ബന്ധു നിയമന വിവാദം: ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം വരുന്നു; മന്ത്രിസ്ഥാനം തുലാസില്‍, വകുപ്പ് എടുത്തുമാറ്റിയേക്കും

05jayarajanതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ അവിഹിതമായി നിയമിച്ച പ്രശ്നത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താനൊരുങ്ങുന്നു. ഇത്തരം അന്വേഷണത്തിന് തടസമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നിയമോപദേശം ലഭിച്ചു. നിയമോപദേശം ചര്‍ച്ച ചെയ്യാന്‍ ജേക്കബ് തോമസ് വ്യാഴാഴ്ച ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ ത്വരിതാന്വേഷണം നടത്തണോ എന്ന കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം.

1988ലെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊതുതാല്‍പര്യത്തിനെതിരായി അധികാര ദുര്‍വിനിയോഗത്തിലൂടെ സ്വജനപക്ഷപാതം കാണിക്കുന്നതും അഴിമതി തന്നെയെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.

മുമ്പ് യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ ത്വരിതാന്വേഷണം വന്നപ്പോള്‍ രാജി വക്കണമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തില്‍ ജയരാജനെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചാല്‍ യു.ഡി.എഫും രാജി ആവശ്യം ഒന്നുകൂടി ശക്തമാക്കും. അപ്പോള്‍, ജയരാജന് മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയാത്ത സ്ഥിതി വരും.

സി.പി.എമ്മില്‍ ചില നേതാക്കള്‍ക്കും മുന്നണിയില്‍ ആകെയും ജയരാജന്‍ രാജിവക്കണമെന്ന അഭിപ്രായമാണുള്ളത്. സി.പി.ഐ ഇക്കാര്യം അതിശക്തമായി തന്നെ ഉന്നയിച്ചുകഴിഞ്ഞു. മാത്രമല്ല, സി.പി.എമ്മിന്‍െറ ദേശീയനേതൃത്വവും ജയരാജന്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായ കളങ്കപ്പെടുത്തി എന്ന അഭിപ്രായക്കാരാണ്. അതുകൊണ്ടുതന്നെ പിണറായി വിജയനോ സംസ്ഥാന ഘടകമോ വിചാരിച്ചാല്‍ ജയരാജനെ ഇനി അധികകാലം സംരക്ഷിച്ചുനിര്‍ത്താനാകില്ല. വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചാലുടന്‍ ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയോ അദ്ദേഹത്തില്‍നിന്ന് വ്യവസായവകുപ്പ് എടുത്തുമാറ്റുകയോ ചെയ്യാനാണ് പാര്‍ട്ടിയിലുണ്ടായിരിക്കുന്ന ധാരണ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment