കേരളത്തില്‍ മദ്യം നിരോധിക്കാനുള്ള സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

if_k_1678746fതൃശൂര്‍: കേരളത്തില്‍ മദ്യനിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് ലക്ഷ്യം. ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറച്ചിട്ടും ഫോര്‍ സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളിലെ വിദേശമദ്യം ഒഴിവാക്കിയിട്ടും ബിവറേജസ് ഔട്ട്‌ലെറ്റ് വഴിയുള്ള വില്‍പന കുറഞ്ഞില്ല. ഓരോ വര്‍ഷവും മദ്യവില്‍പന പത്തുശതമാനം കുറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും 12 ശതമാനത്തോളം വര്‍ധിക്കുകയാണ് ഉണ്ടായത്.
എക്സൈസ് സേന കാര്യക്ഷമമാക്കാന്‍ അബ്കാരി നിയമത്തില്‍ മാറ്റം വരുത്തേണ്ടിവരും. എക്സൈസ് സേനയില്‍ അംഗബലം കൂട്ടാനും വകുപ്പിനെ സജ്ജമാക്കാനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

main-qimg-f8757a778013570f675d94a4b8eeaeb4-cവാഹനങ്ങളും ആയുധങ്ങളും ഉപയോഗിക്കാനുള്ള സൗകര്യം സേനക്കുണ്ടാകണം. അംഗബലം കുറവാണ്. അത് പരിഹരിക്കപ്പെടണം. എന്നാല്‍ അതിന് കാത്തിരിക്കാതെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സേനാംഗങ്ങള്‍ തയാറാകണം. ചെക്പോസ്റ്റുകള്‍ വഴി മാത്രമല്ല, മറ്റു പല വഴിക്കും കേരളത്തിലേക്ക് ലഹരിയും മദ്യവും എത്തുന്നുണ്ട്. രണ്ടു ജില്ലകളില്‍ മാത്രമുള്ള ജനമൈത്രി എക്സൈസ് സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത കാഴ്ചപ്പാടോടെ ജനമൈത്രി എക്സൈസ് കാര്യക്ഷമമാകണം.

വകുപ്പിനെ കാര്യക്ഷമമാക്കാന്‍ കഴിയുന്ന വിധത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ അസോസിയേഷന് സാധിക്കണമെന്നും ട്രേഡ് യൂനിയന്‍ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അസോസിയേഷന്‍ പോകരുതെന്ന് മറ്റിതര തൊഴിലാളി-സര്‍വിസ് സംഘടനകളില്‍ നിന്നും വ്യത്യസ്തമാണ് സേനാവിഭാഗങ്ങള്‍ എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അച്ചടക്കം സര്‍വിസില്‍ പ്രധാനമാണ്. സര്‍വിസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കേണ്ട മേഖലയെന്ന ഉത്തരവാദിത്തം സേനാംഗങ്ങള്‍ക്കുണ്ടാകണം. ജനങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ അറിഞ്ഞു കൊണ്ടാവണം സേനയുടെ പ്രവര്‍ത്തനം. വകുപ്പിനെ ശക്തിപ്പെടുത്തുകയെന്നതിനര്‍ഥം സേനയെ പൂര്‍ണമായും സജ്ജമാക്കുകയെന്നതാണ്. ലഹരി ഉല്‍പന്നങ്ങള്‍ വന്‍ തോതില്‍ വിതരണം നടത്താന്‍ വന്‍ശക്തികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment