Flash News

മുതിര്‍ന്ന കമ്മ്യൂണിസ്​റ്റ്​ നേതാവ്​ കെ.കെ മാമുക്കുട്ടി അന്തരിച്ചു

October 10, 2016

14572331_1206924199402531_7669889305706020199_nതൃശൂര്‍: മൂന്നര പതിറ്റാണ്ട് സി പി ഐ (എം) തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും നാല്‍പത് വര്‍ഷം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന സംസ്ഥാനത്തെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ കെ മാമക്കുട്ടി അന്തരിച്ചു. മൃതദേഹം, ചെവ്വാഴ്ച്ച രാവിലെ 8 മണി വരെ തൃശ്ശുര്‍ അഴിക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും 9 മണിയ്ക്ക് ആരംഭിക്കുന്ന വിലാപയാത്ര ചെട്ടിയാങ്ങാടി, കൊക്കാല, കുര്‍ക്കഞ്ചേരി, വലിയാലുക്കല്‍, പാലയ്ക്കല്‍, ചൊവ്വൂര്‍, പെരുമ്പിള്ളിശ്ശേരി, ചേര്‍പ്പ് കമ്മ്യൂണിറ്റി ഹാള്‍, കോന്നിക്കര വഴി 3 മണിയ്ക്ക് ഊരകത്തെ വിട്ടുവളപ്പില്‍ എത്തിച്ചേരും. തുടര്‍ന്ന് സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടക്കും

1921 ഏപ്രില്‍ 13ന് എട്ടുമുന കളപ്പുരയില്‍ കുഞ്ഞാപ്പുവിന്റെയും ചിരിയക്കുട്ടിയുടെയും നാലു മക്കളില്‍ നാലാമത്തെയാളായാണ് ജനനം. ഭാര്യ ലക്ഷ്മിക്കുട്ടി 1996ല്‍ നിര്യാതയായി. ഈ ദമ്പതികള്‍ക്ക് മക്കളില്ല. ഭാര്യാ സഹോദരിയുടെ മക്കളായ മധു, സതി (ദേശാഭിമാനി) എന്നിവരോടൊപ്പം ഊരകത്തുള്ള വസതിയില്‍ മാമക്കുട്ടിയോടൊപ്പമാണ് താമസം. ആഗസ്ത് 28ന് ചേര്‍പ്പില്‍ സി ഒ പൌലോസ് സ്മാരക അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങിയതാണ് മാമക്കുട്ട്യേട്ടന്‍ ഒടുവില്‍ പങ്കെടുത്ത പൊതുപരിപാടി.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്‌കൂള്‍, ചേര്‍പ്പ് സിഎന്‍എന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച മാമക്കുട്ടി, ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് – തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. കുറച്ചുകാലം സിലോണിലും പ്രവര്‍ത്തിച്ചു. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ കരുവന്നൂര്‍ ബ്രാഞ്ചംഗമായി. തൊഴിലാളികളെ സംഘടിപ്പിക്കാനും സമരം നയിക്കാനും മുന്നിട്ടിറങ്ങി. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ടി തൃശൂര്‍ താലൂക്ക് ജോയിന്റ് സെക്രട്ടറിയായി. ’60–65 കാലഘട്ടത്തില്‍ പാര്‍ടിയുടെ ഒല്ലൂര്‍ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ പിളര്‍പ്പിന്റെ ഭാഗമായി ജില്ലാ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന അഞ്ചുപേരില്‍ അവേശഷിച്ചയാളാണ് മാമക്കുട്ടി. സി.പി.എം രൂപീകൃതമായശേഷം ആദ്യ ജില്ലാ സെക്രട്ടറിയായ എ വി ആര്യനെ 1969ല്‍ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയശേഷം കെ കെ മാമക്കുട്ടിയെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അന്ന് മുതല്‍ 2002 ജനുവരിയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനം വരെ (ഒരുവര്‍ഷത്തില്‍ താഴെ ചെറിയ ഇടവേള ഒഴികെ) മാമക്കുട്ടിതന്നെയായിരുന്നു ജില്ലാ സെക്രട്ടറി.

ഇ.എം.എസ്, എ.കെ.ജി, സി.എച്ച് കണാരന്‍, വി.എസ് അച്യുതാനന്ദന്‍, ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരായപ്പോള്‍ മാമക്കുട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.

1962ല്‍ ചൈനാ യുദ്ധകാലത്തും 1972ല്‍ അഴീക്കോടന്‍ തൃശൂരില്‍ കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കേസിലുമായി രണ്ടുവര്‍ഷത്തോളം ജയില്‍വാസമനുഭവിച്ചു. 1975 – 77ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലും തെളിവിലുമായി പ്രസ്ഥാനത്തെ നയിച്ചു. പാര്‍ലമെന്ററി രംഗത്ത് അവസരങ്ങളേറെയുണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു. അതുല്യമായ സംഘടനാശേഷി, താരതമ്യങ്ങളില്ലാത്ത നേതൃപാടവം, ഇളകാത്ത നിശ്ചയദാര്‍ഢ്യം എന്നിവ മാമക്കുട്ടിയെ വ്യത്യസ്തനാക്കി. ഇതുവരെ നടന്ന 21 പാര്‍ടി കോണ്‍ഗ്രസുകളില്‍ 19ലും പങ്കെടുത്ത സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെ.കെ മാമക്കുട്ടി 2006ല്‍ കോട്ടയത്തു നടന്ന സി.പി.എം സംസ്ഥാന സമ്മേനളത്തില്‍ പതാക ഉയര്‍ത്തി.

ദേശാഭിമാനിയുടെ ആറാമത് എഡിഷന്‍ തൃശൂരില്‍ 2000ല്‍ തുടങ്ങുന്നതിനു പിന്നിലുള്ള മുഖ്യ ശക്തിസ്രോതസ്സും ഇദ്ദേഹമാണ്. ദേശാഭിമാനി തൃശൂര്‍ യൂണിറ്റിന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top