സിന്ധു നദീജല കരാറില്‍നിന്ന് ഇന്ത്യ പിന്മാറിയാല്‍ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് പാക്കിസ്ഥാന്‍

sindhuന്യൂഡല്‍ഹി: ഉറി ആക്രമണത്തെ തുടര്‍ന്ന് അനുദിനം വഷളാവുകയാണ് ഇന്ത്യാ-പാക്ക് ബന്ധം. യുദ്ധമുണ്ടാകുമോയെന്ന ഭീതിയിലാണ് അതിര്‍ത്തിയിലെ ജനതയെന്നും എന്തിനും സജ്ജരായിരിക്കുകയാണ് ഇരു രാജ്യങ്ങളിലെയും സുരക്ഷാസേനയെന്നുമുള്ള വാര്‍ത്തകളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ നടത്തുന്ന വിവാദപരമാര്‍ശങ്ങളും കടുത്ത് വരുകയാണ്.

ഭീകരതയെയും ആക്രമണത്തെയും വെച്ചുപോറുപ്പിക്കില്ലെന്ന താക്കീത് പ്രധാനമന്ത്രി മോദി നല്‍കിയിരുന്നു. ഇതിന് പിന്നാലെയും വിടാതെ വിവാദ പരാമര്‍ശങ്ങള്‍ ഇന്ത്യക്കെതിരെ ഉന്നയിക്കുകയാണ് പാക്കിസ്ഥാന്‍. യുഎന്നില്‍ കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക്കിസ്ഥാനോട് കാര്യങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. കാശ്മീറിനെ സംബന്ധിച്ച പാക്കിസ്ഥാന്‍ നടത്തുന്ന പരമാര്‍ശങ്ങള്‍ ഇന്ത്യയെ ചോടിപ്പിക്കുന്നതാണ്. എന്നാല്‍ കാശ്മീരിനെ വിട്ടുകിട്ടില്ലെന്നും അങ്ങനെയൊരു സ്വപ്‌നം പാക്കിസ്ഥാന്‍ കാണേണ്ടെന്നും സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പാക്കിസ്ഥാന് നല്‍കിയ സൗഹാര്‍ദ്ദ രാഷ്ട്രപദവി നല്‍കിയത് പുനപരിശോധിക്കാനും പാക്കിസ്ഥാനുമായുള്ള 56 വര്‍ഷം നീണ്ട സിന്ധു നദീതട കരാര്‍ പുനപരിശോധിക്കാനുമ്മുള്ള നീക്കത്തിലാണിപ്പോള്‍ ഇന്ത്യ. വ്യാഴാഴ്ച്ച ചേരുന്ന യോഗത്തില്‍ വിദേശകാര്യ വകുപ്പിലെയും വാണിജ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ തുനിയുകയാണെങ്കില്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ പറയുന്നു. അന്താരാഷ്ട്ര നിയമപ്രകാരം കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ ഇന്ത്യക്കാവില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

ഇന്ത്യ കരാര്‍ റദ്ദാക്കുകയാണെങ്കില്‍ അത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാവും. അങ്ങനെയുണ്ടായാല്‍ പാക്കിസ്ഥാന്‍ യു.എന്‍ രക്ഷാസമിതിയെയും അന്താരാഷ്ട്ര കോടതിയെയും സമീപിക്കും. 56 വര്‍ഷം മുമ്പുണ്ടാക്കിയ കരാര്‍ കാര്‍ഗില്‍ യുദ്ധകാലത്തോ സിയാച്ചിന്‍ സംഘര്‍ഷ സമയത്തോ തടസപ്പെട്ടിട്ടില്ല.

ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കുന്നതിന്‍െറ ഭാഗമായാണ് സിന്ധു നദീജല കരാര്‍ പുന:പരിശോധിക്കാന്‍ ഇന്ത്യ നടപടി തുടങ്ങിയത്. എന്നാല്‍ യു.എന്‍ പോലുള്ള അന്താരാഷ്ട്ര വേദികളില്‍ തിരിച്ചടിയാവുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യ കരാര്‍ റദ്ദാക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം കൂടുതലായി ഉപയോഗിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.

1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവും പാക്കിസ്ഥാന്‍ പ്രസിഡന്‍റ് അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കൊട്ടൊഴുകുന്ന ബിയാസ്, രവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment