345 കാറുകളുമായി കപ്പല്‍ കൊച്ചിയില്‍

car-at-shipകൊച്ചി: 345 കാറുകളുമായി കപ്പല്‍ കൊച്ചിയില്‍. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കാര്‍ നിര്‍മാണ കേന്ദ്രങ്ങളെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന എം.വി ഡ്രെസ്ഡെന്‍ എന്ന കപ്പലാണ് കൊച്ചിയിലെത്തിയത്. കപ്പലിനെ വരവേല്‍ക്കാന്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയും തുറമുഖത്ത് എത്തിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള റിനോള്‍ട്ട്, ഫോര്‍ഡ്, ഹ്യുണ്ടായി, ടോയോട്ട, ഗുജറാത്തില്‍നിന്നുള്ള ഹോണ്ട, ഫോര്‍ഡ്, ടാറ്റ എന്നീ കമ്പനികളുടെ കാറുകളാണ് കപ്പലില്‍.

കപ്പലില്‍നിന്ന് കരക്കിറക്കിയ കാറുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡീലര്‍മാര്‍ ഏറ്റെടുക്കുംവരെ കൊച്ചി തുറമുഖത്തെ ബെര്‍ത്തില്‍ സൂക്ഷിക്കും. വന്‍ കാര്‍കാരിയര്‍ കണ്ടയ്നറുകള്‍ വഴിയാണ് കേരളത്തിലെ ഷോറൂമുകളിലേക്ക് കാറുകള്‍ എത്തുന്നത്. റോഡ് മാര്‍ഗം കാര്‍ കൊണ്ടുവരുന്നത് കുറക്കുന്നതിനായി 1000 കാറുകള്‍ വീതം വഹിക്കുന്ന 50 കപ്പല്‍ സര്‍വിസുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കപ്പലിന്‍െറ ഓരോ സന്ദര്‍ശനത്തിലും കൊച്ചി തുറമുഖത്തിന് പത്ത് ലക്ഷം രൂപയുടെ വരുമാനമുണ്ടാകും.

എന്നൂര്‍, കൊച്ചി, കണ്ട്‌ല തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന കപ്പലാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തിയത്. 4300 കാറുകള്‍ കയറ്റാവുന്ന 13 ഡെക്കുകളുള്ളതാണ് കപ്പല്‍. കപ്പല്‍ കമ്പനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍മാരാണ് കാറുകള്‍ കപ്പലില്‍ നിന്ന് പുറത്തിറക്കിയത്. 60 പേരടങ്ങുന്ന പ്രത്യേക ടീമിനെ ഇതിനായി നിയോഗിച്ചിരുന്നു.

ചെന്നൈ ആസ്ഥാനമായ സിക്കാല്‍ ലോജിസ്റ്റിക്സ് എന്ന സ്ഥാപനമാണ് കേരളത്തിലേക്ക് കപ്പലില്‍ കാറുകള്‍ കൊണ്ടുവരുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 1,50,000 മുതല്‍ 1,80,000 വരെ കാറുകളാണ് വില്‍ക്കുന്നത്. കാറുകളെല്ലാം റോഡിലൂടെയാണ് കൊണ്ടുവന്നിരുന്നത്. ആഴ്ചയില്‍ ഒരു കപ്പല്‍ കാറുകളുമായി കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുറമുഖാധികൃതര്‍ പറഞ്ഞു.

car

Print Friendly, PDF & Email

Leave a Comment