ഭീകരവാദികള്‍ക്ക് സം‌രക്ഷണം നല്‍കുന്ന പാക്കിസ്ഥാന്‍ സൈന്യത്തെയും സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പാക്ക് പത്രം

masoodഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാത്ത പാക്ക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വിമര്‍ശനവുമായി പാക്കിസ്ഥാനിലെ മുന്‍നിര ദിനപത്രമായ ദി നേഷന്‍. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ് എന്നിവര്‍ക്കെതിരെ എന്തുകൊണ്ടാണ് പാക്ക് സര്‍ക്കാരും സൈന്യവും നടപടിയെടുക്കാത്തതെന്ന് നേഷന്‍ ചോദിക്കുന്നു.

‘എങ്ങനെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തുകയും ജനങ്ങളെ അകറ്റുകയും ചെയ്യാം’ എന്ന തലക്കെട്ടോടു കൂടിയ മുഖ പ്രസംഗത്തിലാണ് ദിനപത്രം ഭീകരരെ സംരക്ഷിക്കുന്ന നയത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്നത്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കേണ്ട സര്‍ക്കാരും സൈനിക നേതൃത്വവും അതിനുപകരം മാധ്യമങ്ങള്‍ക്ക് പാഠം പറഞ്ഞുതരാന്‍ വരികയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പാക്ക് സര്‍ക്കാരുമായും സൈന്യവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ദിനപത്രമാണ് ദി നേഷന്‍.

പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസ്ഹറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദും സൈന്യത്തിന്റെ പിന്തുണയോടെ ഇപ്പോഴും പാക്കിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. മാധ്യമങ്ങളെ അവരുടെ ജോലി ചെയ്യാന്‍ പഠിപ്പിക്കുന്നതിന് രാജ്യത്തെ സര്‍ക്കാരും സൈനിക നേതൃത്വവും കൂടിക്കാഴ്ച നടത്തിയത് തീര്‍ത്തും അസ്വസ്ഥത ഉണ്ടാക്കുന്ന നടപടിയാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

ഭീകരവാദത്തിന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ പാക്ക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പരാമര്‍ശം നടത്തുന്ന പാക്കിസ്ഥാനിലെ രണ്ടാമത്തെ മുന്‍നിര ദിനപത്രമാണ് ദി നേഷന്‍. പാക്ക് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദി ഡോണ്‍ ദിനപത്രത്തിന്റെ ലേഖകനും കോളമിസ്റ്റുമായ സിറില്‍ അല്‍മേഡയോട് രാജ്യം വിട്ടുപോകരതുതെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സിറില്‍ അല്‍മേഡയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖപ്രസംഗം, സിറില്‍ ചെയ്തത് ശരിയല്ലെങ്കില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ലഷ്‌കര്‍, ഹഖാനി ഭീകരഗ്രൂപ്പുകളെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ സംരക്ഷിക്കുന്നതിന്റെ പേരില്‍ രാജ്യാന്തരമായി പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടുവെന്നും ഇത് ഗവണ്‍മെന്റും സേനാനേതൃത്വവും തമ്മില്‍ ഭിന്നത ഉയര്‍ത്തിരിക്കുന്നവെന്നും സിറില്‍ എഴുതിയിരുന്നു. ഇതാണ് സര്‍ക്കാര്‍ സൈനിക നേതൃത്വങ്ങളെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ തന്നെ മറ്റൊരു പ്രമുഖ പത്രം സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment