ഹ്യൂസ്റ്റന്‍ ശ്രീനാരായണ ഗുരുമിഷന്‍റെ ഗുരുദേവ ജയന്തിയും ഓണാഘോഷവും വിജയകരമായി

3-sreenaryana-guru-jayanthi-onam-news-photoഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഗുരു മിഷന്‍റെ (എസ്.എന്‍.ജി.എം.) ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ 162-ാമത് ജന്മദിനവും ഓണവും വിവിധ പരിപാടികളോടെ ആകര്‍ഷകവും വര്‍ണ്ണശബളവുമായി ആഘോഷിച്ചു. ഹ്യൂസ്റ്റനിലെ ഗുരുവായൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 17-ാം തീയതി രാവിലെ 10 മണി മുതലായിരുന്നു ആഘോഷങ്ങള്‍. മുഖ്യാതിഥിയായെത്തിയ മികച്ച സംഘാടകനും മാധ്യമ പ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ്, മറ്റ് ശ്രീനാരായണഗുരു മിഷന്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് ശ്രീനാരായണ ഗുരുസൂത്ര മന്ത്രധ്വനിയില്‍, ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ഗോപകുമാര്‍ മണികണ്ഠശേരില്‍ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്‍റ് അശ്വനി കുമാര്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു.

മുഖ്യപ്രഭാഷകനായെത്തിയ, എ.സി. ജോര്‍ജ് ശ്രീനാരായണ ഗുരുവിന്‍റെ സ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തിന്‍റേയും വിശിഷ്യാ മലയാളികളുടേയും സാമൂഹ്യ സാംസ്ക്കാരിക മാറ്റത്തിനും മുന്നേറ്റത്തിനും തുടക്കം കുറിച്ചതും ദിശാബോധം നല്‍കിയതും ആവേശവും കരുത്തും പകര്‍ന്നതും ശ്രീനാരായണ ഗുരുവിന്‍റെ മാതൃകാ ജീവിതവും പഠനവും ഉല്‍ബോധനങ്ങളുമായിരുന്നു. എല്ലാ തുറയിലും നീതി നിഷേധിക്കപ്പെട്ട്, അടിച്ചമര്‍ത്തപ്പെട്ട, ചവിട്ടി താഴ്ത്തപ്പെട്ട ജനതക്ക് മാനുഷികമായി ലഭിക്കേണ്ട അവകാശങ്ങളെപറ്റിയും ചുമതലകളെ പറ്റിയും അദ്ദേഹം പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്‍റെ വാക്കുകള്‍ എക്കാലവും മാനവരാശിക്ക് പ്രസക്തമാണ് എന്ന് മുഖ്യ പ്രഭാഷകന്‍ ചൂണ്ടിക്കാട്ടി. ഉദയകുമാര്‍ കുട്ടപ്പന്‍ ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളേയും ഗുരുദേവ ദര്‍ശനങ്ങളേയും ആധാരമാക്കി സവിസ്തരം പ്രസംഗിച്ചു.

കുമാരി വൃന്ദാ ശിവന്‍ ഗുരുദേവന്‍റെ ജീവചരിത്രത്തെ ആധാരമാക്കി സ്ലൈഡ് ഷോ അവതരിപ്പിച്ചു. തുടര്‍ന്ന് എസ്.എന്‍.ജി.എം കലാകാരന്മാരും കലാകാരികളും പ്രത്യേകിച്ച് വനിതാ പ്രതിനിധികളും വൈവിധ്യമേറിയ ഓണ കലാപരിപാടികള്‍ അവതരിപ്പിച്ചു. ശിവന്‍ രാഘവന്‍റെ കവിതാ പാരായണം, തിരുവാതിരകളി, സമൂഹനൃത്തങ്ങള്‍, സമൂഹഗാനങ്ങള്‍, മറ്റ് ദേശീയ നൃത്തനൃത്യങ്ങള്‍, വരും തലമുറയുടെ കൊച്ചുകൊച്ചു പ്രഭാഷണങ്ങള്‍, അവതരണങ്ങള്‍ തുടങ്ങിയവ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മനോജ് ഗോപിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച വള്ളംകളി ഗൃഹാതുര സ്മരണകള്‍ കാഴ്ചവെച്ചു. കലാപരിപാടികളുടെ സംവിധായകരായി ശിഹാദ്, രേഷ്മ എന്നിവര്‍ പ്രവര്‍ത്തിച്ചു. അച്ചുതന്‍ ജയചന്ദ്രന്‍ കൃതജ്ഞത അര്‍പ്പിച്ച് പ്രസംഗിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ പരമ്പരാഗതമായ രീതിയില്‍ തന്നെ വിളമ്പി. ഗുരുദേവ ജയന്തി – ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അശ്വനി കുമാര്‍ (പ്രസിഡന്‍റ്), ഗോപകുമാര്‍ മണികണ്ഠശേരില്‍ (സെക്രട്ടറി), മധു ചേരിക്കല്‍ (വൈസ് പ്രസിഡന്‍റ്), ജയകുമാര്‍ നടക്കനാല്‍ (ട്രഷറര്‍) മറ്റ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരാണ്.

4-sreenrayana-guru-jayanthi-onam-celebration-news-photo 5-sreenarayana-guru-jayanthi-onam-celebration-photo 6-sreenarayana-guru-jayanthi-onam-celebration-news-photo 7-sreenayarayana-guru-jayanthi-onam-celebration-photo

Print Friendly, PDF & Email

Leave a Comment