21 ലക്ഷം കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

maxresdefaultഇടുക്കി: കട്ടപ്പനയിലെ വ്യാപാരിയായ യുവാവിനെ പീഡനക്കേസില്‍ കുടുക്കുമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. കമ്പംമെട്ട് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ എച്ച്. സുരേഷ്കുമാര്‍, അസി. എസ്.ഐ സദാനന്ദന്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. 15 ദിവസത്തിനകം കത്തിനു മറുപടി നല്‍കണം.

കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. വ്യാപാരിയുടെ മകന്‍ പീഡിപ്പിച്ചുവെന്ന് യുവതി എ.എസ്.ഐ സദാനന്ദനെ അറിയിച്ചിരുന്നു. യുവതിയോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ട സദാനന്ദന്‍ യുവാവിനെ വിളിച്ചുവരുത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സദാനന്ദന്റെ അകന്ന ബന്ധുകൂടിയാണ് പരാതിക്കാരിയെന്നു പറയുന്നു. പീഡനക്കേസ് ഒതുക്കണമെങ്കില്‍ ഐജി മുതല്‍ ഡിവൈഎസ് പി വരെയുള്ളവര്‍ക്ക് നല്‍കാന്‍ 21 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ കേസെടുത്ത് അറസ്റ്റുണ്ടാകുന്നതും മകന്റെ പടം പത്രത്തില്‍ വരുന്നത് നാണക്കേടാകുമെന്നും വ്യാപാരിയെ പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് തുക കൈക്കലാക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയതായി പറയുന്ന പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. വണ്ടന്മേട് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സദാനന്ദനും സുരേഷും ചേര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ടത്. കേരള കോണ്‍ഗ്രസിലെ ഒരു നേതാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വ്യാപാരി ആറ് ലക്ഷം രൂപ പണമായും അഞ്ച് ലക്ഷം വീതമുള്ള മൂന്ന് ചെക്കുകളുമാണ് നല്‍കിയത്. ഇതില്‍ രണ്ട് ചെക്കുകള്‍ പൊലിസുകാര്‍ മാറിയെടുത്തു. മൂന്നാമത്തെ ചെക്ക് മടങ്ങി. ഭീഷണിയുമായി വീണ്ടും വ്യാപാരിയെ സമീപിച്ചതോടെ വ്യാപാരി, തനിക്ക് മൂന്ന് മാസത്തെ അവധി വേണമെന്ന് അപേക്ഷിച്ച് കട്ടപ്പന ഡിവൈഎസ്‌പിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ പണം ആവശ്യപ്പെട്ടില്ലെന്നു പറഞ്ഞു ഡിവൈഎസ്‌പി വ്യാപാരിയെ മടക്കി അയച്ചു. തുടര്‍ന്നു സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി വി എന്‍ സജി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കൈക്കൂലി വാങ്ങിയതായി ബോധ്യപ്പെട്ടത്. ഒരു ലക്ഷം രൂപ യുവതിക്ക് നല്‍കി ബാക്കി തുക പങ്കിട്ടെടുക്കുകയായിരുന്നു. പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിനൊപ്പം കേസില്‍ തുടരന്വേഷം നടത്താനും നിര്‍ദ്ദേശമുണ്ട്.

സദാനന്ദനെക്കുറിച്ച് നിരവധി പരാതികള്‍ ഇതിനു മുന്‍പും ലഭിച്ചിട്ടുണ്ടെന്നും, നാട്ടുകാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് എട്ടു വര്‍ഷം മുന്‍പ് സസ്പെന്‍ഷനിലായിട്ടുണ്ടെന്നും പറയുന്നു. പൊലീസ് ജോലിയുടെ മറവില്‍ നിരവധി പണമിടപാടപാടുകള്‍ നടത്തി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഇയാള്‍ക്കെതിരെയുണ്ട്. അടുത്ത നാള്‍ വരെ ആംവെ നെറ്റ്‌വര്‍ക്കില്‍ സജീവമായിരുന്നു. ഇപ്പോള്‍ എഎസ്‌ഐ ജോലിക്കൊപ്പം മറ്റൊരു നെറ്റ്‌വര്‍ക്ക് കണ്ണിയായി ഇയാളും ഭാര്യയും പ്രവര്‍ത്തിച്ചുവരികയാണ്.

കുടുംബ വഴക്കുകള്‍ പരാതിപ്പെടാനെത്തുന്ന സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച് ഭര്‍ത്താവിനെതിരെ കേസെടുക്കുന്നത് (വകുപ്പ് 498 പ്രകാരം ഭര്‍തൃപീഡനം) ഇയാള്‍ പതിവാക്കിയിരുന്നത്രേ. ഇയാള്‍ ബന്ധപ്പെട്ട് ചാര്‍ജ് ചെയ്ത കേസുകളില്‍ ഭൂരിപക്ഷവും ഇത്തരം കേസുകളാണെന്നു വകുപ്പ് മേധാവികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചില സ്ത്രീകളുമായി അടുപ്പമുണ്ടെന്ന ആരോപണത്തില്‍ ഇയാളെ മുമ്പ് താക്കീത് നല്‍കിയതായി പൊലിസുകാര്‍ പറയുന്നു.

സംഭവത്തിലുള്‍പ്പെട്ട അഡീഷണല്‍ എസ്‌ഐ സുരേഷ് മുമ്പ് കമ്പംമെട്ട് എസ് ഐയെ തല്ലിയതിന് സസ്‌പെന്‍ഷനിലായിരുന്നു. ഹൈക്കോടതിയില്‍ സമര്‍പിക്കാന്‍ സ്റ്റേഷന്‍ രേഖകളില്ലാത്ത കാര്യത്തിന് വ്യാജ രസീത് നല്‍കിയെന്ന പരാതിയും ഇയാള്‍ക്കെതിരെ നിലനില്‍പ്പുണ്ട്. പീഡനം നടന്നത് വാഗമണ്ണിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ആലോചനകളും ഇടപാടുകളും വണ്ടന്മേട് പൊലീസ് ക്വാര്‍ട്ടേഴ്‌സിലും കട്ടപ്പനയിലുമായാണ് ഉണ്ടായത്. സംഭവ സമയത്തെ വണ്ടന്മേട് എസ് ഐക്കെതിരെയും ആരോപണമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് പ്രാദേശിക നേതാവുള്‍പ്പെടുന്ന അച്ചുതണ്ട് കട്ടപ്പന സബ് ഡിവിഷന്‍ പരിധിയിലെ പൊലീസ് സ്റ്റേഷനുകളില്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നതായി ആരോപണമുണ്ട്.

Print Friendly, PDF & Email

Leave a Comment