യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഹിലരിക്ക് മേല്‍ക്കൈ

3654ന്യൂയോര്‍ക്ക്: നവംബര്‍ എട്ടിന് നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ സംവാദത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് മേല്‍ക്കൈ. ന്യൂയോര്‍കിലെ ഹോഫ്സ്ട്ര സര്‍വകലാശാലയിലാണ് സംവാദം നടന്നത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രതിരോധത്തിലായി. സാമ്പത്തിക വ്യവസ്ഥ, വിദേശനയം, സാമൂഹികസുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങള്‍ സംവാദ വിഷയങ്ങളായി.

യു.എസ് എന്താവണം എന്നതാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന ആമുഖത്തോടെയാണ് ഹിലരി സംസാരം തുടങ്ങിയത്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ലാഭമുണ്ടാക്കാന്‍ അതിനെ അനുകൂലിച്ചയാളാണ് തന്‍െറ എതിരാളിയെന്ന ഹിലരിയുടെ ആരോപണത്തോട്, “അതാണ് കച്ചവടം” എന്നായിരുന്നു ട്രംപിന്‍െറ മറുപടി.

നാളിതുവരെ നികുതിയടക്കാത്തയാളാണോ താങ്കളെന്ന ഹിലരിയുടെ ആരോപണത്തിന്, ‘‘അത് എന്‍െറ മിടുക്ക്’’ എന്ന പ്രതികരണം റിപ്പബ്ളിക്കന്‍ പ്രേക്ഷകരെ പോലും അത്ഭുതപ്പെടുത്തി. പ്രസിഡന്‍റ് ആവാനുള്ള ആരോഗ്യം ഹിലരിക്കില്ലെന്ന പരിഹാസം ട്രംപ് ഉയര്‍ത്തിയപ്പോള്‍, സ്ത്രീകള്‍ക്കെതിരെ ആക്ഷേപം അദ്ദേഹം ഉയര്‍ത്തുന്നത് ആദ്യമല്ലെന്ന് ഹിലരി ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പരസ്പരംകടന്നാക്രമിച്ചും വ്യക്തിപരമായി വിമര്‍ശിച്ചും വിശദീകരിച്ചുമ്മുള്ള സംവാദം ശ്വാസം അടക്കിപിടിച്ചാണ് ഏവരും വീക്ഷിച്ചത്. രാജ്യത്തിന്റെ മുന്നോട്ടുളള വഴി, പുരോഗതി, സുരക്ഷ എന്നീ വിഷയങ്ങളാണ് ഒന്നാംഘട്ട ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്.

ആദ്യ ചര്‍ച്ചയിലെ വിഷയം രാജ്യത്തെ തൊഴിലവസരങ്ങളെ സംബന്ധിച്ചായിരുന്നു. അമേരിക്കയുടെ തൊഴിലവസരങ്ങള്‍ ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നാണ് എന്ന് ട്രംപ് അഭിപ്രായപ്പെട്ടത്. നികുതി ഇളവ് നല്‍കുകയും കമ്പനികളെ രാജ്യത്തിന്റെ പുറത്തേക്ക് കൊണ്ടുപോകുന്നത് തടയുമെന്നും ഇതിനായി മറ്റ് പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപ് പണക്കാര്‍ക്കായിട്ടാണ് നിലകൊള്ളുന്നതെന്നും പണക്കാരെയും പാവപ്പെട്ടവരെയും തുല്യമായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്‌നമെന്നും ഹിലരി വ്യക്തമാക്കി.
തുടര്‍ന്ന് നികുതി ഇളവും, വര്‍ധനയുമായി ബന്ധപ്പെട്ട വാദപ്രതിവാദത്തിലും പരസ്പരം ആഞ്ഞടിച്ചു.

തുടര്‍ന്ന് ഹിലരി ഡിലീറ്റ് ചെയ്ത 33000 ഇമെയിലുകള്‍ പുറത്ത് വിട്ടാല്‍ നികുതിയുടെ കാര്യങ്ങള്‍ താന്‍ വ്യക്തമാക്കുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ ഇമെയിലിന്റെ കാര്യത്തില്‍ തനിക്കു തെറ്റ് പറ്റിയെന്ന് ഹിലരി കുറ്റസമ്മതം നടത്തുകയാണ് ചെയ്തത്.

സര്‍ക്കാരുകള്‍ കറുത്തവര്‍ഗക്കാരോട് അനീതി കാണിക്കുന്നത് കൊണ്ടാണ് അവര്‍ തോക്കെടുക്കുന്നതെന്ന് ട്രംപും നിയമവ്യവസ്ഥയുടെ പിഴവാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഹിലരി മറുപടി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലരിയുമാണെന്ന ട്രംപിന്റെ പരാമര്‍ശത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയമാണ് ഇറാഖ് അധിനിവേശത്തിന് പിനിനലെന്ന് ഹിലരി തിരിച്ചടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന നാലു സംവാദങ്ങള്‍. ഹോഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടന്ന ആദ്യ സംവാദം ലക്ഷക്കണക്കിനു പേരാണ് തല്‍സമയം കണ്ടത്. ഓരോ ചോദ്യത്തിന്റെയും മറുപടിക്ക് സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചത് രണ്ടു മിനിറ്റാണ്. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ പരസ്പരമുള്ള മറുപടികള്‍. എന്‍ബിസി അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ടായിരുന്നു ആദ്യ സംവാദത്തില്‍ മോഡറേറ്റര്‍.

സംവാദത്തിനു ശേഷം സിഎന്‍എന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍,  62 ശതമാനം പിന്തുണയാണ് ഹില്ലരിക്കുളളതെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന് വെറും 27 ശതമാനം മാത്രമാണ് ലഭിച്ചിരിക്കുന്നത്.    സംവാദത്തില്‍ ഹിലരി മേല്‍ക്കൈ നേടിയതായി 62 ശതമാനം പേരും അഭിപ്രായപ്പെട്ടു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment