യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; രണ്ടാം സം‌വാദം ട്രം‌പിന്റെ സ്‌ത്രീവിരുദ്ധ വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ തുടങ്ങി

09livebriefing-debate-superjumboന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാര്‍ത്ഥി സംവാദം ട്രംപിന്റെ സ്ത്രീ വിരുദ്ധ വീഡിയോയിലാണ് തുടങ്ങിയത്. സ്ത്രീകളെ അധിക്ഷേപിച്ച ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ഹില്ലരി പറഞ്ഞു. വിഷയത്തില്‍ കുടുംബത്തോടും അമേരിക്കയോടും മാപ്പു പറഞ്ഞതാണെന്ന് ട്രംപ് മറുപടി പറഞ്ഞു.

2005 ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ വാഷിംഗ്‌ടണ്‍ പോസ്റ്റ് പുറത്തുവിട്ടതോടെയാണ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമുയര്‍വന്നത്. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡൊമാക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ട്രംപ് മാപ്പ് പറയുകയും ചെയ്തു.

പൊതുജനങ്ങളില്‍ നിന്ന് ഓണ്‍‌ലൈന്‍ വഴിയും മിസൗറി ടൗണ്‍‌ഹാളില്‍ സജ്ജീകരിച്ചിരുന്ന സം‌വാദ വേദിയില്‍ ഇരുന്നിരുന്നവരില്‍ നിന്നുമായുള്ള ചോദ്യങ്ങള്‍ക്കാണ് ട്രം‌പും ഹില്ലരിയും മറുപടി പറയേണ്ടിയിരുന്നത്. രണ്ട് മിനിറ്റാണ് ഉത്തരം പറയാന്‍ സമയം നിജപ്പെടുത്തിയിരുന്നത്. പലപ്പോഴും ഉത്തരങ്ങള്‍ പറഞ്ഞ് രണ്ടു മിനിറ്റില്‍ കൂടുതല്‍ ഇരുവരും എടുത്തു. പല ചോദ്യങ്ങള്‍ക്കും നേരിട്ടുള്ള മറുപടി പറയാന്‍ ട്രം‌പ് വിഷമിക്കുന്നതു കണ്ടു. വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് പോകുന്നതും കാണാനിടയായി.

പ്രസിഡന്റായാല്‍ അമേരിക്കന്‍ ജനതയ്ക്ക് പുതിയതായി എന്ത് നല്‍കാന്‍ കഴിയും എന്ന ചോദ്യം മാത്രമല്ല, തൊഴിലവസരങ്ങള്‍, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, രാജ്യസുരക്ഷ, വിദേശ നയം, നികുതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു മുഖ്യമായവ. എങ്കിലു, ഐസിസ്, ഇറാക്ക്, സിറിയ, റഷ്യ എന്നീ വിഷയങ്ങളും സം‌വാദത്തില്‍ ഉയര്‍ന്നു വന്നു. കൂട്ടത്തില്‍ ഹില്ലരിയുടെ ഇ-മെയില്‍ വിവാദവും. ട്രം‌പ് പ്രസിഡന്റായാല്‍ മുസ്ലീങ്ങളെ ഈ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് നേരത്തെ പറഞ്ഞ പ്രസ്താവനയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നോ അതോ മനസ്സു മാറിയോ എന്ന് സദസ്സില്‍ നിന്ന് ഒരു മുസ്ലിം സ്‌ത്രീ ട്രം‌പിനോട് ചോദിച്ചു. എന്നാല്‍, വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹില്ലരിയാകട്ടേ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അമേരിക്കയില്‍ അങ്ങനെ ഒരു വേര്‍തിരിവ് ഒരിക്കലും കാണിക്കില്ല എന്നാണ് മറുപടി പറഞ്ഞത്.

സം‌വാദത്തിനു രണ്ടു ദിവസം മുന്‍പാണ് ട്രം‌പിന്റെ വിവാദ പരാമര്‍ശമടങ്ങുന്ന വീഡിയോ പുറത്തായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനില്‍ക്കേ 2005-ല്‍ നടന്ന സംഭാഷണം പുറത്തായത് ട്രംപിന് വന്‍ തിരിച്ചടിയാവുകയാണ്. വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ട്രംപ് മത്സര രംഗത്ത് നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ വലിയൊരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്നാണ് അവരുടെ നിലപാട്.

2008 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മക്കൈന്‍ ട്രംപിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചു. കൊള്ളാവുന്ന മറ്റാരെയെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നുവെന്നും മക്കൈന്‍ തുറന്നടിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും പ്രതിരോധത്തിന് താനില്ലെന്ന് വ്യക്തമാക്കി. ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി ഇക്കുറി വോട്ടുചെയ്യില്ലെന്ന് ബോളിവുഡ് താരവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ ഗവര്‍ണറുമായ അര്‍ണോഡ് ഷ്വാസ്‌നെഗര്‍ പറഞ്ഞു. സെനറ്റര്‍ മൈക് ലീയടക്കമുള്ളവര്‍ ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു.

എന്നാല്‍ എതിര്‍പ്പ് ശക്തമാകുമ്പോഴും ഒരു കാരണവശാലും മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. അവിശ്വസനീയമായ പിന്തുണയാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന് ട്രംപ് അവകാശപ്പെട്ടു. മാധ്യമങ്ങളും ചില സ്ഥാപിത താല്‍പര്യക്കാരും തന്നെ തിരഞ്ഞെടുപ്പില്‍ നിന്ന് പുകച്ച് പുറത്തു ചാടിക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

രണ്ടാം തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഹിലരിക്ക് വീണുകിട്ടിയ ആയുധമാണ് ട്രംപിന്റെ വിവാദ വീഡിയോ. ഹിലരിക്കു വന്‍കിട ബിസിനസുകാരോടുള്ള അടുപ്പം വ്യക്തമാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ മാത്രമാണ് മിസൂറിയിലെ ടൗണ്‍ഹാള്‍ സംവാദത്തില്‍ ട്രംപിന്റെ പക്കലുണ്ടായിരുന്ന ആയുധം. ആദ്യ സംവാദത്തില്‍ ഹിലരി മുന്‍തൂക്കം നേടിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment