Flash News

നോബേല്‍ പുരസ്ക്കാരം 2016; കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവേല്‍ സാന്റോസ് അര്‍ഹനായി

October 7, 2016

juan-manuel-santosസമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ്‌ ജുവാന്‍ മാനുവല്‍ സാന്റോസിന്. കൊളംബിയയില്‍ 52 വർഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിനാണ് പുരസ്കാരം. അരനൂറ്റാണ്ടു നീണ്ട ആഭ്യന്തരയുദ്ധത്തിനു വിരാമമിട്ടു കൊളംബിയ സര്‍ക്കാരും ഇടതു ഗറിലകളായ റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയും (ഫാര്‍ക്) സമാധാനക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന് സാന്റോസ് മുന്‍കയ്യെടുത്തു. ഇത് പരിഗണിച്ചാണ് നൊബേല്‍ സമിതി അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്.

അതേസമയം, ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ ഫാര്‍ക്കും തമ്മിലുള്ള സമാധാന കരാറിനെ കൊളംബിയന്‍ ജനങ്ങള്‍ തള്ളികളഞ്ഞിരുന്നു. ഹിതപരിശോധനയില്‍ 50.24 ശതമാനം ജനങ്ങള്‍ കരാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ 49.8 ശതമാനം പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. എന്നാല്‍, ഹിതപരിശോധനാ ഫലം എതിരാണെങ്കിലും സമാധാന ശ്രമങ്ങളെ കൊളംബിയന്‍ ജനത അംഗീകരിച്ചില്ലെന്ന് കരുതാവില്ലെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി വക്താവ് ചൂണ്ടിക്കാട്ടി.

nobel_prize_071013ആഗസ്റ്റ് 26നാണ് കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെച്ചത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു കരാര്‍. കാര്‍ട്ടജനയില്‍ വെച്ച് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്‍േറാസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയുമാണ് കരാറില്‍ ഒപ്പിട്ടത്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

സമാധാന കരാര്‍ നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉറപ്പുനല്‍കി. ഫാര്‍കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ചടങ്ങിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്നു. കരാര്‍പ്രകാരം, ഫാര്‍ക് വിമതര്‍ 180 ദിവസത്തിനകം തങ്ങളുടെ ആയുധങ്ങള്‍ യു.എന്നിന് കൈമാറണം. നിലവില്‍ കൊളംബിയയുടെ വനമേഖലകളില്‍ കഴിയുന്ന 7000ത്തോളം ഫാര്‍ക് വിമതരെ യു.എന്‍ നിയന്ത്രണത്തിലുള്ള നിരായുധീകരണ ക്യാംപിലേക്കു മാറ്റും. സായുധ സംഘടനയില്‍ നിന്നു മാറി ഫാര്‍ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും ധാരണയായി.

1964 മുതലാണ് ഫാര്‍ക് പോരാളികള്‍ കൊളംബിയന്‍ ഭരണകൂടത്തിനെതിരെ പോരാട്ടം ആരംഭിച്ചത്. സര്‍ക്കാരും ഗറില്ലകളും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ 2,20,000 പേര്‍ക്കു ജീവഹാനി നേരിട്ടെന്നാണ് കണക്ക്. ഭവനരഹിതരായവരുടെ എണ്ണം അരക്കോടി വരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top