ഷൊര്‍ണൂര്‍: 2015ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു. കലാമണ്ഡലം സരസ്വതിക്കാണ് 35,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്ന ഫെല്ലോഷിപ്പ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം പുരസ്കാരം നല്‍കും.
10,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് കലാരത്നം. ശ്രീവത്സന്‍. ജെ. മേനോന് എം.കെ.കെ. നായര്‍ പുരസ്കാരവും ബാലചന്ദ്രന് വടക്കേടത്തിന് മുകുന്ദരാജ സ്മൃതി പുരസ്കാരവും സമ്മാനിക്കും. 25,000/- രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് എം.കെ.കെ. നായര്‍ പുരസ്കാരം. 5000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് മുകുന്ദരാജ സ്മൃതി പുരസ്കാരം.
25,000 രൂപയും കീര്‍ത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന കലാമണ്ഡലം അവാര്‍ഡുകള്‍ 11 പേര്‍ക്ക് നല്‍കും. കലാമണ്ഡലം രാമകൃഷ്ണന് (കഥകളി വേഷം), തിരുവല്ല ഗോപിക്കുട്ടന് നായര്‍ (കഥകളി സംഗീതം), കലാമണ്ഡലം രാധാകൃഷ്ണ മാരാര്‍(ചെണ്ട), കലാമണ്ഡലം ഹരിനാരായണന് ഗുരുവായൂര്‍(മദ്ദളം), മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള (ചുട്ടി), അന്നമനട പരമേശ്വരമാരാര്‍ (തിമില), കലാമണ്ഡലം രാജലക്ഷ്മി (നൃത്തം), വയലാര്‍ കൃഷ്ണന്‍കുട്ടി (തുള്ളല്‍), കലാമണ്ഡലം കൃഷ്ണകുമാര്‍ (കൂടിയാട്ടം), -ഡോ. ടി.എസ്. മാധവന്‍കുട്ടി (‘കളി കഥയ്ക്കപ്പുറം’ -കലാഗ്രന്ഥം), വിനോദ് മങ്കര (ഡോക്യുമെന്ററി പുരസ്കാരം (‘നിത്യകല്യാണി’) എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍.
3000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്ന വി.എസ്. ശര്‍മ എന്‍ഡോവ്മെന്റ് സുധ പീതാംബരനും 3000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്ന യുവപ്രതിഭ അവാര്‍ഡ് കലാമണ്ഡലം പി.വി. വൈശാഖിനും നല്‍കും. 8000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്ന പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്കാരത്തിന് കലാമണ്ഡലം രാധാകൃഷ്ണനും 9000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്ന വടക്കന്‍ കണ്ണന്‍നായരാശാന്‍ സ്മൃതിപുരസ്കാരത്തിന് കലാമണ്ഡലം മോഹനകൃഷ്ണനും 3000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്ന ഭാഗവതര്‍ കുഞ്ഞുണ്ണിത്തമ്പുരാന്‍ എന്‍ഡോവ്മെന്റിന് കലാമണ്ഡലം സുധീഷും അര്‍ഹരായി.
അവാര്‍ഡ് ജേതാക്കളുടെ വിശദാംശങ്ങള്‍ www. kalamandalam.org എന്ന വിലാസത്തില്‍ ലഭ്യമാണ്. നവംബര്‍ ഒമ്പതിന് വൈകിട്ട് നാലിന് കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കുന്ന കലാമണ്ഡലം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രി എ കെ ബാലന് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര് ചെയര്‍മാനും പന്തളം സുധാകരന് വൈസ് ചെയര്‍മാനും മടവൂര്‍ വാസുദേവന്‍ നായര്‍, പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, വാഴേങ്കട വിജയകുമാര്‍, വാസന്തി മേനോന്, കലാമണ്ഡലം നാരായണന്‍നായര്‍, കലാമണ്ഡലം പരമേശ്വരന്, കലാമണ്ഡലം ഉണ്ണികൃഷ്ണന്, കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം ഗിരിജ, കലാമണ്ഡലം രാംമോഹന്‍, സുഭാഷ്, ഡോ. കെ.കെ. സുന്ദരേശന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.
വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply