Flash News

കോടതി അഭിഭാഷകരുടെ സ്വകാര്യസ്വത്തല്ല, അഭിഭാഷകര്‍ അതിരുവിട്ടാല്‍ സര്‍ക്കാറിന് ഇടപെടേണ്ടിവരും; അഭിഭാഷകര്‍ക്ക് പിണറായിയുടെ കനത്ത താക്കീത്

October 15, 2016

pinarayi-at-media-union-state-conferenceകൊച്ചി: കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന അഭിഭാഷകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍െറ കനത്ത താക്കീത്.

കോടതി തങ്ങളുടെ സ്വകാര്യ സ്വത്താണെന്നും അവിടെ ആര് കയറണമെന്നും കയറരുതെന്നും തങ്ങള്‍ കല്‍പിക്കുമെന്നുമുള്ള ഒരുവിഭാഗം അഭിഭാഷകരുടെ നിലപാട് സര്‍ക്കാറിന് അംഗീകരിക്കാനാവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. കോടതി രാജ്യത്തിന്‍െറ സ്വത്താണ്. അതിന്‍െറ നിയന്ത്രണാധികാരം ജുഡീഷ്യറിക്കാണ്. ജുഡീഷ്യറിയുടെ അധികാരം കൈയേറാമെന്ന് അഭിഭാഷകര്‍ ധരിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് ക്രമസമാധാന പ്രശ്നമാണ്. ക്രമസമാധാന പ്രശ്നമുണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. അഭിഭാഷകര്‍ അതിരുവിട്ടാല്‍ സര്‍ക്കാറിന് ഇടപെടേണ്ടിവരും. മാധ്യമ സ്വാതന്ത്ര്യത്തിനുനേര്‍ക്ക് ഉയരുന്ന ഏത് ഭീഷണിയും ചെറുക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നം പറഞ്ഞുതീര്‍ത്തശേഷവും ഒരുവിഭാഗം അഭിഭാഷകര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സംഘര്‍ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപിത താല്‍പര്യക്കാരുടെ കൈയിലെ ഉപകരണങ്ങളായി മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും മാറരുത്. പ്രശ്നമുണ്ടായ ഉടന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഇടപെട്ടിരുന്നു. ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ പറ്റിയ സാഹചര്യമല്ലാതിരുന്നതിനാല്‍ വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. അതിനുശേഷം, ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്‍െറ നേതൃത്വത്തില്‍ പ്രത്യേക വേദിയുണ്ടാക്കി. ചീഫ് ജസ്റ്റിസിന്‍െറ നിയന്ത്രണത്തിലുള്ള ഹൈകോടതിയില്‍ സര്‍ക്കാറിന് ഇടപെടുന്നതില്‍ പരിമിതികളുണ്ട്. സംഘര്‍ഷം മറ്റു തലത്തിലേക്ക് മാറാന്‍ അതിടയാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശാനുമതി നിഷേധിക്കുന്നതിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും നിലപാട് കൈക്കൊണ്ടതാണ്. അഡ്വക്കറ്റ് ജനറലിന്‍െറ സാന്നിധ്യത്തില്‍ താന്‍ ചീഫ് ജസ്റ്റിസുമായി സംസാരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തെ ഒരു കോടതിയിലും വിലക്കില്ലെന്നും ഇക്കാര്യം രജിസ്ട്രാര്‍ വഴി പ്രസിദ്ധപ്പെടുത്താമെന്നും അദ്ദേഹം സമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയതിനുശേഷവും ചില അഭിഭാഷകര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുതടി തീര്‍ക്കുന്നത് വകവെച്ചുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള സര്‍ക്കാറിന്‍െറ ഏത് നീക്കത്തിനും പ്രതിപക്ഷത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട നടപടി കേരളത്തിനുതന്നെ നാണക്കേടാണ്. ചീഫ് ജസ്റ്റിസിന്‍െറ വാക്കിനുപോലും വിലയില്ലെന്ന് വരുന്നത് അംഗീകരിക്കാനാവില്ല. ചില അഭിഭാഷകരുടെ നടപടി ഗുണ്ടായിസമാണ്. നിയമം കൈയിലെടുക്കുന്നത് ആരായാലും അവരെ സര്‍ക്കാര്‍ നിലക്കുനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സത്യം വിളിച്ചുപറയാന്‍ പേടിയില്ലാത്ത തലമുറ മാധ്യമരംഗത്ത് വളര്‍ന്നുവരണം. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. മാധ്യമരംഗത്തെ കോര്‍പറേറ്റ്‌വത്ക്കരണം ജനതാല്‍പര്യത്തിന് എതിരാണ്.

കോര്‍പറേറ്റ് ഉടമകളുടെ താല്‍പര്യത്തിന് വഴങ്ങി ചില മാധ്യമപ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്ത ചമക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ അനീതിക്കെതിരെ രംഗത്തിറങ്ങിയപ്പോള്‍ അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ വ്യാജ സീഡിയുണ്ടാക്കിയത് ഒരു ദൃശ്യമാധ്യമമാണ്. ഇതിന് ചില മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടുനിന്നു.

വ്യാജ സീഡി തയാറാക്കിയവര്‍ക്കെതിരെ ഒരു കേസുപോലും ഉണ്ടായില്ല. തിന്മ നാട്ടുനടപ്പാണെന്ന് വരുത്തി അതിന് സ്വീകാര്യത നേടിക്കൊടുക്കുന്ന ശക്തികളുടെ കൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉപകരണങ്ങളാകരുത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വന്‍ സ്വാധീനമുള്ള ഇക്കാലത്ത് ഒന്നും ഒളിച്ചുവെക്കാന്‍ മാധ്യമങ്ങള്‍ക്കാവില്ല. സത്യവും അസത്യവും തമ്മിലും ധര്‍മവും അധര്‍മവും തമ്മിലും ഏറ്റുമുട്ടുമ്പോള്‍ മാധ്യമങ്ങള്‍ നിഷ്പക്ഷരാവുകയല്ല വേണ്ടത്; സത്യത്തിന്‍െറയും നീതിയുടെയും പക്ഷം ചേരലാണ് അവരുടെ ബാധ്യത. സര്‍ക്കാര്‍ ഭാഷ്യത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ക്ക് തങ്ങള്‍ ഇടം നല്‍കില്ല എന്നുപറയുന്നത് മാധ്യമ സ്വാതന്ത്ര്യ സങ്കല്‍പത്തിന് എതിരാണ്.

മാധ്യമ മേഖലയില്‍ തൊഴില്‍ പീഡനം ശക്തമാണ്. ജനാഭിപ്രായം രൂപവത്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന അച്ചടിമാധ്യമ രംഗത്തെ വിദേശ മുതല്‍മുടക്ക് ദേശവിരുദ്ധ ശക്തികള്‍ക്ക് കടന്നുവരുന്നതിനും രാജ്യസുരക്ഷക്കുതന്നെ അപകടകരമാകുമെന്നും കണ്ടാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലത്ത് ഇതിന് അനുമതി നിഷേധിച്ചത്. എന്നാല്‍, ഇപ്പോള്‍ ഈ രംഗത്തും വിദേശ മുതല്‍മുടക്കിന് അനുമതി നല്‍കുകയാണ്. ദൃശ്യമാധ്യമ രംഗത്ത് കോര്‍പറേറ്റ്‌വത്ക്കണമാണ് നടക്കുന്നത്. പല മാധ്യമങ്ങളും പൂട്ടേണ്ടി വരുന്നത് ഇതിനാലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top