- Malayalam Daily News - https://www.malayalamdailynews.com -

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനമൊഴിയുന്നു; മുഖ്യമന്ത്രിക്ക് കത്തു നല്‍കി

vigilance-director-jacob-thomasതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുറുമുഖ വകുപ്പ് ഓഫിസുകളില്‍ കാര്യക്ഷമമല്ലാത്ത സോളാര്‍ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി ഖജനാവിന് നഷ്ടമുണ്ടായെന്നും ഇക്കാലയളവില്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി വേണമെന്നും സര്‍ക്കാറിന്റെ ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 52 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വലിയ തുറയിലെ തുറമുഖ വകുപ്പിന്റെ ആസ്ഥാനം മുതല്‍ കോഴിക്കോട് ബേപ്പൂര്‍ വരെയുള്ള 15 ഓഫിസുകളിലേക്കാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചത്.

ഇതോടെ ആരോപണവിധേയനായ ഡയറക്ടറെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും നിയമസഭയില്‍ അദ്ദേഹത്തിനെതിരേ രംഗത്തുവന്നിരുന്നു. മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന വിവാദത്തില്‍ ജേക്കബ് തോമസ് സര്‍ക്കാറുമായി ഒത്തുകളിക്കുന്നെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതുകൊണ്ട് മാത്രം ഇട്ടെറിഞ്ഞ് പോകില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ ആഭ്യന്തര സെക്രട്ടറിയെ സന്ദര്‍ശിച്ച ജേക്കബ് തോമസ് വിജിലന്‍സില്‍നിന്ന് മാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ വേണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് തന്നേക്കാള്‍ യോഗ്യരായവര്‍ ധാരാളമുണ്ടെന്നും അവരെ വിജിലന്‍സ് തലപ്പത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കത്തില്‍ തീരുമാനമെടുക്കും.

കൂട്ടിലെ തത്ത ക്ലിഫ് ഹൗസിനു ചുറ്റും പറന്നു നടക്കുന്നുവെന്ന വിഡി സതീശന്‍ എംഎല്‍എയുടെ നിയമസഭയിലെ പരാമര്‍ശവും ജേക്കബ് തോമസിന്റെ മനംമാറ്റത്തിന് കാരണമായി സൂചനയുണ്ട് . രാജിവച്ച മന്ത്രി ഇ.പി.ജയരാജനെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുമ്പ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടതാണ് സതീശനെ ചൊടിപ്പിച്ചത്.

കൂട്ടിലെ തത്ത സ്വതന്ത്രമാണെങ്കില്‍ രഹസ്യ കൂടിക്കാഴ്ച എന്തിനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചത്. തത്തയുടെ പേരില്‍ പോലും അഴിമതി ആരോപണമാണ്. തത്തയ്ക്ക് ആര് ചുവപ്പു കാര്‍ഡ് നല്‍കുമെന്നും ചെന്നിത്തല ചോദിച്ചു. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതുകൊണ്ട് താന്‍ നിലപാടുകളില്‍നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]