ട്രം‌പിന്റെ ലൈംഗീക വൈകൃതം തുറന്നുകാട്ടി എട്ടു സ്‌ത്രീകള്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്രം‌പ്

4288ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങളാണ് ചര്‍ച്ചയാകുന്നത്.

2005 ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ ആളിക്കത്തിയത്. അതിനുശേഷം എട്ടോളം സ്ത്രീകളാണ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. സ്ത്രീകളുടെ ആരോപണങ്ങളുടെ വിശദാംശങ്ങളും അവയ്ക്ക് ട്രംപ് നല്‍കിയ മറുപടിയും വായിക്കാം

1. ജെസീക്ക ലീഡ്‌സ്

1980 ല്‍ വിമാനത്തിനുളളില്‍ വെച്ചാണ് സംഭവം:

കണക്ടികട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ ട്രംപ് തന്റെ ശരീരഭാഗങ്ങളില്‍ അനുവാദമില്ലാതെ കയറിപ്പിടിച്ചെന്നും ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ചുവെന്നുമാണ് 74 വയസ്സുള്ള ജെസീക്കാ ലീഡ്‌സിന്റെ ആരോപണം. ന്യൂയോര്‍ക്ക് ടൈംസിനോടാണ് ഇവരുടെ വെളിപ്പെടുത്തല്‍. വിമാനത്തിലെ ജീവനക്കാര്‍ യാത്രയ്ക്കിടയില്‍ തനിക്ക് ഫസ്റ്റ് ക്ലാസിലെ സീറ്റ് അനുവദിച്ചെന്നും ഇത് ട്രംപിന്റെ തൊട്ടടുത്തുള്ള സീറ്റായിരുന്നുവെന്നും ഇവര്‍ പറയുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ട്രംപ് തന്റെ മാറിടത്തില്‍ പിടിച്ചുവെന്നും സ്‌കര്‍ട്ടിനുള്ളിലേക്ക് കൈ കടത്താന്‍ ശ്രമിച്ചുവെന്നും ജസീക്ക പറഞ്ഞു. ട്രംപിനെ നീരാളിയെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്.

ട്രംപിന്റെ പ്രതികരണം: ഈ സംഭവത്തെക്കുറിച്ചുള്ള ടൈംസിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ജെസീക്കയെ വെറുപ്പുളവാക്കുന്നവള്‍ എന്നു വിളിക്കുകയും ചെയ്തു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ പത്രം ഉടന്‍ മാപ്പുപറയണമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയും ചെയ്തു. ട്രംപിന്റെ പ്രചാരണ വിഭാഗം ഇതിനെതിരെ നിയമപരമായി നീങ്ങുകയാണെന്നാണ് കാംപെയ്‌നിലെ ഉന്നതകേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

2. മിന്‍ഡി മക്ഗില്ലിവ്രെ

2003 ല്‍ മാര്‍-എ-ലാഗോ ക്ലബില്‍ വെച്ച്:

ഫ്‌ളോറിഡയിലെ പാം സ്പ്രിംഗ് നിവാസിയായ 36 കാരിയാണ് ട്രംപിനെതിരെ ആരോപണവുമായെത്തിയിരിക്കുന്ന രണ്ടാമത്തെയാള്‍. 13 വര്‍ഷം മുമ്പ് ഒരു ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി റിസോര്‍ട്ടിലെത്തിയപ്പോള്‍ ട്രംപ് കയറിപ്പിടിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഭയചകിതയായ താന്‍ ഓടി പുറത്തു കടന്നെന്നും ഇവര്‍ പറയുന്നു. പാം ബീച്ച് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രംപിനു പറയാനുള്ളത്: ന്യൂയോര്‍ക്ക് ടൈംസിനെപ്പോലെ ഫ്‌ളോറിഡയിലെ ഈ പത്രത്തിനെതിരെയും കേസുകൊടുക്കുമെന്നാണ് ട്രംപിന്റെ പ്രചാരണ വിഭാഗം പറയുന്നത്.

3. റെയ്ചല്‍ ക്രൂക്ക്‌സ്

2005 ല്‍ ട്രംപ് ടവറിലെ ലിഫറിറിനുള്ളില്‍ വെച്ചാണ് സംഭവം:

ട്രംപിനെതിരേ രംഗത്ത് വന്ന മൂന്നാമത്തെയാള്‍ ബെയ്‌റോക് ഗ്രൂപ്പിലെ മുന്‍ റിസിപ്ഷനിസ്റ്റാണ്. ഒരു ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ട്രംപിനെ കണ്ടപ്പോള്‍ റെയ്ചല്‍ അഭിവാദ്യം ചെയ്തു. കമ്പനിയുടെ ബിസിനസ് പാര്‍ട്‌നറായ ട്രംപിനോട് സൗഹാര്‍ദ്ദപരമായി ഇടപെടുന്നതിന്റെ ഭാഗമായാണ് അഭിവാദ്യം ചെയ്തതെന്ന് റെയ്ചല്‍ പറയുന്നു. എന്നാല്‍ ഹലോ പറഞ്ഞ് ഷെയ്ക്ക് ഹാന്‍ഡ് തന്നശേഷം ട്രംപ് തന്റെ കവിളിലും ചുണ്ടിലും ചുംബിച്ചുവെന്ന് റെയ്ചല്‍ പറഞ്ഞു. മോശമായ പെരുമാറ്റമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അവര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. അയാള്‍ക്ക് അങ്ങനെ പെരുമാറാന്‍ സാധിക്കുന്നവിധം നിസാരയാണ് താനെന്ന് അയാള്‍ കരുതിയിട്ടുണ്ടാകുമെന്നോര്‍ത്ത് താന്‍ അസ്വസ്ഥതയായെന്നും അവര്‍ പറയുന്നു.

ട്രംപിന്റെ പ്രതികരണം: ന്യൂയോര്‍ക്ക് ടൈംസ് മെനഞ്ഞെടുത്ത കഥയാണിതെന്ന് ട്രംപിന്റെ വക്താവ് ജെയ്സണ്‍ മില്ലര്‍ പറഞ്ഞു. ട്രംപിനെ അപകീര്‍ത്തിപ്പെടുത്താന്‍ ന്യൂയോര്‍ക്ക് ടൈംസ് നുണ പറയുകയാണെന്നും മില്ലര്‍ പറഞ്ഞു. ട്രംപിനെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാണ് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ ആരോപണങ്ങളുമായി പത്രം രംഗത്തെത്തിയിരിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു.

4. നടാഷ സ്റ്റോണിനോഫ്

2005 ല്‍ മാര്‍-എ-ലാഗോയില്‍ വെച്ചാണ് സംഭവം:

പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ടറായ നടാഷ സ്റ്റോണിനോഫാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ച നാലാമത്തെ സ്ത്രീ. 2005 ല്‍ ട്രംപിന്റെയും മെലാനിയയുടെയും ഒന്നാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് അഭിമുഖത്തിനായി എത്തിയ തന്നെ ഭിത്തിയിലേക്ക് ചേര്‍ത്തു നിര്‍ത്തി അനുമതി ഇല്ലാതെ ട്രംപ് ചുംബിച്ചെന്ന് നതാഷ പറയുന്നു. ശാരാരീകമായി ഉപദ്രവിച്ചെന്നും നതാഷ പറയുന്നു.

ട്രംപിന്റെ പ്രതികരണം: സംഭവത്തെക്കുറിച്ചുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ട്രംപിന്റെ പ്രചാരണവിഭാഗം മറുപടി നല്‍കിയില്ല. എന്നാല്‍, ഇത്തരം സംഭവം നടന്നിട്ടില്ലെന്ന് പീപ്പിളിനോട് അവര്‍ പറഞ്ഞു. മെനഞ്ഞെടുത്ത ഈ കഥകളില്‍ യാതൊരു സത്യവുമില്ലെന്നും ട്രംപിന്റെ വക്താവ് പറഞ്ഞു.

5. പേരുവെളിപ്പെടുത്താത്ത ഒരു യുവതി

2010 ല്‍ ട്രംപ് ടവറില്‍:

ട്രംപ് ടവറിലെ ഉന്നത ഉദ്യോഗസ്ഥരുടെ മുറിയില്‍ നിന്ന് ചില പേപ്പറുകള്‍ എടുത്തുകൊണ്ടുവരാന്‍ തന്റെ സുഹൃത്തായ യുവതിയോട് പറഞ്ഞുവെന്ന് സിഎന്‍എന്നിലെ എറിന്‍ ബര്‍നറ്റ് പറഞ്ഞു. തുടര്‍ന്ന് ട്രംപ് യുവതിയെ ചുംബിച്ചു. താന്‍ ഞെട്ടിപ്പോയെന്ന് യുവതി ബര്‍നറ്റിനോട് പറഞ്ഞു. അവളോട് പ്രത്യേക താല്‍പര്യമുണ്ടെന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ തരാനും ട്രംപ് ആവശ്യപ്പെട്ടുവെന്നും ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞുവെന്ന് ബര്‍നറ്റ് പറഞ്ഞു.

ട്രംപിന്റെ പ്രതികരണം: സിഎന്‍എന്‍ വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ടെങ്കിലും ട്രംപിന്റെ പ്രചാരണ വിഭാഗം മറുപടി നല്‍കിയില്ല.

6. ടെമ്പിള്‍ ടാഗര്‍ട്ട്

1997 ലൂസിയാനയിലെ ഷ്രീവപോര്‍ട്ടില്‍ വെച്ചും പിന്നീട് ട്രംപ് ടവറില്‍ വെച്ചും:

മുന്‍ ‘മിസ് യൂട്ടാ’ ആയ ടെമ്പിള്‍ ടാഗര്‍ട്ടാണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന മറ്റൊരു സ്ത്രീ. മിസ് യുഎസ്എ റിഹേഴ്‌സലിനിടെ ട്രംപ് അനുവാദം കൂടാതെ ആലിംഗനം ചെയ്തുവെന്നും ചുംബിച്ചുവെന്നുമാണ് ടാഗര്‍ട്ടിന്റെ ആരോപണം. സൗന്ദര്യമത്സരം നടക്കുമ്പോള്‍ തനിക്ക് 21 വയസായിരുന്നുവെന്നും പിന്നീട് ട്രംപ് ടവറില്‍ വെച്ചും ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ട്രംപ് ടവറില്‍ വെച്ചും അനുവാദമില്ലാതെ ആലിംഗനം ചെയ്ത ട്രംപ് ചുംബിക്കുകയും ചെയ്തുവെന്ന് ഇവര്‍ എ്ന്‍ബിസിയോട് പറഞ്ഞു.

ട്രംപിന്റെ പ്രതികരണം: ആരാണ് അവരെന്നുപോലും തനിക്കറിയില്ലെന്നാണ് ട്രംപ് എന്‍ബിസിയോട് പറഞ്ഞത്. പൊതുസ്ഥലത്ത് വെച്ച് ചുംബിച്ചുവെന്നാണ് അവര്‍ പറയുന്നത്. ഞാന്‍ ഒരിക്കലും അവരെ ചുംബിച്ചിട്ടില്ല. ഈ ആരോപണത്തെ പൂര്‍ണമായും നിഷേധിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

7. ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍

1990 കളില്‍ മന്‍ഹാട്ടന്‍ നൈറ്റ്ക്ലബില്‍ വെച്ച്:

വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്ന സ്ത്രീ ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇന്ന് ഒരു ഫോട്ടോഗ്രാഫറായ ക്രിസ്റ്റിന്‍ 90-കളില്‍ ഒരു മോഡലായിരുന്നു. മന്‍ഹാട്ടനിലെ നൈറ്റ് ക്ലബില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോള്‍ ട്രംപ് തന്റെ മിനിസ്‌കര്‍ട്ടിലേക്ക് കൈകടത്താന്‍ ശ്രമിച്ചുവെന്നും ആദ്യം അതാരാണെന്നു മനസിലായില്ലെന്നും തള്ളി മാറ്റിയ ശേഷമാണ് അത് ട്രംപാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. സിഎന്‍എന്‍ ഇവരുടെ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല

ട്രംപിന്റെ പ്രതികരണം: അസംബന്ധമാണിതെന്നും സംഭവം നടക്കുമ്പോള്‍ ട്രംപ് മാത്രമാണോ നൈറ്റ് ക്ലബിലുണ്ടായിരുന്നതെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗം ചോദിക്കുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകള്‍ക്ക് മനസിലായില്ലെങ്കിലും ക്ലബിലുണ്ടായിരുന്നവര്‍ ആരും ട്രംപിനെ കണ്ടില്ലേ എന്നും അവര്‍ ചോദിക്കുന്നു. ട്രംപിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിതെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗം പറഞ്ഞു.

8. സമ്മര്‍ സെര്‍വോസ്

2007 ല്‍ ബെവേര്‍ലി ഹില്‍സിലെ ട്രംപിന്റെ ബംഗ്ലാവില്‍വച്ച്:

ഡൊണാള്‍ഡ് ട്രംപ് അവതാരകനായിരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദ അപ്രന്റീസിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥി ആയിരുന്ന സമ്മര്‍ സെര്‍വോസ് ആണ് ട്രംപിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി എത്തിയവരില്‍ ഒരാള്‍. 2007 ല്‍ ഒരു ജോലിതേടി സമീപിച്ച തന്നെ ട്രംപ് ഡിന്നറിന് ക്ഷണിച്ചതിനുശേഷം കടന്നുപിടിച്ചെന്നും ബലമായി ചുംബിച്ചെന്നും മാറിടത്തില്‍ പിടിച്ചുവെന്നും ലോസ് ഏഞ്ചലസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സമ്മര്‍ സെര്‍വോസ് ആരോപിച്ചു. ബെവേര്‍ലി ഹില്‍സിലെ ട്രംപിന്റെ ബംഗ്ലാവില്‍വച്ചായിരുന്നു സംഭവമെന്നും സെര്‍വോസ് പറയുന്നു. സിഎന്‍എന്‍ ഇവരുടെ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദ അപ്രന്റീസിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥി ആയിരുന്ന സമ്മര്‍ സെര്‍വോസിനെ ചെറുതായി ഓര്‍മ്മയുണ്ടെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ഞാന്‍ അവരെ 10 വര്‍ഷത്തിനു മുമ്പ് ഹോട്ടലില്‍ വെച്ച് കാണുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, ഈ വര്‍ഷം ഏപ്രില്‍ 14 ന് സെര്‍വേസ് സഹായമാവശ്യപ്പെട്ട് എന്നെ വിളിക്കുകയും ഇ-മെയില്‍ ചെയ്യുകയും ചെയ്തപ്പോള്‍ കാലിഫോര്‍ണിയയിലെ അവരുടെ റസ്റ്ററന്റില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News