തെളിവ് നശിപ്പിക്കാന്‍ കൊലക്കേസ് ദൃക്സാക്ഷിയെ അതിക്രൂരമായി കൊന്ന ദമ്പതികളടക്കം ഒമ്പതുപേര്‍ക്ക് ജീവപര്യന്തം കഠിന തടവ്

1-591169പാലക്കാട്: തമിഴ്നാട്ടിലെ തിരുച്ചംകോട് സ്വദേശി ഷണ്‍മുഖനെ (35) തട്ടിക്കൊണ്ടുപോയി ചാലക്കുടിയില്‍വെച്ച് കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പുറമെ 14 വര്‍ഷവും ഒമ്പതുമാസവും കഠിന തടവും ശിക്ഷ വിധിച്ചു. 40,000 രൂപ വീതം പിഴയും അടക്കണം. ഷണ്‍മുഖന്‍െറ മകള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഭാര്യ നേരത്തെ മരിച്ച ഷണ്‍മുഖന്‍ കൊല്ലപ്പെട്ടതോടെ 16 വയസ്സുള്ള മകള്‍ അനാഥയായിരുന്നു.

തിരുച്ചംകോട് സ്വദേശി കരാട്ടെ ശരവണന്‍(35), ഭാര്യ ശിവകാമി (25), ശെങ്കോട്ടപാളയം സ്വദേശി ശെന്തില്‍ (23), നാമക്കല്‍ ചെട്ട്യാര്‍തെരുവ് ലക്ഷ്മണന്‍ (23), ഈറോഡ് വായ്ക്കല്‍പാളയം രമേഷ് (25), സേലം സന്യാസിഗുണ്ട് ജഗദീഷ് (25), രാമനാഥപുരം രംഗസ്വാമി (24), നാമക്കല്‍ മംഗളപുരം മുത്തു (30), നാമക്കല്‍ മോട്ടൂര്‍തിരി അങ്കമുത്തു (29) എന്നിവരെയാണ് ശിക്ഷിച്ചത്. 10ാം പ്രതി പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജ് ഒളിവിലാണ്.

തമിഴ്നാട് വൈദ്യതി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ഷണ്‍മുഖന്‍ തമിഴ്നാട്ടിലെ നാമക്കല്ലില്‍വെച്ച് തിരുച്ചംകോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ അളകരശനെ കൊല്ലപ്പെട്ട കേസിലെ ദൃക്സാക്ഷിയാണ്. തെളിവ് നശിപ്പിക്കാനാണ് ഇയാളെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. ചോറ്റാനിക്കരയില്‍ ഭജനമിരിക്കാന്‍ എന്ന പേരില്‍ 2004 ഡിസംബര്‍ ഏഴിന് പ്രതികള്‍ ഇയാളെ തട്ടിക്കൊണ്ടുവന്ന് ചോറ്റാനിക്കരയിലെ ലോഡ്ജില്‍ താമസിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഷണ്‍മുഖനെ പിടികൂടി പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് അര്‍ധരാത്രിക്കു ശേഷം ചാലക്കുടിയില്‍ എത്തിച്ച് ചാലക്കുടി പാലത്തില്‍ വെച്ച് കയറുകൊണ്ട് കൈകാലുകളും കഴുത്തും മുറുക്കി ശ്വാസം മുട്ടിച്ചും കഴുത്തില്‍ വെട്ടിയും കൊലപ്പെടുത്തി മൃതദേഹം പുഴയിലേക്ക് തള്ളി. നാലാം ദിവസമാണ് മൃതദേഹം കണ്ടത്.

തന്നെ കൊലപ്പെടുത്താനാണ് നീക്കമെന്ന് മനസ്സിലാക്കിയ ഷണ്‍മുഖന്‍ സ്വന്തം കൈപ്പടയില്‍ ‘എന്‍ ചാവുക്ക് കാരണം ശരവണന്‍’ എന്ന കുറിപ്പെഴുതി പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതിനിടെ കുറിപ്പ് പൊലീസിന് ലഭിച്ചു. ജഡത്തില്‍ നിന്ന് തമിഴ്നാട് സങ്കഗിരിയിലെ ടെലിഫോണ്‍ ബൂത്തിലെ ബില്ലും കണ്ടെടുത്തു. അങ്ങനെയാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ഷണ്‍മുഖനെ കാണാനില്ലെന്ന് പിതാവ് ചിന്നസ്വാമി പള്ളിപ്പാളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷണ്‍മുഖന്‍ കൊലപ്പെടുത്തിയവരും മറ്റു ചിലരും ചേര്‍ന്ന് നാമക്കലില്‍ മാര്‍ക്കസ് നാഥന്‍, വിശ്വനാഥന്‍ എന്നിവരെക്കൂടി കൊലപ്പെടുത്തിയതായി തമിഴ്നാട് പൊലീസ് കണ്ടെത്തിയിരുന്നു.

പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ. ബബില്‍ രമേഷ്, അഡ്വ. സുധീഷ് മേനോന്‍ എന്നിവര്‍ ഹാജരായി.

ഡിവൈഎസ്പിമാരായ ജോളി ചെറിയാന്‍, കെ എസ് സുദര്‍ശനന്‍, കെ പി ജോസ്, തമിഴ്നാട് ഡിവൈഎസ്പി സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. ഷണ്‍മുഖം കൊലക്കേസിലെ പ്രതികള്‍ പിടിയിലായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍, തമിഴ്നാട്ടിലെ മറ്റു മൂന്ന് കൊലക്കേസുകള്‍കൂടി തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment