദ്ധതിയേക്കുറിച്ച് യുഎസിനും ധാരണയുള്ളതായാണ് കരുതപ്പെടുന്നത്. ഇസ്രയേലിന്റെ പക്കല്‍ 150 നും 300നും ഇടയില്‍ ആണവായുധങ്ങള്‍ ഉള്ളതായി മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കോളിന് പവലിന്റെ ഇ-മെയിലില്‍ നിന്നു ചോര്‍ന്നത് എന്ന പേരില്‍ പ്രചരിക്കുന്ന വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വാഷിങ്ടണിലെ ഇസ്രയേല്‍ എംബസി വക്താവ് വിസമ്മതിച്ചു. യുഎസ് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബിയും വിഷയത്തേക്കുറിച്ച് പ്രതികരിച്ചില്ല.
അതേസമയം, ഇസ്രയേലിന്റെ പക്കലുള്ള ആണവായുധങ്ങളേക്കുറിച്ചുള്ള പൊതുധാരണയാണ് താന്‍ ഇ-മെയിലിലൂടെ പങ്കുവച്ചതെന്ന് കോളിന് പവല്‍ തന്റെ വക്താവ് വഴി വ്യക്തമാക്കി. പവലിന്റെ ഇ മെയില്‍ സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് കോളിന് പവല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഇസ്രയേലിന്റെ പക്കല്‍ ആണവായുധമുണ്ടോ, ഉണ്ടെങ്കില്‍ത്തന്നെ അത് എത്രത്തോളമുണ്ട് മുതലായ കാര്യങ്ങളെക്കുറിച്ച് പവലിന് ഔദ്യോഗികമായി അറിവില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. എല്ലാവരും വിശ്വസിക്കുന്നതുപോലെ ഇസ്രയേലിന്റെ പക്കല്‍ ആണവായുധങ്ങള്‍ ഉണ്ടാകാമെന്നും അത് 200 നടുത്തു വരുമെന്നും മാത്രമാണ് പവല്‍ പറഞ്ഞത്. തന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്കുശേഷമാണ് പവല്‍ ഇക്കാര്യത്തേക്കുറിച്ച് ഇ-മെയിലില്‍ പ്രതിപാദിച്ചത്. അതുകൊണ്ടുതന്നെ ഇത് യുഎസ് കേന്ദ്രങ്ങളില്‍നിന്നുള്ള ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും വക്താവ് വിശദമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply