കണ്ണൂര്‍: സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി മോഹനനെ (53) കൊലപ്പെടുത്തിയത് ആര്.എസ്.എസെന്ന് സി.പി.എം. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പാതിരിയാട് വാളാങ്കിച്ചാല്‍ കള്ളുഷാപ്പിലെ ജീവനക്കാരനായ മോഹനനെ ഒരു സംഘം ഷാപ്പില് കയറി വെട്ടിക്കൊലപ്പെടുത്തിയത്. കള്ളുഷാപ്പിലെ പാചകത്തൊഴിലാളിയും സി.പി.എം പ്രവര്‍ത്തകനുമായ കുന്നിരിക്കയിലെ അശോകന് പരിക്കേറ്റു.
സംഭവത്തില്‍ ഏഴ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. മേഖലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നു ദിവസത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൊലക്കുപിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. വാളാങ്കിച്ചാല്‍ കള്ളുഷാപ്പിലെ സ്ഥിരം ജീവനക്കാരനാണ് മോഹനന്. പതിവുപോലെ ഷാപ്പില് രാവിലെ തന്നെ ജോലിക്ക് എത്തിയിരുന്നു. അല്പസമയം കഴിഞ്ഞാണ് മുഖംമൂടിയണിഞ്ഞ സംഘം ഷാപ്പിലത്തെി മോഹനനെ വെട്ടിക്കൊന്നത്. തലയും മറ്റും വെട്ടിപ്പിളര്‍ന്ന നിലയിലായിരുന്നു. 32 മുറിവുകളാണ് ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോട്ടം ചെയ്തതിനുശേഷം നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം 11 മണിയോടെ ജില്ലാ അതിര്‍ത്തിയായ മാഹിയിലെത്തിച്ചു. തുടര്‍ന്ന് മാഹി പാലത്തില്‍വെച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരുമായ ഇ.പി. ജയരാജന്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എം.പി, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് എന്നിവര്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി സ്വദേശമായ വാളാങ്കിച്ചാലില്‍ എത്തിച്ചു. വിലാപയാത്രക്കിടെ തലശ്ശേരി, പിണറായി, മമ്പറം എന്നിവിടങ്ങളിലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
സംഭവത്തെതുടര്‍ന്ന് പടുവിലായി, കൂരിയോട്, ശങ്കരനെല്ലൂര്‍, പാതിരിയാട് എന്നിവിടങ്ങളിലും ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപക അക്രമങ്ങള്‍ നടന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply