Flash News

കത്തിജ്വലിക്കുന്ന ജമ്മു-കശ്മീരും ഇന്‍ഡോ-പാക് യുദ്ധസന്നാഹവും (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

October 7, 2016

jammu-reducedപാക് ഭീകരര്‍ കാശ്മീരില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിനു നേരെ അവര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ഇത് ആദ്യത്തെ സംഭവമല്ല. നിരവധി തവണ പാക് ഭീകരര്‍ കാശ്മീരില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അക്രമം അഴിച്ചുവിടുകയും അത് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം അതിന്റെ ഉത്തമോദാഹരണമാണ്. അന്നും ഇതിനു സമാനമായ സംഭവമായിരുന്നു തുടക്കം. ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിച്ചതിനോട് പാക് സൈന്യം കീഴടങ്ങി പിന്‍വാങ്ങുകയാണുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ ഒരിക്കലും പാക് സൈന്യത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നത് കാര്‍ഗിലില്‍ കൂടെയും മറ്റ് സംഭവങ്ങളില്‍ കൂടെയും തെളിയിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും പാക് സൈന്യം ഇന്ത്യയെ ചൊടിപ്പിച്ചുകൊണ്ടിരിക്കും. സത്യത്തില്‍ പാക് ഭരണ കൂടത്തേക്കാള്‍ ഇന്ത്യയെ ചൊടിപ്പിക്കുന്നത് പാക് സൈന്യമാണെന്നു പറയുന്നതാണ് സത്യം. അതിനുള്ള കാരണം ഇന്ത്യാ-പാക് യുദ്ധത്തില്‍ അവര്‍ പരാജയപ്പെട്ടതുതന്നെ. സാമൂതിരി നടത്തിയിരുന്ന മാമാങ്കത്തില്‍ കോനാതിരിയുടെ ചാവേര്‍ പടയുടെ കണക്കാണ് പാക് സൈന്യം എന്നു പറയുന്നതാണ് സത്യം.

photo-new-smallസ്വതന്ത്ര ഇന്ത്യയുടെ തുടക്കം മുതല്‍ കാശ്മീരിനുവേണ്ടി വാദിക്കുന്ന പാക് ഭരണകൂടവും പാക് സൈന്യവും കാശമീരിനെ അവരുടെ ഭാഗമാക്കാന്‍ പല വഴികളും പല സന്ദര്‍ഭത്തിലും നോക്കിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാശ്മീരിലെ കുട്ടികള്‍ക്ക് വിസ നല്‍കാതെ പാക്കിസ്ഥാനില്‍ പഠിക്കാന്‍ പാക് ഭരണകൂടം അനുമതി നല്‍കിയിരുന്നു. അതിനവര്‍ നല്‍കിയ മറുപടി കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്നാണ്. അത് ഇന്ത്യയെ ചൊടിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഒടുവില്‍ ഇന്ത്യ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍ ആ നീക്കമവര്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

അതിനുശേഷം ചൈനയെ കൂട്ടുപിടിച്ച് അരുണാചല്‍പ്രദേശില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. ചൈന അതിര്‍ത്തി രാഷ്ട്രമെന്നതിലുപരി ഇന്ത്യയുടെ ശത്രു രാഷ്ട്രമായതിനാല്‍ ചൈനയും ഇന്ത്യയുമായി കോര്‍ക്കുമ്പോള്‍ കാശ്മീരില്‍ ഇറങ്ങി തങ്ങളുടെ ഭാഗമാക്കാമെന്ന വ്യാമോഹമോ വിവരക്കേടോ ആയിരുന്നുവെന്നു പറയാം. അല്ലെങ്കില്‍ ബുദ്ധിയില്ലായ്മയോ പാക്കിസ്ഥാന്റെ വാക്കുകേട്ട് ചൈന ഒരു ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ അത് വെളിച്ചം കാണാതെ പോകുകയാണുണ്ടായത്. അങ്ങനെ പല മാര്‍ഗങ്ങള്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുകയുണ്ടായി. അതൊക്കെ ഒരു ലക്ഷ്യവും കാണാതെ പോയെന്നു മാത്രമല്ല പാക്കിസ്ഥാനുതന്നെ തിരിച്ചടി നല്‍കുകയുണ്ടായി.

ഭീകരപ്രവര്‍ത്തനം നടത്തി കാശ്മീര്‍ പിടിച്ചെടുക്കാമെന്നാണ് പാക് സൈന്യത്തിന്റെ മറ്റൊരു ചിന്താഗതി. അതിനവര്‍ പാക് ഭീകരരെ കൂട്ടുപിടിക്കുന്നു. കാശ്മീരില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന പാക് ഭീകരര്‍ സത്യത്തില്‍ പാക് സേനയിലെ ആളുകള്‍ തന്നെയെന്നതാണ് മറ്റൊരു സത്യം. പാക് ഭീകരരുടെ ലേബലില്‍ അവര്‍ എത്തുന്നു എന്നുതന്നെ പറയാം. കാശ്മീരിനെ പിടിച്ചെടുക്കാന്‍ കൂട്ടുനില്‍ക്കു ന്നതിന് പാക സേന ഭീകരര്‍ക്കു നല്‍കുന്ന പ്രത്യുപകാരം അവര്‍ക്ക് യഥേഷ്ടം പാക്കിസ്ഥാനില്‍ എന്തും ചെയ്യാമെന്നുള്ളതാണ്. അതുകൊണ്ടുതന്നെ പാക് ഭീകരര്‍ അവിടെ അഴിഞ്ഞാടുകയാണ്. പ്രത്യേകിച്ച് താലിബാന് നിയന്ത്രണമുള്ള അഫ്ഗാന്‍ അതിര്‍ത്തിയില്‍. അവിടെ പാക്കിസ്ഥാന്‍ ഭരണകൂടത്തിനോ, സൈന്യത്തിനോ, ശക്തിയോ നിയന്ത്രണമോ ഒന്നും തന്നെയില്ലായെന്നതാണ് സത്യം. താലിബാനുമായി ചേര്‍ന്നുകൊണ്ട് അവരുടേതായ കരിനിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പാക് ഭീകരര്‍ ചെയ്യുന്നത്. അതു മാത്രമല്ല, പണ സമ്പാദനത്തിനായി മയക്കു മരുന്ന് വിപണനവും യഥേഷ്ടം നടത്തുകയെന്നതാണ് സത്യം. അങ്ങനെ പാക് ഭീകകര്‍ സൈന്യത്തിന്റെ മൗനാനുവാദത്തോടെ താലിബാന്റെ ശക്തമായ പിന്തുണയോടെ അഴിഞ്ഞാടുമ്പോള്‍ അവരുടെ മറവില്‍ പാക് സേന കാശ്മീരില്‍ അരക്ഷിതാ വസ്ഥയും അക്രമവും അഴിച്ചു വിടുകയാണ് കാശ്മീരിനു വേണ്ടി. അതിന്റെ ഫലമാണ് കാശ്മീര്‍ കത്തുന്നത്. ഇതില്‍ ഇന്ത്യന്‍ സേനാഗംങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ഏറെ ദുഃഖകരമായതുതന്നെ.

കാശ്മീര്‍ കിട്ടില്ലെന്നറിയാമായിരുന്നിട്ടും അതിനുവേണ്ടി പോരാട്ടം നടത്തുകയും അവിടെ അരക്ഷിതാവസ്ഥയും ആക്രമണ പരമ്പരയും പാക്കിസ്ഥാന്‍ അഴിച്ചുവിടുന്നതിനു പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ലോകശ്രദ്ധ കിട്ടാതിരിക്കാന്‍. ഏതു നിമിഷവും തകര്‍ന്നു തരിപ്പണമാകാന്‍ തക്കരീതിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പാക്കിസ്ഥാനകത്ത് ഉണ്ടെന്നതാണ് ഒരു വസ്തുത. പട്ടിണിയും തൊഴിലില്ലായ്മയും ഒരു വശത്തും രാജ്യത്തെ ശിഥിലീകരിക്കുന്ന രീതിയില്‍ വിഘടനവാദവും മറുവശത്തുമായി പാക്കിസ്ഥാനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതുകൂടാതെ സുന്നി ഷിയ ചേരിപ്പോരും ഇതെല്ലാം കൂടി പാക്കിസ്ഥാന്‍ ഒരു അഗ്‌നിപര്‍വ്വതം കണക്കെയാണ് നില്‍ക്കുന്നത്. ഒപ്പം തീവ്രവാദവും. ലോകത്തേറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍ എന്നു പറയപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നു. സൈന്യം ഭരണം അട്ടിമറിക്കാതിരിക്കാന്‍ അവരുടെ ശ്രദ്ധ കാശ്മീരിലേക്ക് തിരിക്കുകയെന്ന പാക് ഭരണകൂടത്തിന്റെ തന്ത്രവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. സൈന്യം നീട്ടി തുമ്മിയാല്‍ ഏതു നിമിഷവും തകരുന്നതാണ് പാക്കിസ്ഥാനിലെ ജനകീയ ഭരണസംവിധാനമെന്നത് പല തവണ പട്ടാളം തെളിയിച്ചതാണ്. അവര്‍ക്കിഷ്ടമില്ലാത്ത എന്തു പ്രവൃത്തി ജനകീയ ഭരണകൂടം കാണിച്ചാലും പട്ടാള ഭരണകൂടം അവരെ അട്ടിമറിക്കും. അങ്ങനെ രാജ്യത്തിനകത്ത് പ്രശ്‌നങ്ങളും തങ്ങളുടെ തന്നെ പട്ടാളത്തിന്റെ ശ്രദ്ധ തിരിക്കാനും കൂടിയാണ് ഇതിന്റെയൊക്കെ പിന്നിലുള്ള രഹസ്യം.

