- Malayalam Daily News - https://www.malayalamdailynews.com -

പിണറായിക്കും കെ.കെ. ശൈലജക്കും ജെ. മേഴ്സിക്കുട്ടിയമ്മക്കും എതിരെയും ബന്ധുനിയമന ആരോപണം

pinarayiതിരുവനന്തപുരം: ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ആനത്തലവട്ടം ആനന്ദനും ഇ.കെ. നായനാരുടെ ബന്ധുവിനും എതിരായ ബന്ധു നിയമന വിവാദം സാക്ഷാല്‍ പിണറായി വിജയനും കെ.കെ. ശൈലജക്കും ജെ. മേഴ്സിക്കുട്ടിയമ്മക്കും എതിരായി തിരിഞ്ഞു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ച ടി. നവീന്‍ മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരിയുടെ മകനാണ്. പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് നവീനെ നിയമിച്ചത്. അഭിഭാഷകന്‍ എന്ന നിലയില്‍ ഹൈകോടതിയില്‍ 14 വര്‍ഷത്തെ അനുഭവപരിചയം ഉണ്ട്, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്‍െറ നിയമനം, സി.പി.എം അഭിഭാഷക സംഘടനയായ ‘ഐലു’വില്‍ അംഗമാണ് താന്‍; നവീന്‍ പറഞ്ഞു.

മന്ത്രി കെ.കെ. ശൈലജയുടെ മകനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉയര്‍ന്ന പദവിയിലും മരുമകളെ കിന്‍ഫ്രയിലും നിയമിച്ചുവെന്നതാണ് ആരോപണം. ആരോപണം മന്ത്രി ശൈലജ നിഷേധിച്ചു. തന്റെ മകന് അനധികൃതമായി ജോലി തരപ്പെടുത്തിയെന്ന തലത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവും ആരോഗ്യമന്ത്രിയുമായ കെകെ ശൈലജ പറഞ്ഞു.

kk-shailajaതന്റെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ്. എംടെക് ബിരുദധാരിയായ മകന്‍, വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ജോലിയില്‍ പ്രവേശിച്ചത്. പരിശീലന കാലയളവിന് ശേഷമുള്ള സാധാരണ നടപടി ക്രമമാകും ഇപ്പോള്‍ നടക്കുന്നത്. അമ്മ മന്ത്രിയാണെന്ന കാരണം കൊണ്ട് മുന്‍പേ കിട്ടിയ ജോലിയും മക്കളുപേക്ഷിക്കണമെന്നാണോ മാധ്യമങ്ങള്‍ പറയുന്നതെന്നും കെകെ ശൈലജ ചോദിച്ചു.

മരുമകളുടെ ജോലിയെക്കുറിച്ച് വരുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്. മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്റീസായി ജോലിയുണ്ട്. എംബിഎ ബിരുദമുള്ളയാളാണ് മരുമകളും. ആ നിയമനവും യുഡിഎഫ് ഭരണകാലത്താണ്. വിവാഹം കഴിക്കുന്നതിന് മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനത്തിന് താനെങ്ങനെ ഉത്തരവാദിയാകുമെന്നും ശൈലജ ചോദിക്കുന്നു. മന്ത്രി കെകെ ശൈലജ മകനും മരുമകള്‍ക്കും അനധികൃത നിയമനം ഒരുക്കിനല്‍കിയെന്ന് ഒരു ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. രണ്ടുപേരെയെങ്കില്‍ അത്രയുമാളുകളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ വീണുപോകരുതെന്നും ശൈലജ ആവശ്യപ്പെട്ടു.

മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ ബന്ധുക്കളെ അടക്കം മാനദണ്ഡം ലംഘിച്ച് മത്സ്യഫെഡിലും കശുവണ്ടി വികസന കോര്‍പറേഷനിലും കാപെക്സിലും നിയമിച്ചെന്നാണ് ആക്ഷേപം. കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായി നിയമിച്ച സേവ്യറും മത്സ്യഫെഡ് എം.ഡിയായി നിയമിതനായ ലോറന്‍സും ബന്ധുവാണെന്നാണ് ആക്ഷേപം. കാപെക്സില്‍ നിയമിതനായ രാജേഷിന്‍െറ കാര്യത്തിലും സ്വജനപക്ഷപാതമുണ്ടെന്നാണ് ആരോപണം.

mercikkutti-ammaഎന്നാല്‍, സേവ്യറും ലോറന്‍സും തന്‍െറ ബന്ധുക്കളല്ലെന്നും മൂന്നു നിയമനങ്ങളും പുതിയതല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സേവ്യര്‍ പൊലീസ് വകുപ്പില്‍ എസ്.പി റാങ്കിലുള്ളയാളാണ്. ഇദ്ദേഹത്തെ യു.ഡി.എഫ് കാലത്ത് കോര്‍പറേഷനില്‍ അഴിമതി അവസാനിപ്പിക്കാനായി ഡെപ്യൂട്ടേഷനില്‍ നിയമിച്ചതാണ്. ചെന്നൈ ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയയാളാണ് ലോറന്‍സ്. കെ.എസ്.എഫ്.ഇയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന ഇദ്ദേഹത്തെയും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമിച്ചത്.; അവര്‍ പറഞ്ഞു.

മെഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി. തുളസീധരക്കുറുപ്പ് 2010ല്‍ കാപെക്‌സ് ചെയര്‍മാനായിരിക്കെയാണ് എംഡിയായി രാജേഷിനെ നിയമിച്ചത്. 2010 നവംബറില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ഒരു മെട്രിക് ടണ്ണിന് 1700 ഡോളര്‍ എന്ന കണക്കില്‍ കശുവണ്ടി പുറത്തുനിന്നു വാങ്ങിയപ്പോള്‍ ഒരു മെട്രിക് ടണ്ണിന് 1885 ഡോളര്‍ എന്ന കണക്കിലാണ് കാപെക്‌സ് കശുവണ്ടി വാങ്ങിയത്. ഇങ്ങനെ 2000 മെട്രിക് ടണ്‍ വാങ്ങി. വന്‍വില കൊടുത്തു കശുവണ്ടി വാങ്ങിയതിനെതുടര്‍ന്ന് റിയാബ് സെക്രട്ടറിയായിരുന്ന പത്മകുമാര്‍ വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദേശം നല്‍കി. ഈ അന്വേഷണം നടക്കുമ്പോഴാണു രാജേഷിനെ വീണ്ടും കാപെക്‌സില്‍ നിയമിച്ചത്.

എസ്‌ഐ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച സേവ്യര്‍ പിന്നീടു ഡിവൈഎസ്പിയായും എസ്പിയായും ഉയര്‍ത്തപ്പെട്ടു. പൊലീസിലിരിക്കെ നിരവധി കൈക്കൂലി ആരോപണങ്ങള്‍ ഉയരുകയും വകുപ്പുതല അന്വേഷണം നേരിടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സേവ്യര്‍. ഈ മാസം 17 ന് രാജേഷും സേവ്യറും ഉള്‍പ്പെടുന്ന സംഘം തോട്ടണ്ടി വാങ്ങാനായി താന്‍സാനിയയിലേക്കു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മെഴ്‌സിക്കുട്ടിയമ്മ മത്സ്യഫെഡിന്റെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ് ബന്ധുവായ ലോറന്‍സിനെ സ്ഥാപനത്തില്‍ നിയമിച്ചത്. ഇപ്പോള്‍ വീണ്ടും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ ലോറന്‍സിനെ ഉന്നതപദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.

അനധികൃത നിയമനങ്ങള്‍ക്കെതിരെ ഒരുകൂട്ടം ജീവനക്കാരും നിയമനടപടിക്കൊരുങ്ങുകയാണ്. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബന്ധു നിയമന വിവാദം സര്‍ക്കാറിന്‍െറ പ്രതിച്ഛായ മോശമാക്കി -വി.എസ്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാര്‍ ഗൗരവമായ അനേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. വിവാദം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയോ പ്രതിച്ഛായ മോശമാക്കിയോ എന്ന ചോദ്യത്തിന് സംശയമില്ലെന്നായിരുന്നു വി.എസിന്‍െറ മറുപടി.

ജയരാജന്‍െറ ബന്ധു നിയമനം വിജിലന്‍സ് പരിശോധിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: വിവാദ ബന്ധുനിയമനം സംബന്ധിച്ച് മന്ത്രി ഇ.പി. ജയരാജനെതിരായി ലഭിച്ച പരാതികളില്‍ വിജിലന്‍സ് പരിശോധന നടത്തും. ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളായ വി. മുരളീധരനും കെ. സുരേന്ദ്രനും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതികളില്‍ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണും. ബന്ധുനിയമനത്തിനെതിരെ ബി.ജെ.പി നേതാവ് എം.ടി. രമേശ് അടക്കമുള്ളവര്‍ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]