നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം തോറ്റ മണ്ഡലങ്ങളില്‍ അച്ചടക്ക നടപടി വരുന്നു

maxresdefaultതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ തോറ്റ മണ്ഡലങ്ങളില്‍ നേതാക്കള്‍ക്കും കമ്മിറ്റികള്‍ക്കുമെതിരെ അച്ചടക്ക നടപടി വരുന്നു. ടി.എന്‍. സീമ മൂന്നാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ട് സംസ്ഥാന സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ ആറ് നേതാക്കളോട് വിശദീകരണം ചോദിക്കും.

എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. ജോസഫ് മൂന്നാം സ്ഥാനത്ത് എത്തിയ പൂഞ്ഞാറില്‍ മണ്ഡലം കമ്മിറ്റിക്കും ഉത്തരവാദിത്തം വഹിച്ച നേതാക്കള്‍ക്കും എതിരെ നടപടി ഉണ്ടാവും. എന്‍.എന്‍. കൃഷ്ണദാസ് മൂന്നാം സ്ഥാനത്ത് എത്തിയ പാലക്കാട്ട് സംഘടനാ അഴിച്ചുപണി ഉണ്ടാകും.

വട്ടിയൂര്‍ക്കാവിലെ പരാജയത്തില്‍ സംസ്ഥാന സമിതിയംഗങ്ങളായ പിരപ്പന്‍കോട് മുരളി, എം. വിജയകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.എസ്. രാജീവ്, ഇ.ജി. മോഹനന്‍, പാളയം ജി. രാജന്‍, കീഴ്ഘടക അംഗം കെ. ചന്ദ്രിക എന്നിവരോട് വിശദീകരണം ചോദിക്കാനാണ് ഞായറാഴ്ച അവസാനിച്ച സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചത്.

പിരപ്പന്‍കോട് മുരളിയും എം. വിജയകുമാറും തങ്ങളുടെ നിലപാട് വിശദീകരിച്ച് ആരോപണം നിഷേധിച്ചു. തിരുവനന്തപുരം ജില്ലയില്‍നിന്ന് സംസാരിച്ച മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍, നിലവിലെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ളവരും ആരോപണം തള്ളി. ഇക്കാര്യത്തില്‍ നടപടി ആവശ്യമില്ളെന്നും അവര്‍ ചൂണ്ടികാട്ടി.

വട്ടിയൂര്‍ക്കാവില്‍ മണ്ഡലം കമ്മിറ്റിക്ക് സംഘടനാപരമായ വീഴ്ചയുണ്ടായെന്ന കെ.ജെ. തോമസ് കമീഷന്‍െറ കണ്ടത്തെലുകളെ അവര്‍ ചോദ്യം ചെയ്തു. എല്‍.ഡി.എഫിന് പ്രതീക്ഷയില്ലാത്ത മണ്ഡലമാണിതെന്നും എന്‍.എസ്.എസിന്‍െറ ശക്തികേന്ദ്രമാണെന്നും അവര്‍ വ്യക്തമാക്കി. നടപടിക്കുള്ള നീക്കം ശരിയല്ളെന്നും നേതാക്കള്‍ക്ക് പിഴവ് പറ്റിയിട്ടില്ളെന്നും അവര്‍ തുറന്നടിച്ചു.
പൂഞ്ഞാറില്‍ മണ്ഡലം കമ്മിറ്റിയുടെ ചുമതല വഹിച്ച ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മുതല്‍ പ്രാദേശിക നേതാക്കളോട് വരെ വിശദീകരണം തേടും.

പാലക്കാട്ട് എന്‍.എന്‍. കൃഷ്ണദാസിനെതിരെ പലതരത്തിലെ എതിര്‍പ്പ് മണ്ഡലത്തില്‍ നിലനിന്നിരുന്നെന്ന് എം.വി. ഗോവിന്ദന്‍ കമീഷന്‍ ചൂണ്ടിക്കാട്ടി പാലക്കാട് ലോക്കല്‍ കമ്മിറ്റിയോട് വിശദീകരണം ചോദിക്കും.

വിഭാഗീയത അവസാനിപ്പിക്കാന്‍ സംഘടനാതലത്തില്‍ അഴിച്ചുപണി വേണമെന്നും നിര്‍ദേശമുയര്‍ന്നു. അതേസമയം, സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിനെതിരായ വി.എസിന്‍െറ പ്രസ്താവന സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായില്ല.

Print Friendly, PDF & Email

Leave a Comment