Flash News

ഐഎപിസി രാജ്യാന്തര മാധ്യമസമ്മേളനം: ഒക്റ്റോബര്‍ എട്ടുമുതല്‍ പത്തുവരെ കണക്റ്റിക്കട്ടില്‍; പ്രമുഖ മാധ്യമ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നു

October 4, 2016

iapc-1ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. കണക്ടിക്കട്ടിലുള്ള ഹില്‍ടണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ ഒക്ടോബര്‍ എട്ടു മുതല്‍ പത്തുവരെയാണ് മാധ്യമസമ്മേളനം നടക്കുന്നത്. അമേരിക്കയിലേയും കാനഡയിലേയും മാത്രമല്ല രാജ്യാന്തരതലത്തില്‍ പ്രശസ്തരായ ദൃശ്യ, പത്ര മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ നിരവധി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. ആര്‍.എസ്. ബാബു, മാങ്ങാട് രത്‌നാകരന്‍, എം.വി. നികേഷ് കുമാര്‍, എസ്.ആര്‍. ശക്തിധരന്‍, ജി. ശേഖരന്‍ നായര്‍, പ്രദീപ് പിള്ള, ജെ.എസ്. ഇന്ദുകുമാര്‍, ലിസ് മാത്യു, സിന്ധു കുമാര്‍, ജെ.അലക്‌സാണ്ടര്‍ ഐഎഎസ്, പി.വി. അബ്ദുള്‍ വഹാബ് എംപി, ഡോ. അജയ് ലോധാ, എച്ച് ആര്‍ .ഷാ , ബാഗ്ഗാ , ഡോ ജെ .മോസസ് തുടങ്ങിയ പ്രമുഖര്‍ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട് .

ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്ററായിരിക്കെയാണ് ആര്‍.എസ്. ബാബുവിനെ കേരള മീഡിയ അക്കാദമി ചെയര്‍മാനായി നിയമിക്കുന്നത്. 1978 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ബാബുവിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും രാഷ്ട്രീയഭരണ മേഖലകളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റായ ആര്‍.അജിത്ത് കുമാര്‍ മംഗളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അസോസിയേറ്റ് എഡിറ്ററുമാണ്. മുതിര്‍ന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ മാങ്ങാട് രത്‌നാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിംഗ് എഡിറ്ററാണ്. സമഗ്ര സംഭാവനയ്ക്കുള്ള സുരേന്ദ്രന്‍ നിലീശ്വരം അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ഏഷ്യാനെറ്റിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച എം.വി. നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറാണിപ്പോള്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മലയാള ദൃശ്യമാധ്യമരംഗത്ത് പുത്തന്‍ മാനങ്ങള്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എസ്.ആര്‍. ശക്തിധരന്‍ പ്രസ് അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. മാതൃഭൂമിയുടെ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ജി. ശേഖരന്‍ നായര്‍. മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ദ ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസിലെ മാധ്യമപ്രവര്‍ത്തകനായ പ്രദീപ് പിള്ള തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റാണ്. മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനായ ജെ.എസ്. ഇന്ദുകുമാര്‍ ജയ്ഹിന്ദ് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്.

ഇന്ത്യന്‍ എക്സ്‌പ്രസില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ലിസ് മാത്യു വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസില്‍ പത്തുവര്‍ഷവും മിന്റില്‍ ആറുവര്‍ഷവും പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ്. മനോരമ ന്യൂസ് കാമറമാനാണ് സിന്ധുകുമാര്‍.

കര്‍ണാടക ചീഫ് സെക്രട്ടറിയായിരുന്ന ജെ. അലക്‌സാണ്ടര്‍ ഐഎഎസ് കര്‍ണാടകയിലെ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 33 വര്‍ഷത്തോളം കര്‍ണാടകയില്‍ ഐഎഎസ് ഓഫീസറായിരുന്നു അദ്ദേഹം. പ്രമുഖ ബിസിനസുകാരനും മുസ്ലീം ലീഗ് നേതാവുമായ പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭ എംപിയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമകൂടിയാണദ്ദേഹം.

2013 ല്‍ രൂപീകൃതമായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സാണ് ഇത്. കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കിലും ആദ്യവര്‍ഷം ന്യൂജേഴ്‌സിയിലുമാണ് കോണ്‍ഫറന്‍സ് നടന്നത്. അച്ചടി ദൃശ്യ മാധ്യമരംഗത്തുള്ള ഇന്‍ഡോ അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി). ഇതിന്റെ അംഗങ്ങളുടെ കര്‍മ്മനിരതമായ പ്രവര്‍ത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലേക്ക് ഇത് വളര്‍ന്നത്. അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ കോണ്ഫറന്‍സിലെ പ്രധാന വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും മുഖ്യധാരയിലെ മാധ്യമ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും നയിക്കുന്നതാണ്. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് എല്ലാ വര്‍ഷവും നല്‍കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള സത്ക്കര്‍മ്മ അവാര്‍ഡ് പ്രസ്തുത കോണ്‍ഫറന്‍സില്‍ വെച്ചു കൊച്ചിയില്‍നിന്നുള്ള തെരുവോരം മുരുകന് ഇക്കൊല്ലം നല്‍കി ആദരിക്കുന്നതാണ്.

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയിരിക്കുന്ന ഈ സമയത്ത് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ ഇരു പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ട് ട്രംമ്പിന് വേണ്ടി പ്രൊ. എ . ഡി. അമര്‍ വസ്തുതകള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ളിന്റനുവേണ്ടി, ന്യൂജേഴ്സി പാര്‍ലമെന്റില്‍ മത്സരിക്കുന്ന മലയാളി പൈതൃകമുള്ള യുവ പൊതുപ്രവര്‍ത്തകന്‍ പീറ്റര്‍ ജേക്കബ്, പ്രതിവാദങ്ങളുടെ പെരുമഴയുമായി ഈ മുഖ്യ സംവാദം പ്രവാസീ ഭാരതീയരില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നു. ഈ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് മോഡറേറ്ററായി പ്രൊ. ഇന്ദ്രജീത് സലൂജാ ചുക്കാന്‍ പിടിക്കുന്നതായിരിക്കും.

കൂടാതെ വിവിധ മത്സരങ്ങളിലെ വിജയികളെയും പ്രഗല്‍ഭരായ മാധ്യമ പ്രവര്‍ത്തകരെയും ആദരിച്ചു പുരസ്കാരങ്ങള്‍ നല്‍കുന്നതും, ഈ അന്താരാഷ്‌ട്ര സമ്മേളനത്തിന്‍റെ തിലകക്കുറിയായി ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നതുമായിരിക്കും. ഒമ്പതാം തീയതി വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന പൊതു സമാപന ചടങ്ങിലും, കലാസാംസ്കാരിക പരിപാടികളിലും, ഡിന്നറിലും വിവിധ സാമൂഹ്യ നേതാക്കള്‍, അമേരിക്കന്‍ മാധ്യമ പ്രതിനിധികള്‍, കോണ്‍സുലേറ്റ് മേധാവികള്‍ പങ്കെടുക്കുന്നതാണ്.

വളര്‍ന്നുവരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നും പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐഎപിസി കര്‍മ്മനിരതമാണെന്നും അതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഐ എ പി സീ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.

വാര്‍ത്ത സമര്‍പ്പിക്കുന്നത് : കോരസന്‍ വറുഗീസ്, ജനറല്‍ സെക്രട്ടറി
ഡോ. മാത്യൂ ജോയിസ്‌, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

iapc


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top