പാക്കിസ്ഥാനുമായി സൗഹാര്‍ദ്ദത്തില്‍ പോകാന്‍ ഇന്ത്യ പലതവണ ശ്രമിച്ചിട്ടുണ്ട്. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇരുരാജ്യങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ട് ബസ് യാത്ര വരെ നടത്തുകയുണ്ടായി. തുടക്കത്തില്‍ ഒരു ഓളം തട്ടിയതല്ലാതെ മറ്റൊന്നും പിന്നീട് സംഭവിച്ചിട്ടില്ല. പിന്നീട് ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപം നല്‍കിയ അതിര്‍ത്തി തര്‍ക്ക പരിഹാര ഉടമ്പടി ആദ്യം ലംഘിച്ചത് പാക്കിസ്ഥാനായിരുന്നു. പാക്കിസ്ഥാനിലിരുന്നുകൊണ്ട് ഇന്ത്യയ്ക്കുമേല്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഭീകരരെ അഴിക്കുള്ളിലാക്കണമെന്നതും അതിര്‍ത്തി രേഖയ്ക്ക് ഇത്ര അടി മാത്രമെ പാക് പട്ടാളം എത്താവുയെന്നുമുള്ളവയെല്ലാം ആദ്യം ലംഘിച്ചതു പാക്കിസ്ഥാനായിരുന്നു. അങ്ങനെ ഇന്ത്യ നടത്തിയിട്ടുള്ള സൗഹൃദ ശ്രമങ്ങളൊക്കെ പാക്കിസ്ഥാന്‍ ലംഘിക്കുകയാണെന്നു മത്രമല്ല വീണ്ടും വീണ്ടും ഇന്ത്യയ്ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കുകയാണ് എപ്പോഴും ചെയ്യുന്നത്. അത് ഇപ്പോള്‍ ഉറിയില്‍ വരെയെത്തി നില്‍ക്കുന്നു. അത് നിരവധി ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടുത്തുകയുണ്ടായി. യുദ്ധത്തില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ആള്‍നാശം കാശ്മീര്‍ അതിര്‍ത്തി പ്രശനത്തില്‍ ഇന്ത്യയ്ക്കുണ്ടായിട്ടുണ്ട്.

അതുകൊണ്ടുതന്നെ പാക്കിസ്ഥാന് ശക്തമായ തിരിച്ച ടി നല്‍കണമെന്നാണ് ഇന്ത്യയിലെ ജനവികാരം. യുദ്ധം എന്നതിലേക്കാണ് അത് എത്തിനില്‍ക്കുന്നത്. സായുധ പോരാട്ടത്തില്‍ക്കൂടി ശക്തമായി തിരിച്ചടി നല്‍കിയാല്‍ അത് പാക്കിസ്ഥാന് താങ്ങാനാവില്ലെന്നതും അതോടെ അവര്‍ മുട്ടുമടക്കുമെന്നുമാണ് ജനത്തിന്റെ അഭിപ്രായം.

യുദ്ധം നടത്തിയാല്‍ പാക്കിസ്ഥാനെ തറ പറ്റിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. 71-ലും 99- ലും അതു നാം തെളിയിച്ചതാണ്. 71-ല്‍ ഇന്നുള്ള അത്രയും ശക്തിയും സന്നാഹങ്ങളും നമുക്കില്ലാതിരുന്നിട്ടും കൂടി നാം പാ ക്കിസ്ഥാനെ മുട്ടുകുത്തിച്ചു. അതിനേക്കാള്‍ എത്രയോ മടങ്ങ് ആളും അര്‍ത്ഥവുംകൊണ്ട് നാം ശക്തരാണ്. അതുകൊണ്ടുതന്നെ യുദ്ധത്തില്‍ പാക്കിസ്ഥാനെ തറപറ്റിക്കാന്‍ ഇന്ത്യയ്ക്കാകും. എന്നാല്‍ യുദ്ധമുണ്ടായാല്‍ അതില്‍ ഇരു കൂട്ടര്‍ക്കും ആള്‍നാശവും കെടുതികളും ഉണ്ടാകും. യുദ്ധത്തില്‍ ഒരു കൂട്ടര്‍ക്കു മാത്രം നഷ് ടമെന്നത് ഒരു കാലത്തുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ യുദ്ധമെന്നത് ഇരുകൂട്ടര്‍ക്കും നഷ്ടങ്ങള്‍ വരുത്തും. അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്നുമാത്രം. 71- ലും 99-ലും ഇന്ത്യയ്ക്കും ആള്‍നാശം സംഭവിച്ചിട്ടുണ്ട്. അതു മാത്രമല്ല അതിന്റെ കെടുതികള്‍ എത്രയെന്ന് വിവരിക്കാനാവില്ല. പ്രത്യേകിച്ച് ആണവ കാലഘട്ടത്തില്‍. ഇന്ത്യയെ തറ പറ്റിക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ അവരുടെ കൈവശമുള്ളതെല്ലാം പ്രയോഗിക്കും. യുദ്ധം അവസാന കൈയ്ക്ക് പ്രയോഗിക്കേണ്ട ഒന്നാണ്. മറ്റു ശ്രമങ്ങളൊന്നും ഫലവത്താകാതെ പോകുമ്പോള്‍ മാത്രം അവസാന കൈയ്ക്ക് മാത്രമായിരിക്കണം യുദ്ധം.

ഒറ്റപ്പെടുത്തുകയും അകറ്റി നിര്‍ത്തുകയുമെന്ന തന്ത്രപരമായ രീതിയായിരിക്കണം ഇന്ത്യ ആദ്യം സ്വീകരിക്കേണ്ടത്. അതിനായി ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാവശ്യമുണ്ട്. ഭീകരവാദവും മറ്റും കൊടി കുത്തി വാഴുന്ന പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ മറ്റ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ ആവശ്യപ്പെടാം. പാക്കിസ്ഥാനുമായി നിസ്സഹകരണമാണ് മറ്റൊന്ന്. പാക്കിസ്ഥാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഇന്ത്യ ബഹിഷ്ക്കരിക്കണം. ഉച്ചകോടികളില്‍ നിന്നുപോലും മാറി നില്‍ക്കാന്‍ ഇന്ത്യ ധൈര്യം കാണിക്കുകയും തീരുമാനമെടുക്കുകയും ചെയ്യണം. അങ്ങനെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ബഹിഷ്ക്കരിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഇന്ത്യ ആഞ്ഞടിക്കേണ്ടത്. അങ്ങനെയുള്ള നീക്കം ഇന്ത്യയുടെ ഭാഗത്തു നിന്നും തുടങ്ങുകയെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. അത് ആരംഭശൂരത്വം മാത്രമായി ഒതുങ്ങിപ്പോകരുത്. അങ്ങനെയുണ്ടായാല്‍ അത് പാക്കിസ്ഥാന് കൂടുതല്‍ ശക്തി പകരും. അവര്‍ വീണ്ടും അക്രമം അഴിച്ചുവിടുകയും അവകാശം ഉന്നയിക്കുകയും ചെയ്യും. ഇതൊന്നും ഫലം കണ്ടില്ലെങ്കില്‍ മാത്രമെ നേരിട്ടൊരു ഏറ്റുമുട്ടലിന് മുതിരാവൂ. അതിര്‍ത്തിയില്‍ രാജ്യത്തിന്റെ കാവല്‍ക്കാരായി വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആയിരം ആദരാഞ് ജലികള്‍. വാക്കുകള്‍ കൊണ്ട് അത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നറിയാം. എങ്കിലും ആയിരം ആദരാഞ്ജലികള്‍ നേരുന്നു.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top