മദ്യപിച്ച് ജോലിചെയ്യുന്ന എയര്‍ക്രാഫ്റ്റ് മെയ്ന്‍റനന്‍സ് എന്‍ജിനീയര്‍മാരെ പിരിച്ചുവിടും

techincal01ന്യൂഡല്‍ഹി: വിമാനങ്ങളില്‍ മദ്യപിച്ച് ജോലിചെയ്യുന്ന മെയ്ന്‍റനന്‍സ് എന്‍ജിനീയര്‍മാര്‍ക്കെതിരെ വ്യോമയാന വകുപ്പ് കര്‍ശന നടപടിക്ക്. ആല്‍ക്കഹോള്‍ പരിശോധന നടത്താതെ എന്‍ജിനീയര്‍മാര്‍ വിമാനങ്ങള്‍ ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതായ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. എല്ലാ എയര്‍ലൈനുകളുടെയും സുരക്ഷാമേധാവികളെ വിളിച്ചുവരുത്തി ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ വിശദീകരണം തേടും.

സര്‍വിസ് നടത്താത്ത സമയത്ത് വിമാനം ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയിടുന്നത് മെയ്ന്‍റനന്‍സ് എന്‍ജിനീയര്‍മാരാണ്. രാത്രി പൈലറ്റിന്‍െറ അസാന്നിധ്യത്തിലാണ് എന്‍ജിനീയര്‍മാര്‍ വിമാനം മാറ്റിയിടുന്നത്. ഈ സമയത്ത് ഇവര്‍ ആല്‍ക്കഹോള്‍ പരിശോധനക്ക് വിധേയരാകണം. എന്നാല്‍, മിക്കവാറും എല്ലാ എയര്‍ലൈനുകളിലും ഈ നിയമലംഘനം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈയിടെ നടന്ന പരിശോധനയില്‍ പല എന്‍ജിനീയര്‍മാരും മദ്യപാനത്തെക്കുറിച്ച് അറിയാനുള്ള ശ്വാസപരിശോധനക്ക് വിധേയമാകാറില്ലെന്ന് കണ്ടെത്തി. കുറ്റക്കാരാണെന്നു കണ്ടെത്തിയ ചില എന്‍ജിനീയര്‍മാരുടെ അംഗീകാരം പിന്‍വലിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment