ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; തൊടുപുഴ സ്വദേശിയെ എന്‍.ഐ.എ. പിടികൂടി

isis-3തിരുനല്‍വേലി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ മലയാളി തിരുനല്‍വേലിയില്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. രാജ്യത്ത് ഭീകരാക്രമണത്തിനു തയാറെടുക്കുകയായിരുന്ന ഐഎസ് ബന്ധമുള്ള ആറു യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്.

ഈ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ സുബ്രഹ്മണ്യന്‍. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് എന്‍ഐഎ അറിയിച്ചു. 12 പേരാണ് ഈ സംഘത്തില്‍ ഉള്ളതെന്നാണു സൂചന. ബാക്കിയുള്ളവര്‍ രാജ്യത്തിനു പുറത്താണെന്നാണു എന്‍ഐഎ കരുതുന്നത്.

കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് അഞ്ചുപേരെയും ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്ന് ഒരാളെയുമാണ് ഇന്നലെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ആയുധങ്ങള്‍ ശേഖരിച്ചും മറ്റും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുന്നുവെന്ന വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരള, ഡല്‍ഹി, തെലങ്കാന പൊലീസിന്റെ സഹകരണത്തോടെയായിരുന്നു ഇന്നലത്തെ നടപടികള്‍. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

മാസങ്ങളായി നിരീക്ഷണത്തിലുള്ള സംഘത്തെ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണു പിടികൂടിയതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേരളത്തില്‍നിന്ന് അപ്രത്യക്ഷരായ 21 യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള തുടര്‍ അന്വേഷണമാണ് ഇപ്പോഴത്തെ അറസ്റ്റിലേക്കു നയിച്ചത്. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment