Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഡൊണാള്‍ഡ് ട്രംപും ഹില്ലരി ക്ലിന്റണും ഗര്‍ഭഛിദ്ര നയങ്ങളും (ലേഖനം)

October 8, 2016

trump-reduced2016 നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭ്രൂണഹത്യയും ഗര്‍ഭച്ഛിദ്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുപ്രധാനങ്ങളായ വിഷയങ്ങളായിരുന്നു. പ്രതിപാദ്യവിഷയത്തില്‍ വ്യത്യസ്തങ്ങളായ നിലപാടുകളാണ് ഇരു പാര്‍ട്ടികള്‍ക്കുമുള്ളത്. ഭ്രൂണഹത്യയും ഗര്‍ഭച്ഛിദ്രവും അനുകൂലിച്ചുകൊണ്ട് ഡെമോക്രാറ്റുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് പാടില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസ്താവനകളിറക്കിയും പ്ലാറ്റ്‌­ഫോമുകളില്‍ പ്രസംഗിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി മതമൗലിക വിശ്വാസങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായങ്ങളും താല്പര്യവുമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ ഭൂരിഭാഗവും ഇസ്‌­ലാം മതവും ഭ്രൂണഹത്യയെയും ഗര്‍ഭച്ഛിദ്രത്തെയും എതിര്‍ക്കുന്നതായും കാണാം.

padannaറിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക്­ പാര്‍ട്ടിയിലും ഗര്‍ഭഛിദ്രം സംബന്ധിച്ചുള്ള പ്ലാറ്റഫോമുകളിലുയരുന്ന ആശയങ്ങളില്‍ വലിയ അന്തരമുണ്ട്. ജനിക്കാത്ത കുഞ്ഞിനും ഈ ഭൂമിയില്‍ ജീവിക്കാനും ഈ മണ്ണിലെ ശുദ്ധവായു ശ്വസിക്കാനും മൗലികമായ അവകാശമുണ്ടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറയുന്നു. നികുതി നല്‍കുന്നവന്റെ പണം കൊണ്ട് ഗര്‍ഭഛിദ്രം അനുവദിക്കുന്നതിലും എതിര്‍ക്കുന്നു. ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഘടനകളും സ്ഥാപനങ്ങളും അവരുടെ പ്രചരണങ്ങളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഗര്‍ഭഛിദ്രം നടപ്പാക്കാനുള്ള നിയമനിര്‍മ്മാണങ്ങളിലും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നുമുണ്ട്.

ഡെമോക്രാറ്റിക്­ പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ത്തന്നെ ഗര്‍ഭഛിദ്രത്തിന് എന്നും അനുകൂലികളായിരുന്നു. ഗര്‍ഭഛിദ്രം നടപ്പാക്കി നിയമപരിരക്ഷണം നല്‍കണമെന്നു പ്ലാറ്റ്‌­ഫോമുകളില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലുള്ളവര്‍ ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഗര്‍ഭച്ഛിദ്രത്തിനെതിരായ ‘ഹൈഡ് അമന്‍ഡ്‌മെന്റ്’ മാറ്റി ഗര്‍ഭച്ഛിദ്രത്തിനനുകൂലമായി ഭേദഗതി ചെയ്യാനും ആവശ്യപ്പെടുന്നു. അതുപ്രകാരം ഗര്‍ഭച്ഛിദ്രത്തിനുതകുംവിധം ഫെഡറല്‍ ഫണ്ട് അനുവദിക്കാനും ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയാനും നിര്‍ദ്ദേശിക്കുന്നുണ്ട്. ഹിലരിയുടെ പ്ലാറ്റ് ഫോമുകളില്‍ ഗര്‍ഭഛിദ്രം സംബന്ധിച്ചുള്ള ഇത്തരം നയങ്ങള്‍ മുഴങ്ങി കേള്‍ക്കാം.

ഭ്രൂണഹത്യയെയും, ഗര്‍ച്ഛിദ്രങ്ങളെയും അനുകൂലിക്കുന്നവര്‍ ചിന്തിക്കുന്നതിങ്ങനെ, ‘ ഇത് എന്‍റെ ശരീരമാണ്, എന്‍റെ ശരീരത്തില്‍ എന്തും ചെയ്യുവാന്‍ എനിക്കവകാശമുണ്ട്. ഒരുവന്‍റെ സന്താനോത്ഭാതന കാര്യങ്ങളില്‍ സ്വയം അനിയന്ത്രിതമായി തീരുമാനമെടുക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്.’ ഭ്രൂണം എന്നുള്ളത്­ ശരീരത്തിന്‍റെ വെറും കോശം മാത്രമാണ്. ജീവന്‍ ആരംഭിക്കുന്നതു എന്നാണെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷന്‍റെ ബീജം സ്ത്രീയില്‍ പതിക്കുന്ന നിമിഷം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവന്‍ രൂപാന്തരപ്പെടുന്നത് എപ്പോളെന്നു ആര്‍ക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.’ . ഹിലരിയും വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്ത ‘റ്റിം കെയിനും’ (Tim Kain) ഇത് ശരി വെയ്ക്കുന്നു.

‘ഒരു സ്ത്രീ ബലാല്‍സംഗം മൂലം ഗര്‍ഭിണിയാവുകയാണെങ്കില്‍ ആ കുഞ്ഞിനെ ഇല്ലാതാക്കുവാന്‍ അവള്‍ക്ക് അവകാശമുണ്ട്. ഒരു കുഞ്ഞു ഗര്‍ഭത്തില്‍ തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കില്‍ എന്തിന് ആ കുഞ്ഞിനെ ജീവിതം മുഴുവന്‍ കഷ്ടപ്പെടുത്തണം.’ അത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കും ഏക അഭിപ്രായമാണുള്ളത്.

ഭ്രൂണഹത്യയെ ഡൊണാള്‍ഡ് ട്രംപ് അനുകൂലിക്കുന്നില്ല. അദ്ദേഹം അത്തരം തീരുമാനങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഭ്രൂണം അലസിപ്പിക്കാതെ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിന് ഒരിക്കലും അനുകൂലിയായിരുന്നില്ല. ഗര്‍ഭഛിദ്രത്തിനനുകൂലമായി വരുന്ന എല്ലാ ദേശീയ തീരുമാനങ്ങളെയും ട്രംപ് എതിര്‍ത്തുകൊണ്ടിരിക്കുന്നു. തനിക്ക് ഓരോ കുഞ്ഞുണ്ടായ സമയങ്ങളിലും അത് ദൈവത്തിന്റെ ദാനമായിട്ടു കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗര്‍ഭഛിദ്രം സംബന്ധിച്ചുള്ള ഹിലരിയുടെ ചിന്താഗതി തികച്ചും വ്യത്യസ്തമാണ്. ‘റോ വേഴ്‌സസ് വേഡ്’ എന്ന സുപ്രധാന കേസിലെ സുപ്രീം കോടതി തീരുമാനത്തില്‍ ഹിലരി ക്ലിന്റണ്‍ ഗര്‍ഭഛിന്ദ്രം നിയമമാക്കാന്‍ വോട്ടു ചെയ്തു. ഭൂമിയിലേയ്ക്ക് വരാത്ത ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഭരണഘടനാവകാശമില്ലെന്നുള്ള വാദഗതിയാണ് ഹിലരിയ്ക്കുള്ളത്. ജനിച്ചു ഭൂമിയില്‍ വീണുകഴിഞ്ഞു മാത്രമേ പൗരാവകാശങ്ങള്‍ ഒരു കുഞ്ഞിന് നേടാന്‍ സാധിക്കുള്ളൂവെന്നും അവരുടെ വിവാദങ്ങളിലുണ്ട്. അതുവരെ കുട്ടിയെ വേണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കുട്ടിയെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്ന സ്ത്രീയെന്നാണ് ഹിലരിയുടെ അഭിപ്രായം.

a-2വളര്‍ച്ച പ്രാപിച്ച ഗര്‍ഭ ശിശുവിനെ പുറത്തെടുത്തുള്ള ഗര്‍ഭഛിദ്രം പാടില്ലാന്നു സുപ്രീം കോടതിയുടെ 2007­ല്‍ നടന്ന ഒരു വിധിന്യായത്തിലുണ്ടായിരുന്നു. ഒമ്പതു ജഡ്ജിമാരില്‍ അഞ്ചുപേരും അന്ന് ആ വിധി നടപ്പാക്കുന്നതിന് അനുകൂലിച്ചിരുന്നു. താന്‍ ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നുവെന്നു 2000­മാണ്ടില്‍ എഴുതിയ ‘ദി അമേരിക്ക വി ഡിസര്‍വെ’ന്ന (The America We Deserve)പുസ്തകത്തില്‍ ട്രംപ് പറഞ്ഞിട്ടുണ്ട്. 2003 മുതല്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം പാര്‍ഷ്യല്‍ അബോര്‍ഷന്‍ ബാന്‍ ആക്ടിനെ (Partial abortion ban act) എതിര്‍ത്തുകൊണ്ടുള്ള നയമായിരുന്നു ഹിലരി സ്വീകരിച്ചിരുന്നത്.

സാധാരണ ഗര്‍ഭഛിദ്രം രണ്ടു വിധത്തിലാണുള്ളത്. ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച പ്രാപിക്കാത്ത ഭ്രൂണം ഇല്ലാതാക്കുന്നതാണ് ആദ്യത്തെ രീതി. അത് ശിശു വെറും ഭ്രൂണമായിരിക്കുന്ന സമയത്തെ ചെയ്യാന്‍ സാധിക്കുള്ളൂ. രണ്ടാമത്തെ രീതി ഗര്‍ഭത്തില്‍ അഞ്ചാം മാസം മുതല്‍ ചെയ്യുന്നതാണ്. കുട്ടിയുടെ ശരീരവും കൈകാലുകളും രൂപം പ്രാപിച്ചശേഷം ഗര്‍ഭത്തിലുള്ള ശിശുവിന്റെ കാലുകള്‍ വലിച്ചെടുത്ത് ശിശുവിനെ ഇല്ലാതാക്കുന്ന രീതിയാണ്. ഇതിനെ പാര്‍ഷ്യല്‍ അബോര്‍ഷന്‍ (ഭാഗീക ഗര്‍ഭം അലസിപ്പിക്കല്‍)എന്ന് പറയും. ഇത്തരം ഗര്‍ഭം അലസിപ്പിക്കല്‍ നിയമവിരുദ്ധമാണ്.

പാര്‍ഷ്യല്‍ ബര്‍ത്ത് അബോര്‍ഷന്‍ (Partial birth abortion) എന്നത് ഒരു രാഷ്ട്രീയ പദമാണ്. മെഡിക്കല്‍ നിഘണ്ടുവില്‍ അങ്ങനെയൊരു പ്രയോഗം കാണില്ല. ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നതിനു മുമ്പായുള്ള അഞ്ചാം മാസത്തില്‍ അതായത് പകുതി പ്രായമുള്ള ഗര്‍ഭത്തിലുള്ള ശിശുവിനെ ഇല്ലാതെയാക്കുന്നതിനെയാണ് പാര്‍ഷ്യല്‍ അബോര്‍ഷനെന്നു പറയുന്നത്. രാഷ്ട്രീയ നയങ്ങളില്‍ പ്രചാരണം ലഭിച്ച പാര്‍ഷ്യല്‍ അബോര്‍ഷനെ ഡൈലേഷന്‍ ആന്‍ഡ് എക്‌സ്ട്രാക്ഷന്‍ (“dilation and etxraction” and “D&X.”) എന്നു മെഡിക്കല്‍ ലോകത്തില്‍ അറിയപ്പെടുന്നു. നിലവിലുള്ള നിയമമനുസരിച്ചു ഗര്‍ഭം അലസിപ്പിക്കല്‍ സ്ത്രീയുടെ ജീവന് ഭീഷണിയാകുമ്പോള്‍ മാത്രമേ നടത്താറുള്ളൂ. സുപ്രീം കോടതിയുടെ നിര്‍വചനത്തില്‍ മാനസിക അസുഖമുള്ളവരും ഈ നിയമത്തിന്റെ പരിധിയില്‍പ്പെടും. അങ്ങനെയുള്ളവര്‍ക്കും കുഞ്ഞിനെ അബോര്‍ട്ടു ചെയ്യുന്നതില്‍ നിയമം തടസ്സമാവില്ല.

2016­ല്‍ തെരഞ്ഞെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് സുപ്രീം കോടതിയില്‍ നാല് ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരമുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഗര്‍ഭഛിദ്രത്തിനെതിരായ പതിനൊന്നു ജഡ്ജിമാരുടെ ലിസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സുപ്രീം കോടതിയില്‍ അത്രയും ഒഴിവുകള്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ വരുമെന്ന് കണക്കാക്കുന്നു. ഈ ജഡ്ജിമാരെല്ലാം ഗര്‍ഭത്തില്‍ വളരുന്ന ശിശുക്കളുടെ ജീവനനുകൂലികളാണ്.

മതപരമായി ചിന്തിക്കുന്നവര്‍ ഹിലരിയുടെയും ട്രമ്പിന്റെയും നയപരിപാടികള്‍ സൂക്ഷ്മമായി പഠിക്കേണ്ടതായുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുകയും നിയമപരമാക്കാന്‍ തീരുമാനമെടുക്കുന്നവരെയും മാത്രമേ സുപ്രീം കോടതി ജഡ്ജിമാരാക്കുകയുള്ളൂവെന്നു ഹിലരി പറഞ്ഞുകഴിഞ്ഞു. ‘റോ വേഴ്‌സസ് വേഡ്’ കേസില്‍ നിയമം പ്രാബല്യത്തിലായുള്ള വിധിയുണ്ടായിരുന്നു. ആ തീരുമാനത്തെ മാനിക്കാതെ ഒരാളിനെയും ജഡ്ജിമാരായി നിയമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപിന്റെ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ഇന്ത്യാന ഗവര്‍ണ്ണര്‍ മൈക്ക് പെന്‍സ് (Mike Pence) ഗര്‍ഭഛിദ്രത്തിന് എതിരാണ്. ഭൂമിയിലേക്കുള്ള ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെ അദ്ദേഹം എതിര്‍ക്കുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി ജീവന് അനുകൂലമായുള്ള തീരുമാനങ്ങളാണ് അദ്ദേഹം എന്നും കൈക്കൊണ്ടിട്ടുള്ളത്. ഗര്‍ഭച്ഛിദ്രത്തിനുള്ള പ്രമേയങ്ങള്‍ വന്നിരുന്ന കാലങ്ങളില്‍ ശക്തിയായി എതിര്‍ക്കുമായിരുന്നു. ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ജീവന് അനുകൂലമായ ശക്തിയേറിയ പ്രചരണങ്ങള്‍കാരണം ഗര്‍ഭത്തിലെ ജീവന്റെ നിലനില്‍പ്പിനായുള്ള സമരനായകനായി അദ്ദേഹത്തെ അറിയപ്പെടുന്നു.

aഹിലരി ക്ലിന്റനൊപ്പം തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സെനറ്റര്‍ ‘റ്റിം കെയിന്‍’ ഭ്രൂണഹത്യക്ക് അനുകൂലമായ നയങ്ങള്‍ എന്നും പിന്തുടര്‍ന്നിരുന്നു. ഭ്രൂണഹത്യ നിയമാനുസൃതമാക്കാനുള്ള കോണ്‍ഗ്രസ്സിലെ സുപ്രധാനമായ തീരുമാനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്‍റെ പിന്തുണയുണ്ടായിരുന്നു. ആവശ്യമില്ലാത്ത ഗര്‍ഭത്തിലെ ജീവന്‍ നിലനിര്‍ത്തുന്നതിനു (പ്രൊ ലൈഫിന്) അദ്ദേഹം അനുകൂലമല്ല. ഗര്‍ഭഛിന്ദ്രം എല്ലാ സ്‌റ്റേറ്റുകളിലും നിയമപരമായി നടപ്പാക്കാന്‍ സെനറ്ററെന്ന നിലയില്‍ കോണ്‍ഗ്രസില്‍ ഒരു ബില്ല് അവതരിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും സംസ്ഥാനം ഗര്‍ഭഛിദ്രം എതിര്‍ക്കുന്നുവെങ്കില്‍ അവരുടെ നിലവിലുള്ള നിയമം അസാധുവാകുന്ന ഫെഡറല്‍ വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു. (S.217)

അമേരിക്കയില്‍ 56 ശതമാനം ജനങ്ങള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുമ്പോള്‍ 41 ശതമാനം ജനങ്ങള്‍ മാത്രമേ ഗര്‍ഭച്ഛിദ്രത്തെ പ്രതികൂലിക്കുന്നുള്ളൂ. ബലാല്‍സംഗത്തിലോ നിഷിദ്ധ സംഗമത്തില്‍ നിന്നോ, വ്യഭിചാരത്തില്‍ നിന്നോ, അമ്മയുടെ ജീവന്‍ അപകടത്തിലാവുന്ന ഘട്ടങ്ങളിലോ ഗര്‍ഭഛിദ്രം നടത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും അനുകൂലമായ നിലപാടാണുള്ളത്. പ്ലാന്‍ഡ് പേരന്റ് ഹുഡ് (Planned parent hood) പോലുള്ള സംഘടനകള്‍ കുടുംബാസൂത്രണ സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും നിര്‍ത്തല്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. അത്തരം സ്ഥാപനങ്ങളില്‍ ഗര്‍ഭം അലസിപ്പിക്കല്‍ ക്ലിനിക്കുകളുമുണ്ട്. അങ്ങനെയുള്ള സംഘടനകള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടു നിര്‍ത്തലാക്കണമെന്നും ട്രംപിന്റെ പ്രസംഗങ്ങളില്‍ ശ്രവിക്കാം. കുടുംബാസൂത്രണത്തിന്റെ ഭാഗമായ ഗര്‍ഭനിരോധക ഗുളികകളും നിരോധക ഉറകളും മറ്റു ശാസ്ത്രീയ മാര്‍ഗങ്ങളും യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്മാര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ നയമല്ല. സ്ത്രീകളുടെ പൗരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലില്‍ സ്ത്രീ സംഘടനകളില്‍ നിന്നു പ്രതിഷേധ ശബ്ദങ്ങളും ഉയരുന്നുണ്ട്. ഗര്‍ഭഛിദ്രം അവകാശമായി കരുതി സ്ത്രീസംഘടനകള്‍ പ്രതിഷേധ റാലികളും സംഘടിപ്പിക്കാറുണ്ട്.

‘ഗര്‍ഭത്തില്‍ കിടക്കുന്ന അഞ്ചുമാസം പ്രായമായ ശിശുവിന് ജീവനുണ്ടെന്നും ആ ജീവനെ ഇല്ലാതാക്കുന്നത് ക്രൂരതയും തന്നില്‍ വെറുപ്പുമുണ്ടാക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സ് പ്ലാറ്റ്‌ഫോമുകള്‍ പങ്കിട്ടുകൊണ്ട് കൂടെ കൂടെ സംസാരിക്കാറുണ്ട്. ഗര്‍ഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള നിയമങ്ങള്‍ രാഷ്ട്രത്തിനു ശാപമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കുന്നു.

a-1ഗര്‍ഭത്തിലുള്ള ശിശുക്കളെ കൊല്ലുകയെന്നത് സാമൂഹിക മാനദണ്ഡങ്ങളില്‍ അങ്ങേയറ്റം നികൃഷ്ടമായിട്ടുള്ള ഒന്നാണ്. നീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞുമുതല്‍ ആരംഭിക്കേണ്ടതാണ്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കാള്‍ നിഷ്കളങ്കതയുള്ള മറ്റെന്താണുള്ളത്? നമ്മള്‍ വാര്‍ത്തകളില്‍ ‘ജിഷാ’യെന്ന ദളിതയുവതിയെ ക്രൂരമായി കൊന്ന കഥ വായിച്ചു. ഗോവിന്ദച്ചാമിയെന്നയാള്‍ സൗമ്യയായെന്ന പെണ്‍കുട്ടിയെ അതിക്രൂരമാം വിധം പീഡിപ്പിച്ചു കൊന്നതും കേട്ടു. നിഷ്കളങ്കരായ നമ്മുടെ കുട്ടികള്‍ അമേരിക്കയിലെ കോളേജുകളിലും ക്യാമ്പസുകളില്‍നിന്നും അപ്രത്യക്ഷരായി മൃഗീയമായി കൊല്ലപ്പെടുന്നു. തോക്കുകള്‍കൊണ്ട് വെര്‍ജീനിയ ടെക്കില്‍ കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ നമ്മുടെ മനസുകളിലും ദുഃഖം നിറഞ്ഞു. ജനിക്കാന്‍ പോവുന്ന കുഞ്ഞുങ്ങളെ കൊല്ലുന്നതും മനുഷ്യത്വമുള്ളവര്‍ക്ക് അതേ ദുഃഖങ്ങള്‍ പേറിയുള്ള കാഴ്ചകള്‍ തന്നെയാണുള്ളത്. കൊലപാതകികള്‍ക്കും ബലാത്സംഗക്കാര്‍ക്കും ജയില്‍ശിക്ഷയുണ്ട്. ചെറുതും വലുതുമായുള്ള ഏതു കൊലപാതകവും പൊറുക്കാന്‍ പാടില്ലാത്ത അനീതിയാണ്. അത് വയറ്റില്‍ കിടക്കുന്ന ഗര്‍ഭത്തിലുള്ള കുഞ്ഞാണെങ്കില്‍ പോലും അതേ നിയമത്തിനനുഷ്ഠിതമായിരിക്കണം. ഗര്‍ഭച്ഛിദ്രത്തില്‍ക്കൂടി മനുഷ്യന്‍ നിസ്സഹായവരായവരെ കൊല്ലുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജന്മം നല്‍കിയ ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കാളും മറ്റൊരു നിഷ്കളങ്കത ഒരിടത്തുമില്ല.

തൊട്ടുള്ള അയല്‍വാസികളുടെ വീടുകളില്‍ ഗര്‍ഭത്തിലുള്ള ശിശുക്കള്‍ കൊല്ലപ്പെട്ടാല്‍ ആരുമറിയില്ല. ആരും ശ്രദ്ധിക്കുകയുമില്ല. കൊല്ലപ്പെട്ട ആ കുഞ്ഞിന് സംസാരിക്കാന്‍ കൂട്ടുകാരില്ല. കുറ്റവാളികളുടെ ബലിയാടാകുന്ന ആ കുഞ്ഞിനുവേണ്ടി നീതിക്കായി വാദിക്കാന്‍ വക്കീലന്മാരുമില്ല. ഗര്‍ഭഛിദ്രം ഗര്‍ഭപാത്രത്തിലെ രഹസ്യമായ ഒരു കൊലയാണ്. ഗര്‍ഭച്ഛിദ്രത്തില്‍ക്കൂടി കൊലചെയ്യുന്നത്­ ശീതീകരിച്ച മുറികളില്‍നിന്നുമാവാം. ജനിക്കാത്ത ആ കുഞ്ഞിന് നിലവിളിക്കാന്‍പോലും കഴിവില്ല. അതുകൊണ്ട് ആരും സഹായത്തിനായും രക്ഷിക്കാനായും എത്തില്ല. അഥവാ കരഞ്ഞാല്‍ത്തന്നെ ആരും കേള്‍ക്കാനും കാണില്ല. ആ കുഞ്ഞിന് ഓടാനൊരിടവുമില്ല. കുഞ്ഞിനെ പോറ്റിക്കൊണ്ടിരുന്ന സുരക്ഷിതമായിരുന്ന ആ അമ്മയുടെ ഗര്‍ഭപാത്രം ശ്മശാന ഭൂമിയിലെ ശവകുടീരംപോലെയാവുകയാണ്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന അത്യാധുനിക ഉപകരണങ്ങളുമായി വന്നെത്തുമ്പോള്‍ ആ കുഞ്ഞിന്റെ ‘അമ്മ’ അയാള്‍ക്കായി കാലുകള്‍ വിടര്‍ത്തുകയും ഗര്‍ഭഛിദ്രം നടത്തുന്ന അയാളെക്കൊണ്ട് ഈ ഭീകര പ്രവര്‍ത്തി ചെയ്യിപ്പിക്കുകയും ചെയ്യുന്നു. നിസ്സഹായത പൊട്ടിയുയരുന്ന ആ കുഞ്ഞിന് ജീവിക്കാനവസരമില്ല.

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നീതിക്കായി മനുഷ്യന്‍ പോരാടുന്നതായി കാണാം. പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു ലോകമാണ് നമുക്കു ചുറ്റുമുള്ളത്. മൃഗങ്ങളോടുള്ള ക്രൂരതയവസാനിപ്പിക്കണം. ഭവനരഹിതരെ പുനരധിവസിപ്പിക്കണം. മൂന്നാം ലോകത്തിലുള്ള മാരകമായ എയ്ഡ്‌സ് രോഗങ്ങളെ തടയണം. ലോകത്തിന്റെ ഭൗതിക വളര്‍ച്ചക്കായി ഈ സാമൂഹിക അനീതികള്‍ക്കെല്ലാം പോരാടുക തന്നെ വേണം. എന്നാല്‍ നമ്മുടെ തലമുറയിലുള്ള ഗര്‍ഭച്ഛിദ്രത്തിനെതിരായുള്ള ഈ നിര്‍ണ്ണായക സമരം അതി ശ്രേഷ്ഠവും വിധിനിര്‍ണ്ണായകവുമാണ്. മനുഷ്യജീവനെ നിലനിര്‍ത്തേണ്ടതു സര്‍ക്കാരിന്‍റെ ചുമതലയാണെന്ന് ഗര്‍ഭഛിദ്രത്തിനെതിരായവര്‍ ചിന്തിക്കും. ഒരുവന്‍റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്‌നങ്ങളൊന്നും ഇവര്‍ ചെവി കൊള്ളുകയില്ല.

ജനിക്കാന്‍ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതല്‍ ഹൃദയത്തുടിപ്പുണ്ട്. മൂന്നു മാസമുള്ള ഗര്‍ഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നു. ഗര്‍ഭസ്ഥശിശുവിനു മനുഷ്യാവയവങ്ങള്‍ പല ഘട്ടങ്ങളില്‍ രൂപപ്പെടുന്നു. വേദനകളും ബോധവും വ്യത്യസ്ത അവസ്ഥകളിലാണ് ഗര്‍ഭസ്ഥശിശുവില്‍ കാണുന്നത്. അതുപോലെ ജനിച്ചുവീണ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും പല കാലഘട്ടങ്ങളിലായി പൂര്‍ണ്ണനായ മനുഷ്യനുമാകുന്നു.

മതങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു, ‘നീ ഗര്‍ഭിണിയാകുമ്പോള്‍ മറ്റൊരു ശരീരം നിന്‍റെ ഉദരത്തില്‍ ജനിക്കുകയാണ്. അതിനെ നശിപ്പിക്കുവാന്‍ നിനക്ക് അവകാശമില്ല. ഉദരത്തിലുള്ള കുഞ്ഞിനെ പിച്ചിക്കീറുന്നത് ക്രൂരവും പാപവുമാണ്. ബലാത്സംഗം മൂലം കുഞ്ഞുണ്ടായാലും ഉദരത്തില്‍ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കില്‍ നിഷ്കളങ്കനാണ്. മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ് ചെയ്തു. അതിനെ കൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാന്‍ തയ്യാറാകുമോ? അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാന്‍ നിനക്ക് എന്ത് അവകാശം? ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാന്‍ വെള്ളമോ ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരില്‍ കുഞ്ഞിനെ കൊല്ലണം.’ മതങ്ങളുടെ ഇത്തരം മൗലിക ചിന്താഗതികള്‍ മുഴുവനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്­ പാര്‍ട്ടിയും സ്വീകരിച്ചിട്ടില്ല. അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സമയങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നിലപാടാണ് ട്രമ്പിനും വൈസ് പ്രസിഡണ്ടിനുമുള്ളത്. മതം എതിര്‍ക്കുന്ന കുടുംബാസൂത്രണ രീതികളായ ഗര്‍ഭനിരോധക ഗുളികകള്‍ക്കും നിരോധക ഉറകള്‍ക്കും മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ക്കും ഇരു പാര്‍ട്ടികളും എതിരല്ല.

ഗര്‍ഭച്ഛിദ്ര ഫോട്ടോകള്‍ കണ്ടാല്‍ മനസിനാഘാതം ലഭിക്കാത്തവര്‍ ആരും കാണില്ല. അത്തരം ഫോട്ടോകള്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇഷ്ടപ്പെട്ടെന്നും വരില്ല. ജനിക്കാനിരിക്കുന്ന ഈ കുഞ്ഞുങ്ങളുടെ മുറിഞ്ഞ കൈകാലുകളും ശരീരവും മനുഷ്യത്വത്തിനുതന്നെ കളങ്കമാണ്. ഇത്തരം ഫോട്ടോകള്‍ കണ്ട് നിരാശരാവുന്നവര്‍ എന്തുകൊണ്ട് ഗര്‍ഭച്ഛിന്ദ്രത്തില്‍ അവരുടെ മനഃസാക്ഷിയെ ഉണര്‍ത്തുന്നില്ല. ഗര്‍ഭച്ഛിദ്രം മൂലം ജനിക്കാതിരുന്ന കുഞ്ഞുങ്ങളുടെ ഈ പടങ്ങള്‍ നാസിക്യാമ്പിലെ ക്രൂരമായ കൂട്ടക്കൊലകളെക്കാളും ഭീകരവും ഭയാനകവുമായി തോന്നും. ജനിക്കാനിരുന്ന ഈ കുഞ്ഞുങ്ങളെ ജീവിക്കാനുവദിക്കാതെ കഷണങ്ങളായി മുറിച്ചവരും അതിനുത്തരവാദികളായവരും മൃതരായ ആ കുഞ്ഞുങ്ങളുടെ ഘാതകരും കൂടിയെന്നുള്ള വസ്തുത അവരറിയുന്നില്ല. ബീജസങ്കലനം കഴിഞ്ഞുള്ള ഓരോ ആഴ്ചകളിലെയും ഗര്‍ഭത്തില്‍ മൃതരാക്കിയ പടങ്ങള്‍ മനസിനെ മുറിവേല്‍പ്പിക്കുന്നതാണ്. എങ്കിലും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും അത്തരം ഫോട്ടോകള്‍ ഉണര്‍വും ബോധവല്‍ക്കരണവും നല്‍­കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top