
കനോലി കനാല്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് അകലാട് പ്രവാസി കൂട്ടായ്മ, പെരുമ്പടപ്പ് ഫ്രെണ്ട്ഷിപ്പ് ഗ്രൂപ്പും ഐരൂര്‍ കൂട്ടായ്മയും സംയുക്തമായി കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി ആര് സുനില്‍കുമാറിന് നിവേദനം നല്കുന്നു
അബുദാബി: കേരളത്തിന്റെ ജീവനാഡിയും ഒരുകാലത്ത് ഉള്‍നാടന്‍ ജലഗതാഗതത്തിനായി കേരളം പ്രധാനമായും ആശ്രയിച്ചിരുന്ന കനോലി കനാല്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് അകലാട് പ്രവാസി കൂട്ടായ്മ അബുദാബിയും പെരുമ്പടപ്പ് ഫ്രെണ്ട്ഷിപ്പ് ഗ്രൂപ്പും ഐരൂര്‍ കൂട്ടായ്മയും ചേര്‍ന്ന് കേരളം സോഷ്യല്‍ സെന്ററില്‍ വെച്ച് കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി ആര് സുനില്‍കുമാറിന് നിവേദനം നല്കി.
കൈയ്യേറ്റത്താലും മലിനീകരണത്താലും നാശത്തിന്റെ വക്കിലാണ് കനോലി കനാല്‍ എന്നും കൊല്ലം ജില്ല മുതല്‍ കണ്ണൂര്‍ ജില്ല വരെ നീണ്ടുകിടക്കുന്ന ഈ കനാലിന്റെ നാശം പാരിസ്ഥിതികമായി ഒട്ടേറെ പ്രശ്നങ്ങള്‍ക്കും കുട്ടാടന്‍പാടം പോലുള്ള പാടശേഖരങ്ങളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ തകര്‍ച്ചക്കും വഴിവെക്കുമെന്നും, പെരിയാറിലൂടെ നിലവില്‍ ഉള്ള കൊല്ലം-കോട്ടപ്പുറം ജലപാത അന്നപ്പുഴ കനാലിലൂടെ കനോലി കനാലിലേക്കും കരുവന്നൂര്‍ പുഴയിലൂടെ തീരദേശ ജലപാത ചേറ്റുവ പുഴയിലേക്കും തുടര്‍ന്നു കോഴിക്കോട് കണ്ണൂര്‍ ജില്ലവരെ ഏഴു ജില്ലകളിലൂടെ ഒഴുകുന്ന കനോലി കനാല്‍ കേരളത്തിലെ പ്രധാനപ്പെട്ട നദികളും കായലുകളില്‍ ഒക്കെ യോജിക്കുന്നതിനാല്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലുള്ള ഈ സാധ്യത സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
തീരദേശ ജനങ്ങളുടെ അഭിലാഷമായ ജലപാത സാക്ഷാത്കരിക്കാന്‍ കനോലി കനാലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപെട്ടു.
അകലാട് പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകരായ എസ് എ അബ്ദുറഹ്മാന്, പി കെ നാസര്‍, കെവി കമറുദ്ദീന്, പി വി യൂസഫ്, പെരുമ്പടപ്പ് ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിനു വേണ്ടി ഷംസുദ്ദീന് കൈതക്കാട്ടയില്‍, മുര്‍ഷിദ്, മിഷാല്‍, ഫൈസല്‍ ബാവ, ഐരൂര്‍ കൂട്ടായ്മക്ക് വേണ്ടി റഷീദ് ഐരൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. യു എ ഇ യില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു എം എല്‍ എ.
നാടിന്റെ പ്രകൃതിയെ സംബന്ധിച്ച ഈ വിഷയത്തില്‍ തീര്‍ച്ചയായും ഇടപെടുമെന്നും ഈ വിഷയം ഗവണ്മെന്റിന് മുന്നില്‍ അവതരിപ്പിക്കുമെന്നും തന്റെ കൂടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുമെന്നും എം.എല്‍.എ ഉറപ്പു നല്കി. ഇത്തരം ജനോപകാരപ്രദമായ കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്ന പ്രവാസി കൂട്ടായ്മകള്‍ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനോലി കനാലിന്റെ പ്രധാന്യത്തെക്കുറിച്ച് അകലാട് പ്രവാസി കൂട്ടായ്മ രക്ഷാധികാരി എസ് എ അബ്ദുറഹ്മാന് വിശദീകരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply