മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അര്‍ഹനായി

radhakrishnan

കോഴിക്കോട്: മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. സമഗ്ര സാംസ്കാരിക സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. എം. മുകുന്ദന്‍ അധ്യക്ഷനും നോവലിസ്റ്റ് സേതു, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.

ശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍, സിനിമാപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ തിളങ്ങിയ സി. രാധാകൃഷ്ണന്‍ 60ല്‍പരം ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 19ാം വയസ്സിലാണ് ആദ്യ നോവലായ ‘നിഴല്‍ പക്ഷികള്‍’ എഴുതിയത്. ഇതിന് സാഹിത്യ അക്കാദമി അവാര്‍ഡും മാതൃഭൂമി പുരസ്കാരവും ലഭിച്ചു. ‘സ്പന്ദമാപിനികളെ നന്ദി’, തീക്കടല്‍ കടഞ്ഞ് തിരുമധുരം’, ‘മുന്‍പേ പറക്കുന്ന പക്ഷികള്‍’ എന്നിവ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. 1962ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 89ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 90ല്‍ വയലാര്‍ പുരസ്കാരം, 93ല്‍ മഹാകവി പി.ജി പുരസ്കാരം, മൂലൂര്‍ പുരസ്കാരം, 2010ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, 2011ല്‍ വള്ളത്തോള്‍ പുരസ്കാരം, 2016ല്‍ തകഴി സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1939 ഫെബ്രുവരി 15ന് മലപ്പുറത്ത് പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് സി.രാധാകൃഷണൻ ജനിച്ചത്. അച്ഛൻ പരപ്പുർ മഠത്തിൽ മാധവൻ നായർ, അമ്മ ചക്കുപുരയ്ക്കൽ ജാനകി അമ്മ. കെ. വത്സലയാണ് ഭാര്യ. മകൻ ഡോ. കെ.ആർ. ഗോപാൽ.

Print Friendly, PDF & Email

Leave a Comment