Flash News

ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം സൂചിപ്പിക്കുന്ന വിവിധ തെളിവുകള്‍ ഇന്ത്യ കൈമാറി

September 21, 2016

imageന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം സൂചിപ്പിക്കുന്ന വിവിധ തെളിവുകള്‍ ഇന്ത്യ കൈമാറി. താക്കീതിന്‍െറ സ്വരം നല്‍കുന്നവിധം പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് മന്ത്രാലയ സെക്രട്ടറി എസ്. ജയശങ്കര്‍ ഇന്ത്യയുടെ പക്കലുള്ള തെളിവിന്‍െറ വിശദാംശങ്ങള്‍ കൈമാറിയത്. ഇക്കാര്യത്തില്‍ പാകിസ്താന്‍െറ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

തെളിവുകളുടെ അഞ്ചു വിവരങ്ങളാണ് വിദേശകാര്യ സെക്രട്ടറി കൈമാറിയത്. ഭീകരരുടെ മൃതദേഹങ്ങളില്‍നിന്ന് കിട്ടിയ ജി.പി.എസ് വിവരങ്ങളാണ് അതിലൊന്ന്. അതിര്‍ത്തി നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റകേന്ദ്രം, സമയം, ആക്രമണ സ്ഥലത്തേക്കുള്ള വഴി എന്നിവ ഏകോപിപ്പിച്ചത് ഇതുവഴിയാണെന്ന് ഇന്ത്യ വിശദീകരിച്ചു.

ഭീകരര്‍ ഉപയോഗിച്ച പാകിസ്താനി മുദ്രയുള്ള ഗ്രനേഡുകള്‍, സമ്പര്‍ക്ക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍, സമ്പര്‍ക്കത്തിനുള്ള ഉപകരണം, ഭക്ഷണവും മരുന്നും തുണിയുമടക്കം പാകിസ്താനില്‍ നിര്‍മിച്ച സാമഗ്രികള്‍. അതിര്‍ത്തി കടന്നുള്ള ആക്രമണത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ അന്വേഷിക്കാന്‍ താല്‍പര്യപ്പെടുന്നെങ്കില്‍, ഭീകരരുടെ വിരലടയാളം, ഡി.എന്‍.എ സാമ്പ്ള്‍ എന്നിവ കൈമാറാന്‍ തയാറാണെന്നും ഇന്ത്യ അറിയിച്ചു.

ഇന്ത്യക്കെതിരെ സ്വന്തം മണ്ണ് ഉപയോഗപ്പെടുത്താന്‍ ഭീകരരെ അനുവദിക്കില്ലെന്ന് 2004 ജനുവരിയില്‍ പാകിസ്താന്‍ വാക്കു നല്‍കിയിരുന്നതാണെന്ന് വിദേശകാര്യ സെക്രട്ടറി ഓര്‍മിപ്പിച്ചു. ഇത് നിരന്തരം ലംഘിക്കുന്നത് ഉത്കണ്ഠ ഉളവാക്കുന്നു. പാകിസ്താനില്‍ ഭീകരശൃംഖല സജീവമെന്നാണ് ഉറി സംഭവം വ്യക്തമാക്കുന്നത്. ഇന്ത്യക്കെതിരായ ഭീകരതക്ക് പാകിസ്താന്‍ പ്രായോജകരാകരുത്.
പത്താന്‍കോട്ട് വ്യോമകേന്ദ്രം ആക്രമിച്ചതു മുതല്‍ ഇക്കൊല്ലം അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ ശ്രമിച്ച പല സംഭവങ്ങളുണ്ടായി. അതിര്‍ത്തി നിയന്ത്രണരേഖയില്‍ ഇത്തരം 17 ശ്രമങ്ങള്‍ വിഫലമാക്കി. 31 ഭീകരരെ സേന വധിച്ചുവെന്നും പാക് ഹൈകമീഷണറോട് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഉറി ഭീകരാക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പാകിസ്താന്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഓരോ സംഭവം ഉണ്ടാകുമ്പോഴും പാകിസ്താനെ അവിശ്വസിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ് ചെയ്യുന്നതെന്നാണ് ആ രാജ്യത്തിന്‍െറ നിലപാട്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് യു.എന്‍ പൊതുസഭയില്‍ കശ്മീര്‍പ്രശ്നം ഉയര്‍ത്താന്‍ തയാറെടുക്കെയാണ്, പാക് ഹൈകമീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയത്.

ഇതിനിടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് അമേരിക്ക ശ്രമം തുടങ്ങി. ഇതുസംബന്ധിച്ച് യുഎസ് കോണ്‍ഗ്രസ്സില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

അന്തര്‍ദേശീയ തലത്തില്‍ പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും. തുടര്‍ന്ന് മുപ്പത് ദിവസത്തിനു ശേഷം സ്റ്റേറ്റ് സെക്രട്ടറി ഒരു തുടര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുക മൂലം പാകിസ്ഥാന്‍ ഇതു സംബന്ധിച്ച മാനദണ്ഡങ്ങളെ എങ്ങനെ മറികടക്കുന്നു എന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. ബില്‍ സംബന്ധിച്ച് നാല് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക തീരുമാനം കൈക്കൊള്ളും.

പാകിസ്താന്‍ കാലങ്ങളായി അമേരിക്കയുടെ ശത്രുക്കള്‍ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരികയാണ്. ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്നത് സംബന്ധിച്ച് നിരവധി തെളിവുകളുണ്ട്. ഇത് അമേരിക്കയുടെ മാത്രം വിഷയമല്ലെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ് പോ ചൊവ്വാഴ്ച വ്യക്തമാക്കി.

ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ തീവ്രവാദി അക്രമത്തെ അപലപിച്ച ടെഡ് പോ, ജിഹാദി തീവ്രവാദ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുന്ന പാകിസ്താന്റെ നിരുത്തരവാദ സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉറിയിലെ ആക്രമണമെന്നും വ്യക്തമാക്കി. അയല്‍ രാജ്യങ്ങള്‍ക്ക് പാകിസ്ഥാന്‍ സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് ഇന്ത്യ നിരന്തരം ഇരയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരവാദത്തിന് ഒത്താശ ചെയ്യുന്ന പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാടുകള്‍ക്ക് അന്താരാഷ്ട തലത്തില്‍ പിന്തുണ നല്‍കുന്നതാണ് അമേരിക്കയുടെ ഈ നീക്കം. നേരത്തെ ലോകരാജ്യങ്ങള്‍ ഭീകരതയുടെ പേരില്‍ പാകിസ്താനെ വിമര്‍ശിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top